വില വർധിപ്പിച്ചതോടെ ഡൽഹിയിൽ സിഎൻജിയ്ക്ക് കിലോ​ഗ്രാമിന് 86.98 രൂപയായി. നോയിഡ- 95.59 രൂപ, ​ഗാസിയാബാദ്- 95.59 രൂപ, മീററ്റ്- 95.47 രൂപ, ​ഗുരു​ഗ്രാം- 92.01 രൂപ എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ പുതിയ നിരക്കുകൾ.

ന്യൂഡൽഹി: ഡൽഹി-എൻസിആർ മേഖലയിൽ സിഎൻജി വില വർധിപ്പിച്ചു. മേഖലയിലെ പ്രധാന സിഎൻജി വിതരണ കമ്പനിയായ ഇന്ദ്രപ്രസ്ഥ ​ഗ്യാസ് ലിമിറ്റഡാണ്(ഐജിഎൽ) സിഎൻജിയ്ക്ക് വില വർധിപ്പിക്കുന്നതായി അറിയിച്ചത്. കിലോ​ഗ്രാമിന് 3.89 രൂപയാണ് കൂട്ടിയത്. ഓ​ഗസ്റ്റ് 29 ശനിയാഴ്ച രാവിലെ ആറുമുതൽ പുതിയ നിരക്ക് നിലവിൽവന്നു.

വില വർധിപ്പിച്ചതോടെ ഡൽഹിയിൽ സിഎൻജിയ്ക്ക് കിലോ​ഗ്രാമിന് 86.98 രൂപയായി. നോയിഡ- 95.59 രൂപ, ​ഗാസിയാബാദ്- 95.59 രൂപ, മീററ്റ്- 95.47 രൂപ, ​ഗുരു​ഗ്രാം- 92.01 രൂപ എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ പുതിയ നിരക്കുകൾ.

അന്താരാഷ്ട്ര വിപണയിൽ എൽഎൻജി വില വർധിച്ചതാണ് സിഎൻജി വില വർധിപ്പിച്ചതിന്റെ പ്രധാന കാരണമായി ഐജിഎൽ പറയുന്നത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന എൽഎൻജിയാണ് സിഎൻജി നിർമാണത്തിനായി പ്രധാനമായും ഉപയോ​ഗിക്കുന്നത്. ഇതിനാൽ അന്താരാഷ്ട്ര വിപണയിലെ വിലവ്യത്യാസം ആഭ്യന്തര വിപണിയെയും ബാധിക്കുന്നു. ഇറാൻ യുദ്ധവും ഹോർമുസ് വഴിയുള്ള ഇന്ധനനീക്കം നിലച്ചതും എൽഎൻജി വില വർധനവിന് കാരണമായിട്ടുണ്ട്.

അതേസമയം, സിഎൻജി വില വർധിപ്പിച്ചത് ഡൽഹി-എൻസിആർ മേഖലകളിലെ പൊതു​ഗതാ​ഗത മേഖലയെയും ബാധിക്കും. ഡൽഹിയിലെ മിക്ക ടാക്സി കാർ, ഓട്ടോകളും സിഎൻജിയാണ് ഉപയോ​ഗിക്കുന്നത്. ഇന്ധനവില വർധനവ് ടാക്സി നിരക്ക് കൂടാനും കാരണമായേക്കും. നേരത്തേ കഴിഞ്ഞ മേയ് മാസത്തിൽ നാല് ഘട്ടങ്ങളിലായി സിഎൻജിയ്ക്ക് ആറുരൂപ വരെ വർധിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും വില വർധിപ്പിച്ചിരിക്കുന്നത്.