ഗുജറാത്ത് ഏറ്റുമുട്ടൽ കേസിൽ മോദിയെ കുറ്റക്കാരനാക്കാനായിരുന്നു ശ്രമമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി സർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ.
ദില്ലി: യുപിഎ ഭരണകാലത്ത് നരേന്ദ്രമോദിയെ കുടുക്കാൻ സഹായിക്കണമെന്ന് സിബിഐ തന്റെ മേൽ സമ്മർദ്ദം ചെലുത്തിയിരുന്നതായി ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണം. ഗുജറാത്ത് ഏറ്റുമുട്ടൽ കേസിൽ മോദിയെ കുറ്റക്കാരനാക്കാനായിരുന്നു ശ്രമമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി സർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ.
"മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിനെതിരെ വ്യാജ ഏറ്റുമുട്ടൽ കേസ് ആരോപിച്ച് കുടുക്കാൻ സിബിഐ ശ്രമിച്ചിരുന്നു. എന്നെ അവർ അതിന് സമ്മർദ്ദത്തിലാക്കിയിരുന്നു". അമിത് ഷാ പറഞ്ഞു. അതിന്റെ പേരിൽ ബിജെപി ഒരിക്കലും ബഹളങ്ങളുണ്ടാക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയ്ക്ക് സൂറത്ത് കോടതി ശിക്ഷ വിധിച്ചതിനെക്കുറിച്ചും അമിത് ഷാ അഭിപ്രായപ്പെട്ടു. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയും എം പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെടുകും ചെയ്ത ആദ്യ വ്യക്തയൊന്നുമല്ല രാഹുലെന്ന് അദ്ദേഹം പറഞ്ഞു. മേൽക്കോടതിയിലേക്ക് പോകാതെ നിലവിളിക്കുകയും സ്വന്തം വിധിയിൽ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുകയുമാണ് രാഹുൽ ചെയ്യുന്നതെന്നും അമിത് ഷാ പറഞ്ഞു. "കോൺഗ്രസ് തെറ്റിദ്ധാരണ പരത്തുകയാണ്. ശിക്ഷ സ്റ്റേ ചെയ്യാനൊന്നും പറ്റില്ല. ശിക്ഷാ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുൽ അപ്പീൽ നൽകിയിട്ടില്ല. എന്തൊരു ധാർഷ്ട്യമാണിത്. നിങ്ങൾക്കൊരു ഇളവ് വേണം, എംപിയായി തുടരണം പക്ഷേ കോടതിയിൽ പോകാൻ പറ്റില്ല". അമിത് ഷാ പരിഹസിച്ചു.
ലാലു പ്രസാദ് യാദവ്, ജെ ജയലളിത, റാഷിദ് അൽവി തുടങ്ങി 17 പ്രമുഖ നേതാക്കൾക്ക് ഇത്തരത്തിൽ അയോഗ്യത നേരിടേണ്ടിവന്നിട്ടുണ്ട്. കറുത്ത വസ്ത്രവും ധരിച്ച് അവരാരും പ്രതിഷേധം നടത്തിയിട്ടില്ല. അത് രാജ്യത്തിന്റെ നിയമമായതുകൊണ്ടാണ് അവരൊക്കെ അംഗീകരിച്ചത്. രാഹലിന്റെ അന്നത്തെ പ്രസംഗം കേട്ടുനോക്കൂ, പ്രധാനമന്ത്രി മോദിയെ മാത്രമല്ല മൊദി സമുദായത്തെയാകെയാണ് ആക്ഷേപിച്ചതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
