തിരുവനന്തപുരം:  പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ കാര്യത്തില്‍ ഇപ്പോള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് സിപിഎമ്മാണെന്നാണ് പൊതുവിലയിരുത്തല്‍. ആ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ പ്രതിഷേധങ്ങള്‍ ശകത്മാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇന്ന് പാര്‍ട്ടി സ്ഥാപക ദിനാഘോഷ ചടങ്ങുകളുടെ ഭാഗമായി സംഘടിപ്പിച്ച പ്രതിഷേധ റാലി അതിന്‍റെ തുടക്കമാണ്. അപ്പോഴും പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ സംബന്ധിച്ച് തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്തിരിക്കുന്ന സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുക്കുന്നതിനോട് മുഖം തിരിഞ്ഞ് നില്‍ക്കുകയാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.  

സിപിഎമ്മുമായി യോജിച്ചുള്ള സമരം ഇവിടെ വേണ്ടെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. താന്‍ കെപിസിസി പ്രസിഡന്‍റാണെന്നും അതുകൊണ്ടുതന്നെ തന്‍റെ നിലപാടാണ് പാര്‍ട്ടിയുടെ നിലപാടെന്നും മുല്ലപ്പള്ളി സ്വരം കടുപ്പിക്കുന്നു. മുല്ലപ്പള്ളിയെ പിന്തുണച്ച് കെ മുരളീധരനും വി എം സുധീരനുമെല്ലാം രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍,  മുല്ലപ്പള്ളിയുടെ വാദത്തെ അംഗീകരിക്കാന്‍ രമേശ് ചെന്നിത്തലയോ ഉമ്മന്‍ ചാണ്ടിയോ ഒന്നും തയ്യാറായിട്ടുമില്ല. കേന്ദ്രനേതൃത്വമാകട്ടെ സംസ്ഥാനങ്ങളിലെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് അതാത് പിസിസികളാണെന്ന് പറഞ്ഞ് തലയൂരുകയും ചെയ്തു.

Read Also: പൗരത്വഭേദഗതി: സര്‍വ്വകക്ഷി യോഗത്തില്‍ മുല്ലപ്പള്ളി ഇല്ല, മുഖ്യമന്ത്രിയോടുള്ള വിയോജിപ്പോ?

ദേശീയതലത്തില്‍ സോണിയാ ഗാന്ധിയും സീതാറാം യെച്ചൂരിയും പ്രതിഷേധങ്ങള്‍ക്കായി കൈകോര്‍ത്തെങ്കിലും കേരളത്തിലേക്കെത്തുമ്പോള്‍ രാഷ്ട്രീയസാഹചര്യം മാറിമറിയുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനോടുള്ള വിയോജിപ്പാണ് മുല്ലപ്പള്ളിയെക്കൊണ്ട് ഇങ്ങനെയൊക്കെ തീരുമാനമെടുപ്പിക്കുന്നതെന്നാണ് എതിര്‍പക്ഷം പറയുന്നത്. എന്നാല്‍, ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സിപിഎമ്മിന് ആത്മാര്‍ത്ഥത ഇല്ലെന്നതാണ് കാരണമായി മുല്ലപ്പള്ളി ചൂണ്ടിക്കാണിക്കുന്നത്. കേരളത്തില്‍ നിലവിലുള്ളത് ഭരണകൂട ഭീകരതയാണെന്നും മുല്ലപ്പള്ളി തുറന്നടിച്ചിരുന്നു.

Read Also: ഞാൻ പറയുന്നതാണ് പാര്‍ട്ടി നിലപാട്'; സിപിഎമ്മുമായി ചേര്‍ന്ന് സമരത്തിനില്ലെന്ന് മുല്ലപ്പള്ളി

കേന്ദ്രത്തില്‍ നരേന്ദ്രമോദി പിന്തുടരുന്ന അതേ ആശയമാണ് പിണറായിയുടേത് എന്നാണ് മുല്ലപ്പള്ളിയെ വിഎം സുധീരന്‍ അഭിപ്രായപ്പെട്ടത്. മോദിയുടെ നയം ഡിജിപിയിലൂടെ നടപ്പാക്കുകയാണ് മുഖ്യമന്ത്രിയെന്ന് കെ മുരളീധരനും വിമര്‍ശിച്ചു. അതുമാത്രമല്ല, കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ അസ്വാരസ്യങ്ങളെക്കുറിച്ചും മുരളീധരന്‍ സൂചിപ്പിച്ചു. കെ കരുണാകരനും എ കെ ആന്‍റണിയും ഒന്നിച്ചെടുത്ത തീരുമാനങ്ങള്‍ ഹൈക്കമാന്‍റ് അംഗീകരിച്ചിരുന്നു. എന്നാല്‍,ഇപ്പോള്‍ അതല്ല സ്ഥിതി. പരസ്പരം ആരും അറിയാതെയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും മുരളീധരന്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. സംയുക്ത പ്രതിഷേധമൊക്കെ ദേശീയതലത്തില്‍ മതി ,കേരളത്തില്‍ കെപിസിസിയാണ് അന്തിമവാക്ക് എന്ന നിലപാടാണ് കെ സി വേണുഗോപാല്‍ സ്വീകരിച്ചത്. 

