Asianet News MalayalamAsianet News Malayalam

കേരളത്തില്‍ ഗവര്‍ണര്‍ക്കുനേരെയുള്ള കൈയേറ്റ ശ്രമം കേന്ദ്രം ഗൗരവമായി കാണുന്നു: അമിത് ഷാ

ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് സംസാരിച്ച ആരിഫ് ഖാനെതിരെ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് അടക്കമുള്ളവര്‍ രംഗത്തുണ്ടായിരുന്നു.

Central government  took the incident very seriously; Amit shah on kerala governor Arif khan issue
Author
New Delhi, First Published Jan 3, 2020, 10:12 AM IST

ദില്ലി: കേരളത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുണ്ടായ കൈയേറ്റ ശ്രമത്തില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ക്കുനേരെ ഉണ്ടാകാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. കേന്ദ്രം വളരെ ഗൗരവമായാണ് ഈ സംഭവത്തെ കാണുന്നത്. ഗവര്‍ണര്‍ക്കുനേരെ കൈയേറ്റത്തിന് ശ്രമിച്ചയാള്‍ക്കുനേരെ സംസ്ഥാനം നടപടിയെടുക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. വിഷയം സര്‍ക്കാര്‍ പരിഗണനയിലാണെന്നും അദ്ദേഹം ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കണ്ണൂരില്‍ നടക്കുന്ന ചരിത്ര കോണ്‍ഗ്രസിനിടെയാണ് ഗവര്‍ണര്‍ ആരിഫ് ഖാനും പ്രതിനിധികളും തമ്മില്‍ പ്രശ്നമുണ്ടായത്. ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് സംസാരിച്ച ആരിഫ് ഖാനെതിരെ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് അടക്കമുള്ളവര്‍ രംഗത്തുണ്ടായിരുന്നു. മൗലാന അബുള്‍ കലാം ആസാദിനെ തെറ്റായി വ്യാഖ്യാനിച്ചെന്നാരോപിച്ച് ഇര്‍ഫാന്‍ ഹബീബ് ഗവര്‍ണറുടെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു.

ഗവര്‍ണറുടെ നടപടിയെ പ്ലക്കാര്‍ഡുയര്‍ത്തിയാണ് പ്രതിനിധികള്‍ വേദിയില്‍ പ്രതിഷേധിച്ചത്. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.  സംഭവം വന്‍ രാഷ്ട്രീയ വിവാദമായി മാറി. തനിക്കെതിരെ ആക്രമണ ശ്രമമുണ്ടായെന്ന് ഗവര്‍ണര്‍ ആരോപിച്ചു. രാജ്ഭവന്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചു. താന്‍ കൈയേറ്റത്തിന് ശ്രമിച്ചിട്ടില്ലെന്നും ചരിത്ര വസ്തുതകള്‍ തെറ്റായി വ്യാഖ്യാനിച്ചപ്പോള്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ഇര്‍ഫാന്‍ ഹബീബിന്‍റെ വിശദീകരണം.

 വിഷയത്തില്‍ ആദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിക്കുന്നത്. സംഭവത്തിന് ശേഷം പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെയും ഗവര്‍ണര്‍ വിമര്‍ശിച്ചു. പ്രമേയത്തിന് നിയമസാധുതയില്ലെന്നും ഭരണഘടനാവിരുദ്ധമാണെന്നുമായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം. 

Follow Us:
Download App:
  • android
  • ios