സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ വിവാഹം കഴിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പത്തൊൻപതുകാരന്‍റെ ഭീഷണി. ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കിയശേഷം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

ചെന്നൈ : ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിൽ കയറി യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയതിനെത്തുടർന്ന് ചെന്നൈ നഗരത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതിവിതരണം മുടങ്ങി. സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ വിവാഹം കഴിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പത്തൊൻപതുകാരന്‍റെ ഭീഷണി. ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കിയശേഷം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

ചെന്നൈ ക്രോംപേട്ടിലെ ഇലക്ട്രിക് ടവർ പോസ്റ്റിന്‍റെ തുഞ്ചത്തേക്ക് കയറിയിട്ടായിരുന്നു ക്രോംപേട്ട് രാധാനഗർ സ്വദേശിയായ കിഷോറിന്‍റെ ആത്മഹത്യാഭീഷണി. പത്തൊൻപത് വയസുള്ള പെയിന്‍റിംഗ് തൊഴിലാളിയാണ് ഇയാൾ. ഇതേ പ്രദേശത്തുള്ള പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ വിവാഹം കഴിക്കണം എന്നായിരുന്നു ആവശ്യം. രാവിലെ പെൺകുട്ടിയുടെ വീട്ടിലെത്തി വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. വീട്ടുകാർ ബഹളം വച്ചതോടെയാണ് തൊട്ടടുത്തുള്ള പോസ്റ്റിൽ കയറിയത്. അൻപതടി ഉയരമുള്ള പോസ്റ്റിൽ കയറാൻ തുടങ്ങിയപ്പോഴേ നാട്ടുകാർ ക്രോംപേട്ട് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് വൈദ്യുതി ബോർഡ് അധികൃതരുമായി ബന്ധപ്പെട്ട് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈനായതുകൊണ്ട് ക്രോംപേട്ട്, താംബരം, പല്ലാവരം തുടങ്ങിയ നഗരത്തിലെ പ്രധാന പ്രദേശങ്ങളിലെല്ലാം വൈദ്യുതി മുടങ്ങി.

അഗ്നിരക്ഷാസേനയും പൊലീസും രണ്ടു മണിക്കൂറോളം അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് വഴങ്ങിയില്ല. താഴെ വല വിരിച്ച് കാത്തിരിപ്പ് തുടർന്നു. ഒടുവിൽ പെൺകുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ച ശേഷം പെൺകുട്ടിയെ ടവറിന് സമീപമെത്തിച്ചു. വിവാഹം നടത്തിക്കൊടുക്കാം എന്ന് വിശ്വസിപ്പിച്ചശേഷം ഇയാളെ താഴെയിറക്കി. താഴെയിറങ്ങിക്കിട്ടിയപ്പോൾ തന്നെ അറസ്റ്റ് ചെയ്ത് നീക്കി. നഗരഹൃദയ പ്രദേശങ്ങളിൽ നാല് മണിക്കൂറോളമാണ് ഇയാൾ കാരണം വൈദ്യുതി മുടങ്ങിയത്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

READ MORE 'ബമ്പര്‍ അടിച്ചിരുന്നെങ്കില്‍ കെഎസ്ആര്‍ടിസിയിലെ ശമ്പളം കൊടുക്കാമായിരുന്നു'; ആന്റണി രാജു

READ MORE പാമ്പുകളുമായി ജനങ്ങൾ തെരുവിൽ, വ്യത്യസ്തമായ നാ​ഗപഞ്ചമി ആഘോഷം