ഹെലികോപ്റ്റര്‍ ടിക്കറ്റിന് മുന്‍ഗണന ലഭിക്കുന്നതിനായി മുന്‍ കശ്മീര്‍ മുഖ്യമന്ത്രി മെഹ്‍ബൂബ മുഫ്തിയുടെ വ്യാജ ഒപ്പിട്ടയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.

ശ്രീനഗര്‍: ക്ഷേത്ര ദര്‍ശനത്തിന് ഹെലികോപ്റ്റര്‍ ടിക്കറ്റ് ലഭിക്കാന്‍ മുന്‍ഗണന കിട്ടുന്നതിന് വേണ്ടി മുന്‍ കശ്മീര്‍ മുഖ്യമന്ത്രി മെഹ്‍ബൂബ മുഫ്തിയുടെ വ്യാജ ഒപ്പിട്ടയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. സന്ദീപ് കൗള്‍ എന്നയാള്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. സ്ഥിരമായി ആള്‍മാറാട്ടങ്ങളും തട്ടിപ്പുകളും നടത്തുന്ന കുപ്രസിദ്ധ കുറ്റവാളിയാണ് സന്ദീപ് കൗളെന്ന് പൊലീസ് പറഞ്ഞു. 

മാതാ വൈഷ്ണോ ദേവി ക്ഷേത്ര ബോര്‍ഡ് അധികൃതരില്‍ നിന്ന് ഹെലികോപ്റ്റര്‍ ടിക്കറ്റിന് മുന്‍ഗണന ലഭിക്കുന്നതിനായാണ് ഇയാള്‍ മെഹ്ബൂബ മുഫ്തിയുടെ വ്യാജ ഒപ്പിട്ട കത്ത് തയ്യാറാക്കിയത്. ക്ഷേത്ര ദര്‍ശനത്തിനെത്താന്‍ ഹെലികോപ്റ്റര്‍ ടിക്കറ്റ് ലഭിക്കുന്നതിന് മുന്‍ഗണന ആവശ്യപ്പെട്ടാണ് കത്ത്.

Read More: ജീവനക്കാരെ കയ്യേറ്റം ചെയ്തു, പൈലറ്റിനെ ഭീഷണിപ്പെടുത്തി, എയര്‍ ഇന്ത്യയില്‍ യാത്രക്കാരുടെ കയ്യാങ്കളി

കത്രയിലെ ശ്രീ മാത വൈഷ്ണോ ദേവി ക്ഷേത്ര ബോര്‍ഡിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറിനെ അഭിസംബോധന ചെയ്താണ് ഇയാള്‍ മെഹ്ബൂബ മുഫ്തിയുടെ പേരില്‍ വ്യാജ കത്തെഴുതിയത്. കത്ത് വ്യാജമാണെന്ന് കണ്ടെത്തിയതോടെ ജമ്മു ക്രൈംബ്രാഞ്ച് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍റെ വ്യാജ ഒപ്പിട്ട കേസിലും ഇയാള്‍ കുറ്റാരോപിതനാണ്. ജമ്മുവില്‍ ട്രാവല്‍ ഏജന്‍സി നടത്തുകയാണ് സന്ദീപ് കൗള്‍.