മധ്യപ്രദേശ് രാഷ്ട്രീയത്തിലെ 'ക്ഷത്രിയ രക്ത'മാണ് ജ്യോതിരാദിത്യ സിന്ധ്യ. അമ്മൂമ്മ വിജയ രാജെ സിന്ധ്യ തുടക്കം മുതൽ ജനസംഘത്തിന്റെയും പിന്നീട് ബിജെപിയുടെയും നേതാവായിരുന്നിട്ടും, അവരുടെ മകൻ മാധവ് റാവു സിന്ധ്യ രാഷ്ട്രീയ പ്രവർത്തനത്തിന് തെരഞ്ഞെടുത്തത് കോൺഗ്രസ് ആയിരുന്നു. അച്ഛന്റെ പാത പിന്തുടർന്ന് കോൺഗ്രസ് തന്നെ തിരഞ്ഞെടുത്തയാളാണ് മകൻ ജ്യോതിരാദിത്യയും. അദ്ദേഹവുമായി അടുപ്പമുള്ള 17 എംഎൽഎമാർ കർണാടകത്തിലെ റിസോർട്ടിൽ കഴിയുന്ന സാഹചര്യത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം നടത്തിയ സന്ദർശനം മധ്യപ്രദേശ് രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു വഴിത്തിരിവാകും. രാജ്യസഭയിൽ ഒരു എംപി സ്ഥാനവും കേന്ദ്ര മന്ത്രിസഭയിൽ മന്ത്രിപദവും ഒക്കെ നൽകി ജ്യോതിരാദിത്യയെ ബിജെപി പാളയത്തിലേക്ക് ക്ഷണിക്കും എന്നുതന്നെയാണ് കരുതപ്പെടുന്നത്. 

കോൺഗ്രസിൽ നിന്ന് നാലുവട്ടം പാർലമെന്റിൽ എത്തിയിട്ടുണ്ട് ജ്യോതിരാദിത്യ സിന്ധ്യ. അമ്മൂമ്മ രാജാമാതാ വിജയരാജേ സിന്ധ്യ ജനസംഘത്തിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു. അതുകൊണ്ടുതന്നെ മരിക്കും വരെയുള്ള അവരുടെ ആഗ്രഹം വഴിപിഴച്ച് കോൺഗ്രസിലേക്ക് ചേക്കേറിയ തന്റെ മക്കളെല്ലാം ബിജെപി പാളയത്തിൽ വന്നുകേറുന്നത് കാണണം എന്നായിരുന്നു. അത് സാധിക്കാതെയാണ് 2001 -ൽ അവർ മരിച്ചത്. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, ജ്യോതിരാദിത്യ സിന്ധ്യ അമ്മൂമ്മയുടെ ജീവിതകാലത്ത് നടക്കാതെ പോയ ആ ആഗ്രഹം സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു എന്നുവേണം കരുതാൻ. 

ഗ്വാളിയോർ ഭരിച്ചിരുന്ന രാജമാതാ വിജയ രാജെ സിന്ധ്യ 1957 -ലാണ് രാജഭരണത്തിന്റെ ഹാങ്ങ് ഓവർ മതിയാക്കി രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. ആദ്യം തെരഞ്ഞെടുത്ത പാർട്ടി കോൺഗ്രസ് ആയിരുന്നു. കോൺഗ്രസിനുവേണ്ടി ഗുണ മണ്ഡലത്തിൽ നിന്ന് എംപിയായിട്ടുണ്ട് അവർ. എന്നാൽ പത്തേ പത്തുവർഷത്തുള്ളിൽ തന്നെ അവർക്ക് കോൺഗ്രസ് കടുത്ത മോഹഭംഗങ്ങളും സമ്മാനിച്ചു.അവർ ജനസംഘത്തിലേക്ക് ചേക്കേറി. വിജയരാജേ സിന്ധ്യയുടെ ജനസമ്മതി കാരണം 1971 രാജ്യമെങ്ങും ഇന്ദിരാ തരംഗം അലയടിച്ച കാലത്തും ഗ്വാളിയോർ പരിസരത്ത് സംഘം മൂന്നു സീറ്റ് നേടി. 

