ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തിനിടെ, നീറ്റ് പരീക്ഷാ നടത്തിപ്പിൽ പരിഷ്കരണം. അടുത്ത വർഷം മുതൽ നീറ്റ് യുജി പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടേതാണ് പ്രഖ്യാപനം. 

ദില്ലി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തിനിടെ പരീക്ഷാ നടത്തിപ്പിൽ പരിഷ്കരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. അടുത്ത വർഷം മുതൽ നീറ്റ് യുജി പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പ്രഖ്യാപിച്ചു. നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ തന്നെ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Add Asianetnews as a Preferred SourcegooglePreferred

ഇപ്പോഴത്തെ പ്രശ്നങ്ങളുടെ മൂലകാരണം ഒഎംആർ അധിഷ്ഠിത പരീക്ഷയാണെന്നും അടുത്ത വർഷം മുതൽ നീറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി നടത്തുമെന്നും മന്ത്രി പറഞ്ഞു. അതേസമയം നീറ്റ് പുനപരീക്ഷ ജൂൺ 21ന് നടക്കുമെന്നും മന്ത്രി അറിയിച്ചു.

മെയ് മൂന്ന്, ഏഴ് തീയതികളിലായിരുന്നു നീറ്റ് പരീക്ഷ നടന്നത്. ചോദ്യപ്പേപ്പറിൽ ഉണ്ടായിരുന്ന ചില ചോദ്യങ്ങൾ ഗസ് പേപ്പറിൽ ഉണ്ടായിരുന്നുവെന്ന് കാട്ടി നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് പരാതി ലഭിച്ചു. ഉടൻതന്നെ ഉന്നത വിദ്യാഭ്യാസ വകുപ്പ് അടിയന്തര അന്വേഷണം പ്രഖ്യാപിക്കുകയും ഇത് സർക്കാർ ഏജൻസിക്ക് കൈമാറുകയും ചെയ്തു. മെയ് 12ന് സംസ്ഥാന ഏജൻസികളെ ബന്ധപ്പെട്ട ശേഷം ചോദ്യപേപ്പർ ചോർച്ച സ്ഥിരീകരിച്ചുവെന്നും മന്ത്രി അറിയിച്ചു.

തട്ടിപ്പുകാരായ ഉദ്യോഗാർത്ഥികളുടെ ചതിക്കുഴികളോ വിദ്യാഭ്യാസ മാഫിയയുടെ ഗൂഢാലോചനകളോ കാരണം അർഹരായ ഒരു വിദ്യാർത്ഥിക്കും അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല. ഈ തീരുമാനം രാജ്യത്തുടനീളം, പ്രത്യേകിച്ച് വിദ്യാർത്ഥി സമൂഹത്തിനിടയിൽ രണ്ട് വ്യത്യസ്ത അഭിപ്രായങ്ങൾക്ക് വഴിവെച്ചു. തങ്ങൾ ഈ രണ്ട് കാഴ്ചപ്പാടുകളെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിന് ഒരു പരിഹാരം കണ്ടെത്തുക എന്നത് ഉത്തരവാദിത്തമായി കണക്കാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ക്രമക്കേടുകളോട് തങ്ങൾക്ക് സഹിഷ്ണുതയില്ലെന്നും പരീക്ഷാ മാഫിയക്കെതിരായ നീണ്ട പോരാട്ടമാണിതെന്നും മന്ത്രി പറഞ്ഞു. ചോദ്യപ്പേപ്പർ ചോർച്ചയിൽ വിശദമായ അന്വേഷണം സിബിഐ നടത്തുമെന്നും മന്ത്രി ധർമേന്ദ്ര പ്രധാൻ കൂട്ടിച്ചേർത്തു.