ഓരോ എംഎൽഎമാരോടും തനിച്ച് സംസാരിക്കാനായിരുന്നു നേതാക്കളുടെ ശ്രമം. എന്നാൽ. ഇതിന് 92 എംഎൽഎമാരും തയ്യാറായില്ല. ചോദിക്കാനും പറയാനുമുള്ളത് ഒന്നിച്ച് എല്ലാവരോടുമായി ആകാം എന്ന് അവർ നിലപാ‌ടെടുത്തു. ​അശോക് ​ഗെലോട്ട് അനുകൂലികളായ ഇവർ രാജിഭീഷണി മുഴക്കിയതോടെയാണ് സമവായനീക്കവുമായി കേന്ദ്രനേതൃത്വം നേരിട്ടെത്തിയത്. 

ദില്ലി: രാജസ്ഥാനിലെ എംഎൽഎമാരുടെ രാജിഭീഷണിയിൽ കടുത്ത അതൃപ്തി പരസ്യമാക്കി കോൺ​ഗ്രസ് നേതാക്കൾ. എംഎൽഎമാരുടേത് അച്ചടക്കമില്ലായ്മയാണെന്ന് രാജസ്ഥാനിലേക്ക് കേന്ദ്രനേതൃത്വം നിയോ​ഗിച്ച നിരീക്ഷകസംഘം വിലയിരുത്തി. ഇതിനു പിന്നാലെ അശോക് ഗെലോട്ടിനെ കോൺഗ്രസ് അധ്യക്ഷനാക്കാനുള്ള നീക്കത്തിൽ നിന്ന് ഹൈക്കമാൻഡ് പിന്നോട്ട് മാറുകയാണെന്നും സൂചനകൾ പുറത്തുവന്നു. 

മുതിർന്ന നേതാക്കളായ അജയ് മാക്കനെയും മല്ലികാർജുൻ ഖാർ​ഗെയെയുമാണ് സോണിയാ ​ഗാന്ധി രാജസ്ഥാനിലെ എംഎൽഎമാരോട് സംസാരിക്കാൻ നിയോ​ഗിച്ചത്. ഇരുവരെയും നേരിൽക്കാണുന്നതിന് പോലും എംഎൽഎമാർ നിബന്ധന വച്ചതോടെയാണ് ഇത് കടുത്ത ധാർഷ്ട്യമാണെന്ന് നേതാക്കൾ വിലയിരുത്തിയത്. ഓരോ എംഎൽഎമാരോടും തനിച്ച് സംസാരിക്കാനായിരുന്നു നേതാക്കളുടെ ശ്രമം. എന്നാൽ. ഇതിന് 92 എംഎൽഎമാരും തയ്യാറായില്ല. ചോദിക്കാനും പറയാനുമുള്ളത് ഒന്നിച്ച് എല്ലാവരോടുമായി ആകാം എന്ന് അവർ നിലപാ‌ടെടുത്തു. ​അശോക് ​ഗെലോട്ട് അനുകൂലികളായ ഇവർ രാജിഭീഷണി മുഴക്കിയതോടെയാണ് സമവായനീക്കവുമായി കേന്ദ്രനേതൃത്വം നേരിട്ടെത്തിയത്. 

