മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്ക്റോച്ച് ജനത പാർട്ടി (സിജെപി) ദില്ലിയിൽ നടത്തുന്ന മാർച്ചിൽ വൻ പൊലീസ് നടപടി. വിമാനത്തിൽ നിന്നടക്കം സിജെപി നേതാക്കളെയും ആയിരക്കണക്കിന് പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നേതാക്കളുടെ അറസ്റ്റിന് പിന്നാലെ നാളെ വീണ്ടും ജന്തർ മന്തറിലേക്ക് സമരം പ്രഖ്യാപിച്ചിരിക്കുകയാണ് പാർട്ടി.

ദില്ലി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജന്തർ മന്തറിലേക്ക് വീണ്ടും സമരം പ്രഖ്യാപിച്ച് കോക്ക്റോച്ച് ജനത പാർട്ടി. നാളെ രാവിലെ പത്തു മണിക്കാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. അജിങ്ക്യ ഷിൻഡെയാണ് സമരത്തിന് ആഹ്വാനം നൽക്കിയിരിക്കുന്നത്. ഇത് പുതിയ പോരാട്ടത്തിന്റെ തുടക്കമാണെന്നും ഗ്യാനേഷ് കുമാറിന്റെ രാജി ലഭിക്കാതെ പിന്മാറില്ലെന്നും സിജെപി നേതാവ് അജിങ്ക്യ ഷിൻഡെ പറയുന്നു. എവിടെ പൊലീസ് തടയുന്നുവോ അവിടെ സമരം നടത്താനാണ് ആഹ്വാനം.

അതേസമയം, ഇന്ന് രാവിലെ ജന്തർ മന്തറിലേക്ക് കോക്ക്റോച്ച് ജനത പാർട്ടി പ്രഖ്യാപിച്ച മാർച്ച് സർവ്വ സന്നാഹങ്ങളുമായി തടയുകയായിരുന്നു ദില്ലി പൊലീസ്. മാർച്ചിനെത്തിയ സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, അശുതോഷ് രാൻക, സൗരവ് ദാസ് എന്നിവരെ വിമാനത്തിനുള്ളിൽ നിന്നും നാടകീയമായി കസ്റ്റഡിയിലെടുത്തു. അറസ്റ്റിനെതിരെ സിജെപി കോടതിയെ സമീപിച്ചു. ജന്തർമന്തറിലേക്ക് തിരിച്ച ആയിരത്തിലധികം പ്രതിഷേധക്കാരെ പൊലീസ് പല സ്ഥലങ്ങളിൽ കസ്റ്റഡിയിൽ എടുത്തു. അജ്ഞാത കേന്ദ്രങ്ങളിൽ സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരുകയാണ്.

ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു പൊലീസിന്റെ പ്രതീക്ഷിച്ച നീക്കം. 10.20 ഓടെ മുംബൈ - ദില്ലി എയർ ഇന്ത്യ വിമാനത്തിലേക്ക് ദില്ലി പൊലീസ് ഇരച്ചു കയറി. 15 മിനിറ്റിനകം സിജെപി നേതാക്കാളായ അഭിജീത് ദിപ്കെ, അശുതോഷ് രാൻക, സൗരവ് ദാസ് എന്നിവർ കസ്റ്റഡിയിലായി. 11 മണിയോടെ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് പ്രത്യേക വാഹനത്തിൽ പൊലീസ് പുറത്തെത്തി. പിന്നാലെ മൂന്നുപേരെയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. നേരത്തെ തയ്യാറാക്കിയ വീഡിയോയിൽ ഇനി അജിങ്ക്യ ഷിൻഡേ സമരം നയിക്കുമെന്ന ദീപ്കെയുടെ പ്രഖ്യാപനം.

നേതൃനിര ഇല്ലെങ്കിലും പ്രതിഷേധം തുടരുമെന്ന് സിജെപി വ്യക്തമാക്കി. മുത്തശ്ശി മരിച്ചത് പോലും അഭിജീത് ദീപ്കെയെ അറിയിച്ചില്ലെന്നും നേതാക്കളെ തട്ടികൊണ്ടു പോയെന്നുമാണ് ആരോപണം. രാവിലെ പ്രശസ്ത യൂട്യൂബർ ദ്രുവ് റാത്തിയെയും സിജെപി അഭിഭാഷക സംഘടന നേതാവ് രത്ന സിംഗിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിനെതിരെ സിജെപി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും രത്ന സിങിനെ വൈകീട്ടോടെ വിട്ടയച്ചതായി പൊലീസ് അറിയിച്ചു.

സുദേശ് എന്ന വനിത ആക്ടിവിസ്റ്റിനെ ജന്തർമന്തർ ഭാഗത്തു നിന്നാണ് പൊലീസ് അറസ്റ്റു ചെയ്തു നീക്കിയത്. പൊലീസിൻ കണ്ണു വെട്ടിച്ച് ഇവിടെയെത്തിയ സുദേശ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ തൂക്കിയെടുത്തു കൊണ്ടു പോകുകയായിരുന്നു. സാമൂഹ്യപ്രവർത്തകൻ ഴോങ് ദ്രെ അടക്കം നാലു പേരെയും ജന്തർ മന്തറിലേക്ക് പോകുന്നതിനു മുമ്പ് പൊലീസ് തടഞ്ഞ് കസ്റ്റഡി കേന്ദ്രങ്ങളിലേക്ക് മാറ്റി. ഐഷി ഘോഷ്, അപരാജിത രാജ എന്നിവരും കസ്റ്റഡിയിലാണ്‌. പൊലീസ് കസ്റ്റഡിയിലായവരുടെ എണ്ണം നാലായിരം കടന്നു. ജന്തർമന്തറിലേക്ക് ഒരാൾ പോലും എത്താത്ത രീതിയിൽ പൊലീസ് കോട്ട കെട്ടി അടച്ചു. അഞ്ച് തട്ടുള്ള ബാരിക്കേഡാണ് അശോക റോഡിൽ നിന്ന് ജന്തർമന്തറിലേക്ക് പോകുന്ന റോഡിൽ സ്ഥാപിച്ചത്. ജന്തർമന്തറിലേക്ക് കൊണാട്ട് പ്ളെയിസ്, വിൻഡ്സർ സർക്കിൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവേശനവും തടഞ്ഞിരിക്കുകയാണ്. നിരവധി പേരെ സൻസദ് മാർഗ്, മണ്ഡി ഹൗസ്, റീഗൽ സിനിമ, മിൻറോ റോഡ് തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് അറസ്റ്റു ചെയ്തത്. സിപി ഇന്നർ സർക്കിളിൽ നിന്ന് പ്രതിഷേധക്കാരെ നീക്കിയത് സംഘർഷത്തിന് ഇടയാക്കി.

പ്രതിഷേധത്തെ പിന്തുണച്ച ഒരുവിഭാഗം അഭിഭാഷകരെയും പൊലീസ് തടഞ്ഞു. സുപ്രീംകോടതി പരിസരത്ത് നിന്നും ജന്തർ മന്തറിലേക്കായിരുന്നു മാർച്ച്. തല്ക്കാലം ദില്ലിയിൽ വൻ സംഘർഷമില്ലാതെ ഇന്നത്തെ പ്രതിഷേധം നിയന്ത്രിക്കാൻ പൊലീസിന് കഴിഞ്ഞു. വരും ദിവസങ്ങളിലും ജന്തർമന്തറിലേക്കുള്ള പ്രവേശനം വിലക്കിയുള്ള സന്നാഹം ദില്ലി പൊലീസിന് തുടരേണ്ടി വരും.

YouTube video player