പാണിട്ടോല, ചബുവ റെയില്‍വേ സ്റ്റേഷനുകള്‍ക്കാണ് തീയിട്ടത്. ഇരു സംസ്ഥാനങ്ങളിലും നൂറുകണക്കിന് വാഹനങ്ങള്‍ക്കും തീയിട്ടു. ദേശീയ, സംസ്ഥാന പാതകള്‍ പ്രക്ഷോഭകാരികള്‍ തടഞ്ഞു. പ്രക്ഷോഭത്തിനിടെ ഒരാള്‍ മരിച്ചതായും സംശയമുണ്ട്.
ദില്ലി: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിനെ തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ശക്തമാകുന്നു. അസമിലും ത്രിപുരയിലും പ്രക്ഷോഭവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി. അസമിലെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് പ്രക്ഷോഭകാരികള്‍ തീയിട്ടു. പാണിട്ടോല, ചബുവ റെയില്‍വേ സ്റ്റേഷനുകള്‍ക്കാണ് തീയിട്ടത്. ഇരു സംസ്ഥാനങ്ങളിലും നൂറുകണക്കിന് വാഹനങ്ങള്‍ക്കും തീയിട്ടു. ദേശീയ, സംസ്ഥാന പാതകള്‍ പ്രക്ഷോഭകാരികള്‍ തടഞ്ഞു. പ്രക്ഷോഭത്തിനിടെ ഒരാള്‍ മരിച്ചതായും സംശയമുണ്ട്.
അസമിലും ത്രിപുരയിലും ചില ജില്ലകളില്‍ അനിശ്ചിത കാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അസമിലെ ലഖിംപുര്‍, തിന്‍സുകിയ, ദേമാജി, ദിബ്രുഗഡ്, ചാരായിദിയോ, ശിവസാഗര്‍, ജോര്‍ഘട്ട്, കാംരൂപ് ജില്ലകളില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. നിരവധിയിടങ്ങളില്‍ ട്രെയിനുകള്‍ തടഞ്ഞു. പ്രക്ഷോഭം വ്യാപിച്ചതിനെ തുടര്‍ന്ന് 12ഓളം ട്രെയിനുകള്‍ ഭാഗികമായോ പൂര്‍ണമായോ റദ്ദാക്കി. ഗുവാഹത്തിയില്‍ കേന്ദ്രസേനയെ വിന്യസിച്ചു. അസം റൈഫിള്‍സിനെയും പ്രക്ഷോഭകാരികളെ നേരിടാന്‍ രംഗത്തിറക്കിയിട്ടുണ്ട്. ത്രിപുരയിലും കേന്ദ്ര സേനയെ വിന്യസിച്ചു.
നാഗാലാന്‍ഡില്‍ യൂത്ത് കോണ്‍ഗ്രസ് ബില്ലിനെതിരെ രംഗത്തിറങ്ങി. അസമില്‍ കൃഷക് മുക്തി സന്‍ഗ്രം എന്ന സംഘടന അനിശ്ചിത കാലത്തേക്ക് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് സൈനിക കേന്ദ്രം വ്യക്തമാക്കി. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ലോക്പ്രിയ ഗുവാഹത്തി അന്താരാഷ്ട്ര വിമാത്താവളത്തില്‍ മണിക്കൂറുകളോളം കുടുങ്ങി. തെസ്പൂരിലേക്ക് പിന്നീട് ഹെലികോപ്ടറിലാണ് മുഖ്യമന്ത്രി തിരിച്ചത്.
