പോക്സോ പീഡന കേസിൽ പ്രതിയെ ഛണ്ഡീഗഡ് ജില്ലാ കോടതി വെറുതെവിട്ടു. പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതും, പ്രതിക്കൊപ്പം വിവാഹ വിരുന്നിൽ അതിജീവിത സന്തോഷത്തോടെ നിൽക്കുന്ന ഫോട്ടോയും കോടതി തെളിവായി സ്വീകരിച്ചു
ഛണ്ഡീഗഡ്: പ്രതിക്കൊപ്പം വിവാഹ വിരുന്നിൽ അതിജീവിത ചിരിച്ചുനിൽക്കുന്ന ഫോട്ടോയടക്കം തെളിവായി സ്വീകരിച്ച് പോക്സോ പീഡന കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു. ഛണ്ഡീഗഡ് ജില്ലാ കോടതിയുടേതാണ് വിധി. പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് തെളിയിക്കാൻ പരാതിക്കാരനായ കുട്ടിയുടെ പിതാവിന് സാധിച്ചില്ല. പെൺകുട്ടിയെ ബലാൽക്കാരമായി പീഡിപ്പിച്ചുവെന്ന് തെളിയിക്കുന്നതിലും ഇവർ പരാജയപ്പെട്ടു. ഇതോടെയാണ് കേസിൽ വിചാരണക്ക് ശേഷം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്‌ജ് ഡോ.യാഷിക പ്രതിയെ കുറ്റവിമുക്തനാക്കിയത്.
പെൺകുട്ടിയുടെ പിതാവ് 2023 മെയ് 14 നാണ് ഛണ്ഡീഗഡ് പൊലീസിൽ പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയെന്ന് പരാതി നൽകിയത്. മെയ് 12 ന് തന്റെ 15 വയസ്സുള്ള മകൾ ആരെയും അറിയിക്കാതെ വീട് വിട്ടുപോയെന്നും, പ്രതിയായ യുവാവ് പ്രണയം നടിച്ച് വിവാഹ വാഗ്‌ദാനം നൽകി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയെന്നുമായിരുന്നു പരാതി. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പെൺകുട്ടിയുടെ അസ്ഥി, പല്ല് എന്നിവയുടെ പ്രായം ശാസ്ത്രീയമായി പരിശോധിച്ചു. അസ്ഥി പ്രായം 15-16 വയസ്സും പല്ലിന് 14-16 വയസ്സുമെന്നാണ് കണ്ടെത്തിയത്. തുടർന്ന് ഐപിസി 363 (തട്ടിക്കൊണ്ടുപോകൽ), 376 (2) (n) (ബലാത്സംഗം), പോക്സോ നിയമത്തിലെ 4, 6 വകുപ്പുകളും പ്രകാരമാണ് കേസെടുത്തത്. എന്നാൽ പെൺകുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്തതടക്കം പ്രായം തെളിയിക്കുന്ന ഔദ്യോഗിക രേഖകൾ ഹാജരാക്കാൻ പെൺകുട്ടിയുടെ പിതാവിന് സാധിച്ചില്ല.
രണ്ട് ഓഫീസർമാർക്ക് മുന്നിൽ പരാതിക്കാരനായ പിതാവും മകളും വ്യത്യസ്തമായ മൊഴികൾ നൽകിയെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. ശാസ്ത്രീയ പരിശോധന അസ്ഥിയുടെയും പല്ലിൻ്റെയും പ്രായം കൃത്യമല്ലാതിരിക്കാനുള്ള സാധ്യതയും ഇത് 0-2 വർഷം വരെ കൂടാമെന്ന വിലയിരുത്തലും കോടതി മുഖവിലക്കെടുത്തു. 2023 മെയ് 12 നാണ് കുറ്റകൃത്യം നടന്നതെന്ന് അനുമാനിച്ചാലും പെൺകുട്ടിക്ക് 18 വയസ് പ്രായമുണ്ടെന്ന് കണക്കാക്കേണ്ടി വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതിയുടെയും പരാതിക്കാരൻ്റെയും വീടുകൾ ഒരേ പ്രദേശത്താണെന്ന് തെളിഞ്ഞതും അതിനാൽ തട്ടിക്കൊണ്ടുപോയെന്ന ആരോപണം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.
വിവാഹത്തിന്റെയും 200 ലേറെ പേർ പങ്കെടുത്ത റിസപ്‌ഷൻ്റെയും ഫോട്ടോകളിൽ പെൺകുട്ടി പ്രതിക്കൊപ്പം സന്തോഷവതിയായി നിൽക്കുന്നതാണ് കാണുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് അനുമാനിക്കേണ്ടി വരുമെന്നും അതിനാൽ പോക്സോ വകുപ്പുകൾ നിലനിൽക്കില്ലെന്ന് വ്യക്തമാക്കി. ബലാത്സംഗം നടന്നെങ്കിൽ അതിൽ പരാതിപ്പെടാൻ പെൺകുട്ടിക്ക് സാധിക്കുമായിരുന്നു. എന്നാൽ അങ്ങനെയൊന്ന് ഇവിടെയുണ്ടായില്ല. പെൺകുട്ടിയുടെയും പിതാവിൻ്റെയും മൊഴികളിൽ വൈരുദ്ധ്യമുണ്ട്. അതിനാൽ പരാതി
ഇരയുടെയും പിതാവിന്റെയും മൊഴികളിൽ സാരമായ വൈരുദ്ധ്യങ്ങൾ കണ്ടെത്തിയ കോടതി, പ്രോസിക്യൂഷൻ വാദത്തിൽ സംശയം പ്രകടിപ്പിച്ചു. പ്രതി പെൺകുട്ടിയെ പ്രണയിച്ചത് തെറ്റായ രീതിയിൽ ജീവിതം നയിക്കാനായിരുന്നില്ല. ഇരുവരും വിവാഹം കഴിച്ച സാഹചര്യം കണക്കാക്കുമ്പോൾ അവിഹിത ബന്ധം നയിക്കാനാണെന്ന് കരുതാനാവില്ല. പെൺകുട്ടി സ്വമേധയാ ഇറങ്ങിപ്പോയതിനാൽ തട്ടിക്കൊണ്ടുപോകലും നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ വെറുതെവിട്ടത്.
