ഗാന്ധിനഗര്‍:ഗുജറാത്തില്‍ നിന്നും ഒഴിവ് വരുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരു ദിവസം തന്നെ നടത്തണമെന്ന് കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. 

ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ എംപിമാരായിരുന്ന അമിത് ഷാ, സ്മൃതി ഇറാനി എന്നിവര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചതോടെ ഇരുവരും രാജ്യസഭാ അംഗത്വം രാജിവയ്ക്കും എന്ന് ഉറപ്പാണ്. നിലവിലെ അംഗബലം വച്ച് ഒഴിവ് വരുന്ന രണ്ട് സീറ്റില്‍ ഒന്ന് കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിക്കും. എന്നാല്‍ അതിന് ഒരേ ദിവസം തന്നെ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കണം. അല്ലാത്ത പക്ഷം സഭയില്‍ ഭൂരിപക്ഷമുള്ള ബിജെപിക്ക് ആ സീറ്റും നേടാനാവും. 

സാങ്കേതിക വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി വ്യത്യസ്ത തീയതികളില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തിയേക്കും എന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് രണ്ട് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പും ഒരു ദിവസം തന്നെ നടത്തണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.