Asianet News MalayalamAsianet News Malayalam

രണ്ട് പേരുകളിൽ മാത്രമാണോ കോൺഗ്രസ്? കോൺഗ്രസിന്‍റെ ചരിത്രത്തെ പരിഹസിക്കുന്ന നടപടിയെന്ന് ആനന്ദ് ശര്‍മ്മ

സംഘടനാപരമായ മാറ്റങ്ങൾ ആവശ്യപ്പെട്ട് രണ്ട് വർഷം മുമ്പ് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളിൽ പ്രമുഖനാണ് ആനന്ദ് ശര്‍മ്മ.

Congress Leader Anand Sharma On Gandhis Is Congress Confined To 2 Names
Author
New Delhi, First Published Aug 22, 2022, 10:00 AM IST

ദില്ലി: ഗാന്ധിമാർക്കപ്പുറം കോണ്‍ഗ്രസ് ചിന്തിക്കേണ്ടതുണ്ടെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശർമ്മ . ദേശീയ അധ്യക്ഷനാകാനുള്ള നിഷേധാത്മക നിലപാട് രാഹുൽ ഗാന്ധി തുടരുന്ന ഘട്ടത്തിലാണ് ആനന്ദ് ശര്‍മ്മ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. 1978-ൽ ഇന്ദിരാഗാന്ധിയെ പുറത്താക്കിയതിന് ശേഷം പാർട്ടിയെ നിലനിറുത്തിയത് നിരവധി നേതാക്കളാണെന്ന് ഗുലാം നബി ആസാദിന് ശേഷം പാർട്ടിയുടെ പ്രധാന പദവിയിൽ നിന്ന് പടിയിറങ്ങിയ ശര്‍മ്മ ഓര്‍മ്മിപ്പിച്ചു. 

"അവർ ഞങ്ങളെപ്പോലുള്ള ആളുകളായിരുന്നു... ഈ പാർട്ടി നമുക്കെല്ലാവർക്കും അവകാശപ്പെട്ടതാണെന്നും എന്‍ഡിടിവിയുടെ ഒരു പരിപാടിയില്‍ ആനന്ദ് ശര്‍മ്മ  തുറന്നടിച്ചു. ദേശീയ അധ്യക്ഷസ്ഥാനം രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധി വാദ്രയ്ക്കും മാത്രമായി നല്‍കാം എന്ന് പറയുന്നതില്‍ ഒരു കാരണമില്ല, അദ്ദേഹം പറഞ്ഞു. ഈ രണ്ട് പേരുകളിൽ മാത്രം ഒതുങ്ങുന്നതാണോ കോൺഗ്രസ്? കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തെ പരിഹസിക്കുന്ന നടപടിയാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സംഘടനാപരമായ മാറ്റങ്ങൾ ആവശ്യപ്പെട്ട് രണ്ട് വർഷം മുമ്പ് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളിൽ പ്രമുഖനാണ് ആനന്ദ് ശര്‍മ്മ. ഗ്രൂപ്പ് 23 സംബന്ധിച്ചും ആനന്ദ് ശര്‍മ്മ പ്രതികരിച്ചു, "കത്ത് ഉള്ളിടത്തോളം കാലം ഞങ്ങൾ നിലനിൽക്കും. ഞങ്ങൾ വിമതർ അല്ല, ഞങ്ങൾ പരിഷ്കരണവാദികളാണ്. പാർട്ടിയുടെ ഭരണഘടന പിന്തുടരാന്‍ ആവശ്യപ്പെടുന്നത് ഒരു കുറ്റമാണോ?" - ഇദ്ദേഹം പരിപാടിയില്‍ ചോദിച്ചു.

ഹിമാചൽ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ ഹിമാചൽ പ്രദേശ് ഘടകത്തിന്റെ "സ്റ്റിയറിങ് കമ്മിറ്റി" ചീഫ് സ്ഥാനത്ത് നിന്ന് ശർമ്മ അടുത്തിടെ രാജിവച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ തീരുമാനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതായി തനിക്ക് തോന്നുന്നുവെന്നും തന്‍റെ ആത്മാഭിമാനം വിലപേശൽ സാധ്യമല്ലെന്നും പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച രാജി കത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.

"ഞാൻ ആജീവനാന്ത കോൺഗ്രസുകാരനാണെന്നും എന്‍റെ ബോധ്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും വ്യക്തമാക്കുകയാണ്. തുടരുന്ന ഒഴിവാക്കലും അപമാനങ്ങളും കണക്കിലെടുത്ത്, ഒരു ആത്മാഭിമാനമുള്ള വ്യക്തിയെന്ന നിലയിൽ - എനിക്ക് മറ്റ് വഴികളൊന്നുമില്ല," രാജി പ്രഖ്യാപിച്ചു കൊണ്ട് ശർമ്മ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.

ജമ്മു കാശ്മീരിൽ ഗുലാം നബി ആസാദിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം നേതാക്കൾ നടത്തിയ കലാപത്തിന് തൊട്ടുപിന്നാലെയാണ് പ്രതിസന്ധി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജമ്മു കശ്മീരിനായി കോൺഗ്രസ് രൂപവത്കരിച്ച തിരഞ്ഞെടുപ്പ് പാനലിൽ നിന്ന് ഗുലാം നബി ആസാദ് രാജിവച്ചിരുന്നു.

ഈ വർഷവും അടുത്ത വർഷവും വിവിധ നിയമസഭ  തെരഞ്ഞെടുപ്പുകളും,  2024-ൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജി 23 പ്രധാന നേതാക്കളുടെ നിലപാടുകള്‍ നിര്‍ണ്ണായകമാണ്. അതേ സമയം തന്‍റെ രാജിയിലൂടെ പാർട്ടി നേതൃത്വത്തിന് സന്ദേശം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ശർമ്മ പറഞ്ഞു. “എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ മനസിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അദ്ദേഹം എന്‍ഡിടിവിയോട് പറഞ്ഞു.

ജനങ്ങളുടെ പ്രശ്നങ്ങളുടെ നടുവിലേക്ക് രാഹുല്‍ ​ഗാന്ധി; ജോഡോ യാത്രയ്ക്ക് മുമ്പായി നിര്‍ണായക സംവാദം ഇന്ന്

453 കി.മീ പദയാത്ര,19 ദിവസം; രാഹുലിന്‍റെ ഭാരത് ജോഡോ യാത്ര, ഒരുക്കുന്നത് വന്‍ സ്വീകരണം; സ്വാഗതസംഘം ഓഫീസ് തുറന്നു

Follow Us:
Download App:
  • android
  • ios