അമരാവതി: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവും മകന്‍ നരാ ലോകേഷും അമരാവതിയിൽ വീട്ടുതടങ്കലിൽ തുടരുന്നു. ഇന്ന് വൈകിട്ട് വരെ വീട്ടുതടങ്കൽ തുടരുമെന്ന് ആന്ധ്ര പൊലീസ് വ്യക്തമാക്കി. ക്രമസമാധാന പ്രശ്നം മുൻനിർത്തിയാണ് നടപടിയെന്നാണ് വിശദീകരണം. വൈഎസ്ആർ കോൺഗ്രസിന്‍റെ അക്രമരാഷ്ട്രീയത്തിനെതിരെ ഗുണ്ടൂരിൽ ടിഡിപി റാലി നടത്തുന്നതിന് തൊട്ടുമുമ്പാണ് ഇരുവരെയും പൊലീസ് വീട്ടുതടങ്കലില്‍ ആക്കുന്നത്. 

'ചലോ ആത്മാക്കുർ' എന്ന റാലിക്കാണ് ചന്ദ്രബാബു നായിഡു ആഹ്വാനം ചെയ്തിരുന്നത്. ആയിരക്കണക്കിന് പ്രവർത്തകരോട് ഗുണ്ടൂരിലെത്താൻ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിരുന്നു. ജഗൻ മോഹൻ റെഡി സർക്കാരിനും വൈഎസ്ആർസിപിയുടെ കൊലപാതക രാഷ്ട്രീയത്തിനും എതിരെയുള്ള പ്രതിഷേധമായിരുന്നു റാലി. എന്നാൽ രാവിലെ റാലി തുടങ്ങും മുൻപേ നായിഡുവും മകനും അമരാവതിയിലെ വീട്ടിൽ തടങ്കലിൽ ആയി. അമരാവതിയിലെ ചന്ദ്രബാബു നായിഡുവിൻ്റെ വീട്ടിലെ പ്രധാന ഗേറ്റ് പൊലീസ് പൂട്ടി. ടിഡിപിയുടെ പ്രധാന നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്.

അതേസമയം, പൊലീസ് എപ്പോൾ പിന്മാറുന്നോ അപ്പോൾ ചലോ ആത്മകുർ എന്ന റാലിയുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് ചന്ദ്രബാബു നായിഡു. വൈ എസ് ആർ കോൺഗ്രസിന്റെ അക്രമങ്ങൾക്കെതിരെ ഗുണ്ടുരിൽ റാലി നടത്താനിരിക്കെയാണ് ഇന്നലെ രാവിലെ ആന്ധ്ര മുൻ മുഖ്യമന്ത്രിയെ വീട്ടുതടങ്കലിൽ ആക്കിയത്. ടിഡിപിയുടെ പ്രധാന നേതാക്കളെല്ലാം തടവിലാണ്. ടിഡിപി പ്രതിഷേധം കണക്കിലെടുത്ത് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി.