11-ാം നിലയിൽനിന്ന് ഒഴിഞ്ഞ ലിഫ്റ്റിലേക്ക് കയറി താഴേക്ക് വീണ് വിദ്യാർത്ഥി മരിച്ചു. വാരണാസി സ്വദേശിയും മണിപ്പാൽ സര്‍വകലാശാല വിദ്യാര്‍ത്ഥിയുമായ കുശാഗ്ര മിശ്രയാണ് മരിച്ചത്

ജയ്പൂ‍ര്‍: 11-ാം നിലയിൽനിന്ന് ഒഴിഞ്ഞ ലിഫ്റ്റിലേക്ക് കയറി താഴേക്ക് വീണ് വിദ്യാർത്ഥി മരിച്ചു. വാരണാസി സ്വദേശിയും മണിപ്പാൽ സര്‍വകലാശാല വിദ്യാര്‍ത്ഥിയുമായ കുശാഗ്ര മിശ്രയാണ് മരിച്ചത്. രണ്ടാം വ‍ര്‍ഷ കമ്പ്യൂട്ട‍ര്‍ സയൻസ് വിദ്യാര്‍ത്ഥിയായ കുശാഗ്ര വാടകയ്ക്ക് താമസിച്ചുവന്ന അപ്പാർട്ട്മെന്റിലെ ലിഫ്റ്റ് തകർന്ന് കിടക്കുന്ന വിവരം അറിയാതെ അകത്തേക്ക് കയറിയപ്പോഴായിരുന്നു അപകടം.

ലിഫ്റ്റിന്റെ ബട്ടൺ അമർത്തിയപ്പോൾ സാധാരണ പോലെ ലിഫ്റ്റിന്റെ വാതിൽ തുറന്നുവന്നു. എന്നാൽ ലിഫ്റ്റ് ഉണ്ടായിരുന്നില്ല. അകത്തേക്ക് കാലെടുത്തു വച്ച ഉടൻ താഴേക്ക് വീഴുകയായിരുന്നു. തൽക്ഷണം തന്നെ മരണം സംഭവിക്കുകയും ചെയ്തു. ലിഫ്റ്റ് തകർന്നു കിടക്കുന്ന വിവരം അപ്പാർട്ട്മെന്റ് ഉടമയെ മറ്റ് താമസക്കാർ അറിയിച്ചിരുന്നു. എന്നാൽ ഇത് അയാൾ ചെവികൊണ്ടില്ലെന്നാണ് ആരോപണം. കുശാഗ്രയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. അതേസമയം ബിൽഡർക്കെതിരെ അപ്പാർട്ട്മെന്റ് നിവാസികൾ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.

അതേസമയം, വാരണാസിയിൽ ദുർ​ഗാ പൂജക്കിടെ പന്തലിൽ തീ പടര്‍ന്ന് ​രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ച വാർത്തയും പുറത്തുവന്നു. അറുപത് പേര്‍ക്കാണ് പൂജക്കിടെയുണ്ടായ അഗ്നി ബാധയിൽ പരിക്കേറ്റത്. ഉത്തര്‍ പ്രദേശിലെ ധദോഹിയിൽ ഇന്നലെ രാത്രിയായിരുന്നു അപകടം. പന്തലിൽ ആരതി നടക്കുന്നതിനിടെ രാത്രി ഒമ്പത് മണിയോടെയാണ് അഗ്നിബാധയുണ്ടായത്. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമായതെന്നാണ് കരുതുന്നത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. 

Read more: സ്‍പീഡ് ബോട്ട് ഓടിക്കൊണ്ടിരിക്കെ ഡ്രൈവര്‍ കടലില്‍ വീണു; ബോട്ട് തടഞ്ഞ് അപകടം ഒഴിവാക്കി കോസ്റ്റ് ഗാര്‍ഡ്

45 വയസ്സുള്ള സ്ത്രീയും 12 വയസ്സുള്ള ആൺ കുട്ടിയും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. പത്തുവയസ്സ് കാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു. ഇതോടെ മരണം മൂന്നായതായി ജില്ലാ മജിസ്ട്രേറ്റ് ഗൗരംഗ് രതി പറഞ്ഞു. 150 ഓളം പേര്‍ ദുര്‍ഗ പൂജയ്ക്കായി സംഭവ സ്ഥലത്തി എത്തിയിരുന്നു. അപകടം നടന്നതിനെ കുറിച്ച് അന്വേഷിക്കുമെന്ന് ഗൗരംഗ് രതി പറഞ്ഞു.