"ഞങ്ങൾ നിരീക്ഷകരായി എത്തിയതാണ്. മുഖ്യമന്ത്രിയുടെ (അശോക് ​ഗെലോട്ട്) വീട്ടിൽ വച്ച് അദ്ദേഹത്തിന്റെ സൗകര്യാർത്ഥം ഇന്നലെ വൈകിട്ട് യോ​ഗം ചേരാനായിരുന്നു തീരുമാനം. എന്നാൽ, ഒരു സമാന്തര യോ​ഗം ചേരുകയാണ് എംഎൽഎമാർ ചെയ്തത്. ഓരോരുത്തരോടും വെവ്വേറെ സംസാരിക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം. എന്നാൽ, മൂന്ന് എംഎൽഎമാർ വന്ന് ഇങ്ങോട്ട് മൂന്ന് നിബന്ധനകൾ വെക്കുകയായിരുന്നു". അജയ് മാക്കൻ പ്രതികരിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള യോ​ഗം ഒക്ടോബർ 19നേ നടത്താവൂ എന്നതായിരുന്നു എംഎൽഎമാരുടെ ഒരു നിബന്ധന. അപ്പോഴേക്കും കോൺ​ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് കഴിയും. അശോക് ​ഗെലോട്ട് അധ്യക്ഷനായാൽ പുതിയ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ അദ്ദേഹത്തിന്റെ തീരുമാനത്തിന് വലിയ സ്ഥാനമുണ്ടാകും. ഇതാണ് ഇത്തരമൊരു നിബന്ധനയ്ക്ക് പിന്നിലുള്ളത്. ഒറ്റയ്ക്കൊറ്റയ്ക്ക് നിരീക്ഷകരെ കാണാനാവില്ലെന്നതായിരുന്നു രണ്ടാമത്തെ നിബന്ധന. 2020ൽ വിമതനീക്കമുണ്ടായ സമയത്ത് സർക്കാരിനെ പിന്തുണച്ച 102 പേരിൽ നിന്ന് പുതിയ മുഖ്യമന്ത്രി‌യെ തെര‍ഞ്ഞെടുക്കണമെന്നതാണ് മൂന്നാമത്തെ നിബന്ധന. അന്ന് സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിലാണ് വിമതനീക്കം ഉണ്ടായത്. സച്ചിൻ പൈലറ്റ് മുഖ്യമന്ത്രി പദത്തിലെത്തുന്നതിന് ഏതു വിധേനയും ത‌ടയിടുക‌യാണ് ഈ എംഎൽഎമാരുടെ നീക്കം. 

Read Also: ഒന്നും എന്റെ കയ്യിലല്ല, എംഎൽഎമാർ ദേഷ്യത്തിലാണ്; രാജസ്ഥാൻ പ്രതിസന്ധിയിൽ അശോക് ​ഗെലോട്ട്? നിഷേധിച്ച് വേണു​ഗോപാൽ

ആവശ്യങ്ങൾ സോണിയാ ​ഗാന്ധിയെ അറിയിക്കാമെന്ന് തങ്ങൾ എംഎൽഎമാരോട് പറഞ്ഞെന്ന് അജയ് മാക്കൻ അറിയിച്ചു. സോണിയാ ​ഗാന്ധി ഒരു പോംവഴി കാണുമെന്നും പറഞ്ഞു. എന്നാൽ, എംഎൽഎമാർ അവർ നിർദ്ദേശിച്ച നിബന്ധനകൾ കൂടി പരി​ഗണിച്ചേ തീരുമാനമെടുക്കാവൂ എന്ന് നിർബന്ധം പിടിച്ചു. അങ്ങനെയുള്ള നിബന്ധനകൾ പ്രകാരം തീരുമാനമെടുക്കുന്നത് കോൺ​ഗ്രസിന്റെ രീതിയല്ലെന്ന് തങ്ങൾ എംഎൽഎമാരോട് പറഞ്ഞിട്ടുണ്ടെന്നും അജ്യ മാക്കൻ പറഞ്ഞു. 

അതിനിടെ, ഗെലോട്ടും സമാന നിലപാട് കടുപ്പിച്ചതോടെ കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തിന്റെ കാര്യത്തിൽ ഹൈക്കമാൻഡിന് മനം മാറ്റം ഉണ്ടായിട്ടുണ്ടെന്ന് സൂചനകൾ പുറത്തുവന്നു. ഗെലോട്ടിന് പകരം മുകൾ വാസ്നിക്, ദിഗ് വിജയ് സിംഗ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഇക്കാര്യത്തിൽ ചർച്ചകൾ തുടരുകയാണ്. രാവിലെ നിരീക്ഷകരോട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിൻ പൈലറ്റിനെ അംഗീകരിക്കില്ലെന്ന നിലപാട് ഗെലോട്ട് ആവർത്തിച്ചിരുന്നു. മുഖ്യമന്ത്രി കസേര പാർട്ടി വിശ്വസ്തർക്കേ വിട്ടു നൽകൂ എന്നും ഗെലോട്ട് ആവർത്തിച്ചു. ഇതിനു പിന്നാലെയാണ് ഹൈക്കമാൻഡും നിലപാട് കടുപ്പിച്ചത്. 

Read Also: 'ആദ്യം ഇവരെ, പിന്നെ രാജ്യത്തെ ഒന്നിപ്പിക്കാം' ; രാജസ്ഥാൻ പ്രതിസന്ധിയും ജോഡോ യാത്രയും ട്രോളി ബിജെപി