Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രി മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

പ്രധാനമന്ത്രി മോദിക്ക് പോളിംഗ് ബൂത്തിന്റെ ഗേറ്റിൽ തന്നെ ഇറങ്ങാമായിരുന്നു. പക്ഷേ, അദ്ദേഹം ബൂത്ത് എത്തും മുമ്പേ ഇറങ്ങി നടക്കുകയും വഴിയിൽ ആളുകളുമായി സംവദിക്കുകയും ചെയ്തെന്നും പരാതിക്കാരൻ പറഞ്ഞു.

Complaint filed against PM Narendra Modi
Author
First Published Dec 6, 2022, 10:15 AM IST

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്താൻ പോകുന്നതിനിടെ റോഡ് ഷോ നടത്തിയെന്നാരോപിച്ച് ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി. കോൺ​ഗ്രസാണ് പരാതി നൽകിയത്. ബിജെപി പതാകയും കാവി സ്കാർഫും ധരിച്ച് റാണിപ്പിലെ പോളിംഗ് ബൂത്തിലേക്ക് ആളുകൾക്കൊപ്പം മോദി പദയാത്ര നടത്തിയെന്ന് സംസ്ഥാന കോൺഗ്രസ് യൂണിറ്റ് ലീഗൽ സെൽ ചെയർമാൻ യോഗേഷ് റവാണി നൽകിയ പരാതിയിൽ ആരോപിച്ചു.

പ്രധാനമന്ത്രി മോദിക്ക് പോളിംഗ് ബൂത്തിന്റെ ഗേറ്റിൽ തന്നെ ഇറങ്ങാമായിരുന്നു. പക്ഷേ, അദ്ദേഹം ബൂത്ത് എത്തും മുമ്പേ ഇറങ്ങി നടക്കുകയും വഴിയിൽ ആളുകളുമായി സംവദിക്കുകയും ചെയ്തെന്നും പരാതിക്കാരൻ പറഞ്ഞു. ചട്ടം ലംഘിച്ച് ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുകയും വോട്ടെടുപ്പ് ദിവസം വോട്ടർമാരെ സ്വാധീനിക്കുകയുമാണ് മോദി ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വിഷയം പരിശോധിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നും പരാതിക്കാരൻ പറഞ്ഞു.

മോദി വോട്ട് ചെയ്യാനെത്തുന്നതിന്റെ ദൃശ്യങ്ങൾ പ്രാദേശിക, ദേശീയ ടെലിവിഷൻ ചാനലുകൾ സംപ്രേക്ഷണം ചെയ്തെന്നും ഇതും വോട്ടർമാരെ സ്വാധീനിക്കുമെന്നും പരാതിയിൽ പറയുന്നു. നേരത്തെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ പോസ്റ്ററുകളും ബാനറുകളും വോട്ടെടുപ്പ് ദിവസം ഘട്‌ലോദിയ മണ്ഡലത്തിൽ പ്രദർശിപ്പിച്ചതിനെച്ചൊല്ലിയും പരാതിയുയർന്നിരുന്നു. അഹമ്മദാബാദിലെ ബാപ്പുനഗറിലെ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി സ്‌കൂളിലെ പോളിംഗ് ബൂത്തിൽ കയറി ബഹളം ഉണ്ടാക്കിയതിനെതിരെയും കോൺഗ്രസ് പരാതി നൽകി.

ഗുജറാത്തില്‍ ഇക്കുറിയും ബിജെപിക്ക് വന്‍ മുന്നേറ്റമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു. ഗുജറാത്തില്‍ കോണ്‍ഗ്രസിന് സീറ്റ് കുറയുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. അതേസമയം, ഗുജറാത്തിൽ ആപ്പ് അക്കൗണ്ട് തുറക്കുമെന്നും പ്രവചനമുണ്ട്.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. 128 മുതല്‍ 148 വരെ സീറ്റുകൾ ഗുജറാത്തിൽ ബിജെപി നേടുമെന്നാണ് റിപ്പബ്ലികിന്‍റെ സർവേ പ്രവചനം. 30-42 കോൺഗ്രസ്, 2-10 ആപ്പ്, 3 സീറ്റ് വരെ മറ്റുള്ളവർ നേടുമെന്നുമാണ് റിപ്പബ്ലികിന്‍റെ പോള്‍ പ്രവചിക്കുന്നത്. ആപ്പ് കോൺഗ്രസ് വോട്ട് ചോർത്തുമെന്നും കോൺഗ്രസിന് 10 ശതമാനത്തോളം വോട്ട് വിഹിതം ഇടിയുമെന്നും സർവേ ഫലം പറയുന്നു.

ഗുജറാത്ത് ബിജെപിക്ക് തന്നെ? കോണ്‍ഗ്രസിന് സീറ്റ് കുറയുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ

Follow Us:
Download App:
  • android
  • ios