പട്‍ന: ദേശീയ പൗരത്വ നിയമഭേദഗതിക്കും ദേശവ്യാപകമായി പൗരത്വ റജിസ്റ്റർ നടപ്പാക്കുന്നതിനും എതിരായ പ്രതിഷേധങ്ങൾ രാജ്യത്ത് ആളിക്കത്തുമ്പോഴും നിഷ്ക്രിയരായി തുടരുന്ന കോൺഗ്രസ് നേതൃത്വത്തിനെതിരെ ജെഡിയു വൈസ് പ്രസിഡന്‍റും തെരഞ്ഞെടുപ്പ് സ്ട്രാറ്റജിസ്റ്റുമായ പ്രശാന്ത് കിഷോർ. ജനകീയ സമരത്തിന്‍റെ മുഖമാകുന്നതിൽ നിന്ന് കോൺഗ്രസ് ഇപ്പോഴും പുറം തിരിഞ്ഞ് നിൽക്കുകയാണെന്ന് പ്രശാന്ത് കിഷോർ കുറ്റപ്പെടുത്തുന്നു. ബിഹാറിൽ എൻആർസി നടപ്പാക്കില്ലെന്ന് ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ പ്രഖ്യാപിച്ചിരുന്നു.

സ്വന്തം മുഖ്യമന്ത്രിമാർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെങ്കിലും എൻആർസി നടപ്പാക്കില്ലെന്ന നിലപാടെടുപ്പിക്കാൻ പോലും കോൺഗ്രസിന് കഴിയുന്നില്ലെങ്കിൽ പിന്നെ കോൺഗ്രസിനെക്കൊണ്ട് എന്ത് പ്രയോജനമെന്ന് പ്രശാന്ത് കിഷോർ ചോദിക്കുന്നു. ഇത്തരമൊരു പ്രഖ്യാപനം പോലും നടപ്പാക്കാൻ കഴിയില്ലെങ്കിൽ പിന്നെ എന്ത് സമരപ്രഖ്യാപനം നടത്തിയിട്ടും കാര്യമില്ലെന്ന് പ്രശാന്ത് കിഷോർ പറയുന്നു.

ശക്തി ഉപയോഗിച്ച്, രാജ്യത്തെ ജനങ്ങളുടെ പ്രതിഷേധത്തെ അടിച്ചമർത്തുന്നത് അംഗീകരിക്കാനാകില്ലെന്നും, ഇത് ശരിയായ രീതിയല്ലെന്നും കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി പ്രസ്താവന പുറപ്പെടുവിച്ചതിന് പിന്നാലെ കോൺഗ്രസിന്‍റെ പ്രസ്താവന റീട്വീറ്റ് ചെയ്തുകൊണ്ടാണ് പ്രശാന്ത് കിഷോറിന്‍റെ വിമ‌ർശനം.

എന്നാൽ ഇതിന് പിന്നാലെ കോൺഗ്രസിന്‍റെ സാമൂഹ്യമാധ്യമങ്ങളുടെ ചുമതലയുള്ള ദേശീയ കോർഡിനേറ്റർ ലാവണ്യ ബല്ലാൾ, പ്രശാന്ത് കിഷോറിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. 2014-ൽ മോദി അധികാരത്തിൽ വരുന്നതിന് പിന്നിൽ പ്രവർത്തിച്ച കൺസൾട്ടൻസി ഐപാക് (ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി) തന്‍റേത് തന്നെയാണെന്ന് പ്രശാന്ത് കിഷോർ മറന്നോ എന്നായിരുന്നു ലാവണ്യ ബല്ലാളിന്‍റെ ചോദ്യം. ഇപ്പോൾ ഇത്തരത്തിൽ പ്രസ്താവന നടത്താൻ പ്രശാന്ത് കിഷോറിന് നട്ടെല്ലില്ലേ എന്ന് ലാവണ്യ ബല്ലാൾ. മോദിയ്ക്ക് ഒപ്പം നിൽക്കുന്ന നിതീഷ് കുമാറിന്‍റെ പാർട്ടിയിലല്ലേ പ്രശാന്ത് കിഷോറെന്നും വിമർശനം. 

എന്നാൽ പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രതിഷേധത്തിൽ സജീവപങ്കാളിത്തം കോൺഗ്രസിനില്ല എന്നത് വാസ്തവമാണ്. അതിന്‍റെ പേരിൽ വലിയ വിമർശനം കേൾക്കുകയും ചെയ്യുന്നുണ്ട്. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ചെറിയ ചില പ്രതിഷേധങ്ങളൊഴിച്ചാൽ രാജ്യമെങ്ങും പ്രതിഷേധങ്ങൾ നയിച്ചത് വിദ്യാർത്ഥികളാണ്.