കൊച്ചി മോഡൽ വാട്ടർ മെട്രോ വിവിധ നഗരങ്ങളിൽ നടപ്പിലാക്കും. ഗുവാഹത്തി, ശ്രീനഗർ, പാട്ന, വാരാണസി, അയോധ്യ, പ്രയാഗ്‍രാജ് എന്നീ ന​ഗരങ്ങളിൽ ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കാൻ തീരുമാനം. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 

ദില്ലി: കൊച്ചിയിൽ വിജയകരമായി സർവീസ് നടത്തുന്ന വാട്ടർ മെട്രോ മാതൃകയാക്കി രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാൻ കേന്ദ്രസർക്കാർ. ഗുവാഹത്തി, ശ്രീനഗർ, പട്ന, വാരാണസി, അയോധ്യ അടക്കം 18 നഗരങ്ങളിൽ വിവിധ ഘട്ടങ്ങളിലായി വാട്ടർ മെട്രോ പദ്ധതി നടപ്പിലാക്കാൻ കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ആദ്യഘട്ടത്തിൽ ഗുവാഹത്തി, ശ്രീനഗർ, പാട്ന, വാരാണസി, അയോധ്യ, പ്രയാഗ്‍രാജ് എന്നീ ന​ഗരങ്ങളിലാണ് പദ്ധതി നടപ്പിലാക്കുക. രണ്ടാംഘട്ടത്തിൽ അസമിലെ തേസ്പുരിലും ദിബ്രു​ഗഡിലും പദ്ധതി നടപ്പിലാക്കും. കഴിഞ്ഞ വ‌ർഷം ഫെബ്രുവരിയിൽ, പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി 18 ന​ഗരങ്ങളിൽ സാധ്യത പഠനം നടത്താൻ ഇൻലാൻഡ് വാട്ടർവേഴ്സ് അതോറിറ്റി ഓഫ് ഇന്ത്യ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിരുന്നു.

രാജ്യത്തെ ഉൾനാടൻ ​ജലപാതകളെ കാര്യക്ഷമമായ നഗര ഗതാഗത ഇടനാഴികളാക്കി മാറ്റുന്നതിനും ജലസമൃദ്ധമായ നഗരങ്ങളിലെ ടൂറിസം മേഖലയ്ക്ക് ഉണർവേകുന്നതിനുമാണ് ഈ വിപുലീകരണം ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വാട്ട‍ർ മെട്രോ പദ്ധതിയുടെ വിപുലീകരണത്തിൻ്റെ ഭാ​ഗമായി കേന്ദ്രസർക്കാർ ദേശീയ വാട്ടർ മെട്രോ നയത്തിന്റെ കരടുരേഖ തയ്യാറാക്കാനുള്ള നടപടിക്രമങ്ങളും നടത്തിവരികയാണ്. ന​ഗര ജല​ഗതാ​ഗത സംവിധാനങ്ങളുടെ പ്രവ‍ർത്തനം, സാങ്കേതിക സംവിധാനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയടക്കം ഉൾപ്പെടുത്തി രാജ്യവ്യാപക ചട്ടക്കൂട് തയ്യാറാക്കാനാണ് കേന്ദ്രസർക്കാരിൻ്റെ നീക്കം.

കൊച്ചിയിൽ 2023 ഏപ്രിൽ 26നാണ് വാട്ട‍ർ മെട്രോ പ്രവർത്തനം ആരംഭിച്ചത്. മൂന്നുവർഷത്തിനുള്ളിൽ 65 ലക്ഷം യാത്രക്കാർ വാട്ടർ മെട്രോയിൽ യാത്ര ചെയ്തു. നിലവിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 7000 ആണ്. മട്ടാഞ്ചേരി റൂട്ടിലേക്കും സർവീസ് ആരംഭിച്ചതിനെ തുട‍ർന്ന് പ്രതിദിന വരുമാനം 2.5 ലക്ഷം കവിഞ്ഞു. കൂടുതൽ റൂട്ടുകളിലേക്ക് കൂടി സർവീസ് ആരംഭിച്ചു, പ്രതിദിന യാത്രക്കാരുടെ എണ്ണം 8000ത്തിലേക്ക് ഉയർത്താനാണ് കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിൻ്റെ നീക്കം.