ആദ്യത്തെ വിമതസ്വരം മകൻ മാധവ് റാവു സിന്ധ്യയിൽ നിന്ന് 

ഗുണയിൽ നിന്ന് തന്റെ ഇരുപത്തിയാറാം വയസ്സിൽ എംപി ആയി എങ്കിലും മാധവ് റാവു അധികകാലം ജനസംഘത്തിൽ തുടരുകയുണ്ടായില്ല. 1977 അടിയന്തരാവസ്ഥയ്ക്കു ശേഷം അദ്ദേഹം അമ്മൂമ്മയുടെയും സഹോദരി വസുന്ധരയുടെയും പാതയിൽ നിന്ന് മാറി നടന്നു. രാജീവ് ഗാന്ധിയുടെ സ്വാധീനത്തിലാണ് അന്നുവരെ അമ്മയോടൊപ്പം ജനസംഘത്തിൽ തന്നെ തുടർന്നിരുന്ന മാധവറാവു സിന്ധ്യ കോൺഗ്രസിലേക്ക് ചേക്കേറുന്നത്. 1980 -ൽ മാധവ് റാവു സിന്ധ്യ കോൺഗ്രസിനുവേണ്ടി ഗുണയിൽ നിന്ന് മത്സരിച്ച് പാർലമെന്ററി എത്തി, കേന്ദ്ര മന്ത്രിയുമായി. എന്നാൽ അപ്പോഴും വിജയ രാജെ സിന്ധ്യയും മകൾ വസുന്ധര രാജെ സിന്ധ്യയും ബിജെപിയിൽ തന്നെ തുടർന്ന്. 1984 അവർ ബിജെപിയുടെ മധ്യപ്രദേശ് സ്റ്റേറ്റ് കമ്മിറ്റി അംഗമായി. വസുന്ധരയുടെ മകൻ ദുഷ്യന്തും രാജസ്ഥാനിലെ ജാൽവാഡിൽ നിന്നുള്ള ബിജെപി എംപിയാണ്. സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള വസുന്ധര ശിവരാജ് സിംഗ് ചൗഹാൻ മന്ത്രിസഭയിൽ മന്ത്രിയുമായിട്ടുണ്ട്. 

 

എന്നാൽ അച്ഛൻ മാധവ് റാവു സിന്ധ്യയുടെ കാലടികൾ പിന്തുടർന്ന് കോൺഗ്രസ് പാരമ്പര്യം ഇന്നു വരെ ഉയർത്തിപ്പിടിച്ചത് മകൻ ജ്യോതിരാദിത്യ സിന്ധ്യയായിരുന്നു. 2001 -ൽ മാധവ് റാവു സിന്ധ്യ ഒരു വിമാനാപകടത്തിൽ മരിക്കുന്നു. അന്ന് ഗുണയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ജ്യോതിരാദിത്യ സിന്ധ്യ തെരഞ്ഞെടുക്കപ്പെട്ടു. ആദ്യജയത്തിനു ശേഷം തുടർച്ചയായി ഗുണയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടുകൊണ്ടിരുന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ വിജയപ്രയാണം 2019 മെയിൽ നടന്ന തെരഞ്ഞെടുപ്പിൽ തോറ്റതോടെ നിലച്ചു പോകുന്നതും, സംസ്ഥാനത്ത് കോൺഗ്രസിൽ കമൽ നാഥ് ജ്യോതിരാദിത്യക്കുമേൽ ആധിപത്യം സ്ഥാപിച്ചെടുക്കുന്നതും. 

ആ തെരഞ്ഞെടുപ്പിൽ ജ്യോതിരാദിത്യ സിന്ധ്യ, 1,20,000-ൽ പരം വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർഥി ഡോ. കെ പി സിങ് യാദവിനോട് തോറ്റത്. പണ്ട് സിന്ധ്യയുടെ ഇലക്ഷൻ ഏജന്റായി വാലുപോലെ സദാ അദ്ദേഹത്തെ അനുഗമിച്ചിരുന്ന ഒരു കോൺഗ്രസ് നേതാവായിരുന്ന ഡോ.കെപി സിങ്ങ്, കോൺഗ്രസ് പാളയം വിട്ട് ബിജെപിയിൽ ചേർന്നിട്ട് ഒരു കൊല്ലം തികയുന്നതിന് മുമ്പായിരുന്നു അദ്ദേഹത്തിന് ഈ സീറ്റ് ഓഫർ ചെയ്യപ്പെടുന്നത്. ഡോ. കെപി സിങ്ങ് യാദവ് ആ ഓഫർ സ്വീകരിച്ചപ്പോൾ പലരും ആ തീരുമാനത്തെ 'ആത്മഹത്യാപരം ' എന്ന് പരിഹസിച്ചു.  കെപി സിങ്ങ്  പണ്ട് തന്റെ ഭർത്താവിന്റെ ഇലക്ഷൻ ഏജന്റ് ആയി പ്രവർത്തിച്ചിരുന്ന കാലത്ത് എടുത്ത് സ്വന്തം അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്ന ഒരു 'സെൽഫി' ചിത്രം പങ്കു വെച്ചുകൊണ്ടായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ പ്രിയദർശിനി രാജെ സിന്ധ്യയുടെ പരിഹാസശരങ്ങൾ. 

ഇതായിരുന്നു ആ ചിത്രം. ചിത്രത്തിൽ എയർ കണ്ടീഷൻ കാറിനുള്ളിൽ വിശ്രമിക്കുന്നത് ജ്യോതിരാദിത്യ സിന്ധ്യയാണ്. പുറത്ത് ഏന്തിവലിഞ്ഞു നിന്നും കൊണ്ട് ഈ സെൽഫി എടുത്തിരിക്കുന്നയാളാണ് കൃഷ്ണ പാൽ സിങ്ങ് എന്ന ഡോ. കെ പി സിങ് യാദവ്. ഗുണ എന്ന മണ്ഡലത്തിൽ നിന്നും സിന്ധ്യ കുടുംബത്തിലെ ഒരാൾ, അതും ജ്യോതിരാദിത്യയെപ്പോലെ വളരെ പ്രസിദ്ധനായ ഒരാൾ തോൽക്കും എന്ന് സ്വപ്നത്തിൽ പോലും ആരും കരുതിയിരുന്നില്ല. 

സിന്ധ്യ ബിജെപിയിലേക്ക്? 'മഹാരാജ്' ചില സൂചനകള്‍ നല്‍കിയെന്ന് കൊട്ടാരത്തിലുള്ളവര്‍

ലോക്സഭാ തെരഞ്ഞെടുപ്പിനെത്തുടർന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ച് കമൽ നാഥിന്റെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിക്കപ്പെട്ടപ്പോൾ മുതൽക്കുള്ള ജ്യോതിരാദിത്യയുടെ മുറുമുറുപ്പുകളെ കോൺഗ്രസിന്റെ സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങൾ അവഗണിച്ചതാണ് ഇപ്പോൾ ഇങ്ങനെ ഒരു പൊട്ടിത്തെറിയിലേക്ക് നയിച്ചിരിക്കുന്നത്. എന്തായാലും, അമ്മൂമ്മ വിജയരാജേ സിന്ധ്യയുടെ ജീവിതാഭിലാഷമായിരുന്ന 'സ്വന്തം മക്കളുടെയും കൊച്ചുമക്കളുടെയും ബിജെപിയിലേക്കുള്ള തിരിച്ചുവരവ്' ജ്യോതിരാദിത്യ സിന്ധ്യ ഇന്നു യാഥാർഥ്യമാകുമോ എന്നത് കാത്തിരുന്നുതന്നെ കാണാം.