ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ കുടിവെള്ളത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സഹാസ്‌പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബൈരാഗിവാലയിലാണ് സംഭവം. പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി, പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ളത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ വൻ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സഹാസ്‌പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബൈരാഗിവാല എന്ന സ്ഥലത്താണ് സംഭവം നടന്നത്. ശനിയാഴ്ച വൈകിട്ടോടെയാണ് പ്രദേശത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഒരു വിഭാഗം ആളുകൾ മറുവിഭാഗത്തിലെ ആളുകൾക്ക് നേരെ മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ഡെറാഡൂൺ എഎസ്‌പി പങ്കജ് ഗൈരോല പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നാല് പേരെയും ഉടൻ തന്നെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളാണ് മരിച്ചത്. കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് സംഘർഷം മൂർച്ഛിച്ചു. ക്രമസമാധാന നില നിലനിർത്തുന്നതിനായി പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അക്രമം നടത്തി ഒളിവിൽ പോയ പ്രതികളെ കണ്ടെത്താനായി പോലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചതായും അഡീഷണൽ എസ്‌പി അറിയിച്ചു. കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred