ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും കലാപരമായ പൈതൃകത്തിന്റെയും തെളിവാണ് തനിക്ക് ലഭിച്ച സമ്മാനങ്ങളുടെ വിപുലമായ ശ്രേണിയെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങളുടെയും മെമന്റോകളുടെയും പ്രദര്‍ശനം ന്യൂഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ ആരംഭിച്ചു. ഇന്ത്യയിലുടനീളമുള്ള വിവിധ പരിപാടികളിൽ പങ്കെടുക്കവെ പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങളും മെമന്റോകളുമാണ് പ്രദര്‍ശനത്തിലുള്ളത്. ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും കലാപരമായ പൈതൃകത്തിന്റെയും തെളിവാണ് ഇവയെന്ന് പ്രധാനമന്ത്രി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചു.
പതിവുപോലെ ഈ സമ്മാനങ്ങളും ലേലം ചെയ്യുമെന്നും അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഗംഗാ പുനരുജ്ജീവന പദ്ധതിയായ നമാമി ഗംഗേ സംരംഭത്തിനായി കൈമാറുമെന്നും മോദി അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങളും മെമന്റോകളും സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ നേരിട്ട് എത്താന്‍ സാധിക്കാത്തവര്‍ക്ക് https://pmmementos.gov.in എന്ന വെബ്‍സൈറ്റ് വഴിയും ഇവ സ്വന്തമാക്കാനാവും.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ് ഇങ്ങനെ:
Read also: 'ത്രിശക്തി' രാജ്യത്തിന്റെ കരുത്ത് കൂട്ടും: രാജസ്ഥാനില്‍ 7000 കോടിയുടെ പദ്ധതികളുമായി പ്രധാനമന്ത്രി
അതേസമയം തിങ്കളാഴ്ച രാജസ്ഥാനിലെ ചിത്തോർഗഢിൽ 7000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. മെഹ്‌സാന – ബഠിണ്ഡ - ഗുരുദാസ്പൂർ വാതക പൈപ്പ്‌ലൈൻ, ആബു റോഡിലെ എച്ച്‌പിസിഎല്ലിന്റെ എൽപിജി പ്ലാന്റ്, ഐഒസിഎൽ അജ്മീർ ബോട്ട്‌ലിങ് പ്ലാന്റിലെ അധിക സംഭരണം, റെയിൽവേ- റോഡ് പദ്ധതികൾ, നാഥ്ദ്വാരയിലെ വിനോദസഞ്ചാര സൗകര്യങ്ങൾ, കോട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയുടെ സ്ഥിരം ക്യാമ്പസ് എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു.
ചടങ്ങില്‍ സംസാരിക്കവെ മഹാത്മാഗാന്ധിയുടെയും ലാൽ ബഹാദൂർ ശാസ്ത്രിയുടെയും ജന്മവാർഷികങ്ങൾ പ്രധാനമന്ത്രി അനുസ്മരിച്ചു. ഒക്‌ടോബർ ഒന്നിന് രാജ്യത്തുടനീളം നടന്ന ശുചീകരണ യഞ്ജം അദ്ദേഹം ബഹുജനമുന്നേറ്റമാക്കി മാറ്റിയതിന് ജനങ്ങള്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു.
