കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും മോഷ്ടിച്ചെന്നാണ് പരാതി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ്, ഒളിവിൽപ്പോയ ഉദ്യോഗസ്ഥയ്ക്കായി തിരച്ചിൽ ആരംഭിച്ചു.

ഭോപ്പാൽ: കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും മോഷ്ടിച്ചെന്ന പരാതിയിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥക്കെതിരെ കേസെടുത്തു. മധ്യപ്രദേശിലാണ് പൊലീസ് ഡിപ്പാർട്ട്‌മെന്റിനെ ഞെട്ടിച്ച സംഭവമുണ്ടായത്, ഭോപ്പാൽ പൊലീസ് ആസ്ഥാനത്ത് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ഡിഎസ്പി) തസ്തികയിൽ ജോലി ചെയ്യുന്ന കൽപ്പന രഘുവംശിക്കെതിരെയാണ് കേസെടുത്തത്.

പരാതിക്കാരിയുടെ മൊഴി

താൻ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ വെച്ച ശേഷം കുളിക്കാൻ പോയ സമയത്താണ് സംഭവം നടന്നതെന്ന് പാതിക്കാരി പറയുന്നു. ഡി.എസ്.പി. കൽപ്പന രഘുവംശി വീട്ടിൽ പ്രവേശിച്ച് ഹാൻഡ്ബാഗിൽ വെച്ചിരുന്ന പണവും മറ്റൊരു സെൽഫോണും എടുത്തുകൊണ്ടുപോയെന്ന് പരാതിക്കാരി പറയുന്നു.

കുളി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ പണവും ഫോണും കാണാനില്ലായിരുന്നു. തുടർന്ന്, സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഡി.എസ്.പി. രഘുവംശി വീട്ടിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതും കണ്ടതെന്ന് പരാതിക്കാരി പറഞ്ഞു. ദൃശ്യത്തിൽ പൊലീസ് ഉദ്യോഗസ്ഥ പണക്കെട്ട് കൈയ്യിൽ പിടിച്ച് പുറത്തേക്ക് പോകുന്നത് കാണാമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

പരാതിക്കാരി ഉടൻ തന്നെ പൊലീസിനെ സമീപിക്കുകയും രേഖാമൂലം പരാതി നൽകുകയും ചെയ്തു. സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കൽപ്പന രഘുവംശിക്കെതിരെ മോഷണത്തിന് കേസെടുത്തു. ആരോപണവിധേയയായ ഉദ്യോഗസ്ഥ ഇപ്പോൾ ഒളിവിലാണ്. അവരെ കണ്ടെത്താനായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ബിട്ടു ശർമ്മ പറഞ്ഞതിങ്ങനെ- "പരാതിക്കാരിയുടെ മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ട്. പ്രതിയുടെ വീട്ടിൽ നിന്നാണ് മൊബൈൽ ഫോൺ കണ്ടെടുത്തത്. ദൃശ്യങ്ങളിൽ അവരെ വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. എന്നാൽ 2 ലക്ഷം രൂപ ഇപ്പോഴും കണ്ടെത്താനായിട്ടില്ല".

ആരോപണവിധേയയായ ഉദ്യോഗസ്ഥയ്ക്ക് വകുപ്പുതല നോട്ടീസ് നൽകിയിട്ടുണ്ട്, കൂടാതെ ശിക്ഷാ നടപടികൾക്കുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഈ സംഭവം പൊലീസിന് നാണക്കേടുണ്ടാക്കി. കർശനവും സുതാര്യവുമായ അന്വേഷണത്തിന് മുതിർന്ന ഉദ്യോഗസ്ഥർ നിർദേശം നൽകി. ഭോപ്പാലിലെ ജഹാംഗിരാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഈ സംഭവം സേനയിലെ സത്യസന്ധതയെയും ഉത്തരവാദിത്തബോധത്തെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്.

Scroll to load tweet…