Asianet News MalayalamAsianet News Malayalam

ഒമ്പത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കേന്ദ്രസര്‍ക്കാരിന്‍റെ കൊവിഡ് വാര്‍ത്താസമ്മേളനം

39.62 ശതമാനമാണ് ഇന്ത്യയിലെ രോ​ഗമുക്തി നിരക്കെന്നും, ശരാശരി ഒരു ലക്ഷത്തിൽ 7.9 എന്ന തോതിലാണ് രോ​ഗബാധിതരുള്ളതെന്നും ലവ് അഗര്‍വാള്‍

Central Health ministry skips 9 days covid media briefing
Author
New Delhi, First Published May 20, 2020, 6:53 PM IST

ദില്ലി: ഇന്ത്യയില്‍ രോഗവ്യാപനം അതിതീവ്രമായപ്പോള്‍ കൊവിഡ് വാര്‍ത്താസമ്മേളനം നടത്തിയില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെ ആരോഗ്യമന്ത്രാലയം വീണ്ടും കാര്യങ്ങള്‍ വിശദമാക്കി രംഗത്തെത്തി. മെയ് 11 ന് ശേഷം നടത്താതിരുന്ന കൊവിഡ് വാര്‍ത്താസമ്മേളനം, കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലവ് അഗര്‍വാളാണ് ഇടവേളയ്ക്ക് ശേഷം വിവരങ്ങളുമായെത്തിയത്. രാജ്യത്ത് കൊവിഡ് മുക്തി നേടുന്നവരുടെ എണ്ണം തൃപ്തികരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 39.62 ശതമാനമാണ് ഇന്ത്യയിലെ രോ​ഗമുക്തി നിരക്കെന്നും, ശരാശരി ഒരു ലക്ഷത്തിൽ 7.9 എന്ന തോതിലാണ് രോ​ഗബാധിതരുള്ളതെന്നും ലവ് അഗര്‍വാള്‍ വിശദീകരിച്ചു. രാജ്യത്തെ കൊവിഡ് മരണനിരക്ക് 0.2 ശതമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയിലധികമായി വര്‍ധിച്ചപ്പോള്‍ കൊവിഡ് വാര്‍ത്താസമ്മേളനം നടത്താത്തതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നപ്പോഴും വാര്‍ത്താസമ്മേളനമുണ്ടായിരുന്നില്ല. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ഭീതിതമായ അവസ്ഥയാണ് ഇക്കാലയളവില്‍ ഉണ്ടായത്. ആയിരക്കണക്കിന് പുതിയ രോഗികളുടെ വാര്‍ത്തകളാണ് ഓരോ ദിവസവും ഇവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണസംഖ്യയും ക്രമതീതമായി ഉയരുന്നുണ്ട്.

മെയ് 11 ന് ശേഷം 3500 ലേറെ പുതിയ കേസുകള്‍ ഓരോ ദിവസവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിലും അയ്യായിരത്തിനടുത്താണ് പുതിയ രോഗികളുടെ എണ്ണം. മെയ് 11 മുതല്‍ 20 വരെയുള്ള ദിവസങ്ങളിലെ ഇന്ത്യയുടെ രോഗവ്യാപനത്തിന്‍റെ തോത് 59 ശതമാനമാണ് ഉയര്‍ന്നത്. ഇക്കാലയളവില്‍ 67152 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.  ഈ ദിവസങ്ങളിലൊന്നും കേന്ദ്രത്തിന്‍റെ കൊവിഡ് വാര്‍ത്താ സമ്മേളനം ഉണ്ടായിരുന്നില്ല. ഇതിനിടെ ധനമന്ത്രി വാര്‍ത്താ സമ്മേളനം നടത്തിയെങ്കിലും സാമ്പത്തിക പാക്കേജിനെക്കുറിച്ചല്ലാതെ മറ്റൊന്നും പരാമര്‍ശിച്ചിരുന്നില്ല.

രോഗവ്യാപനം തീവ്രമായി തുടങ്ങിയതുമുതലാണ് കൊവിഡ് വാര്‍ത്താസമ്മേളനം കുറഞ്ഞതെന്ന് വിമര്‍ശകര്‍ ചൂണ്ടികാണിക്കുന്നു. ഏപ്രില്‍ 21 ന് ശേഷമാണ്  ഇതെന്നും കണക്കുള്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ 21 ന് ശേഷം രോഗവ്യാപനം തീവ്രമായതുമുതല്‍ മെയ് 19 വരെ കേന്ദ്രആരോഗ്യമന്ത്രാലയം 11 തവണ മാത്രമാണ് രാജ്യത്തെ അഭിസംബോധന ചെയ്തത്. മെയ് 11 മുതല്‍ 19 വരെ കൊവിഡ് വാര്‍ത്താസമ്മേളനമേ ഉണ്ടായിരുന്നില്ല.

അതേസമയം രാജ്യത്ത് ആദ്യത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം  മാര്‍ച്ച് 25 മതുല്‍ ഏപ്രില്‍ 20 വരെ എല്ലാ ദിവസവും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ വാര്‍ത്താ സമ്മേളനം ഉണ്ടായിരുന്നു. ഒടുവില്‍ ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷം ഇന്നാണ് കൊവിഡ് വിവരങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. അതേസമയം രോഗവ്യാപനം വീണ്ടും ശക്തമായപ്പോള്‍ കേരളത്തില്‍ അവധി ദിവസങ്ങളിലും, പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം നടന്ന ദിവസവും, ധനമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്‍റെ ആദ്യ ദിവസവും മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ കൊവിഡ് വാര്‍ത്താസമ്മേളനം ഒഴിവാക്കിയത്.

രാജ്യത്ത് രോ​ഗമുക്തി നേടുന്നവരുടെ എണ്ണം തൃപ്തികരമെന്ന് ആരോ​ഗ്യമന്ത്രാലയം

Follow Us:
Download App:
  • android
  • ios