Read Also: സംയുക്ത പ്രതിഷേധം; കേരളത്തിലെ കാര്യങ്ങൾ കെപിസിസി തീരുമാനിക്കും, മുല്ലപ്പള്ളിയെ പിന്തുണച്ച് കെസി വേണുഗോപാല്‍

ഈ വക അഭിപ്രായവ്യത്യാസങ്ങള്‍ക്കും ചക്കളത്തില്‍ പോരിനും ഇടയിലാണ് പ്രതിഷേധ പരിപാടികള്‍ ശക്തമാക്കാന്‍ കോണ്‍ഗ്രസ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. രണ്ടുതട്ടില്‍ നില്‍ക്കുന്ന നേതാക്കളെയെല്ലാം പാര്‍ട്ടി എങ്ങനെ ഒരിടത്തേക്ക് എത്തിക്കുമെന്നത് ഇനി കണ്ടറിയണം. നാളെ നടക്കുന്ന സര്‍വ്വകക്ഷി യോഗത്തില്‍ താന്‍ പങ്കെടുക്കില്ലെന്നാണ് മുല്ലപ്പള്ളിയുടെ നിലപാടില്‍ നിന്ന് വ്യക്തമാകുന്നത്. കോണ്‍ഗ്രസിന്‍റെ പ്രതിനിധി ചര്‍ച്ചയില്‍ പങ്കെടുക്കും എന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. ആരാകും പങ്കെടുക്കുക എന്ന ചോദ്യത്തിന് അതൊക്കെ നാളെ അറിയാമല്ലോ എന്ന് പ്രതികരിച്ച് ഒഴിയുകയാണ് അദ്ദേഹം ചെയ്തത്. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കൊടിക്കുന്നില്‍ സുരേഷിനോട് മുല്ലപ്പള്ളി നിര്‍ദ്ദേശിച്ചതായുള്ള വിവരവും പിന്നാലെ പുറത്തുവന്നു.

മുഖ്യമന്ത്രി ആദ്യം വിളിച്ച സംയുക്ത പ്രതിഷേധത്തിൽ രമേശ് ചെന്നിത്തല പങ്കെടുത്തതു മുതൽ മുല്ലപ്പള്ളി എതിർപ്പ് പരസ്യമാക്കിയിരുന്നു. പൗരത്വം വിഷയമാണെങ്കിലും ചെന്നിത്തലയും,ഉമ്മൻചാണ്ടിയും പിണറായിയോട് സഹകരിക്കുമ്പോൾ, കേരളത്തിൽ പിണറായിക്കും സിപിഎമ്മിനുമെതിരെ വീട്ടുവീഴ്ചയിലാതെ നിലയുറപ്പിക്കുന്ന നേതാവാണ് താനെന്ന സന്ദേശം പാർട്ടിക്കുള്ളിൽ മുല്ലപ്പള്ളി ശക്തിപ്പെടുത്തുന്നു. നാളെ കെപിസിസി പ്രതിനിധിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സർവകക്ഷി യോഗത്തിൽ പങ്കെടുത്താൽ സംയുക്ത പ്രതിഷേധത്തോട് കൈകോർക്കേണ്ട എന്ന നിർദ്ദേശവും മുല്ലപ്പള്ളി നൽകിക്കഴിഞ്ഞു. ഭരണഘടനാ സംരക്ഷണ സമിതിയടക്കം രൂപീകരിച്ച് കേന്ദ്ര വിരുദ്ധ പ്രതിഷേധത്തിന്  സിപിഎം പദ്ധതിയിടുമ്പോഴാണ് ബദൽ സമരമുന്നണി വേണമെന്ന മുല്ലപ്പള്ളിയുടെ ആഹ്വാനം എന്നതും ശ്രദ്ധേയമാണ്. 

Read Also: സംയുക്ത പ്രക്ഷോഭം: പിണറായിക്ക് വിമർശനം, മുല്ലപ്പള്ളിയെ പിന്തുണച്ച് സുധീരനും മുരളീധരനും