Asianet News MalayalamAsianet News Malayalam

സ്ഥിതി നിരീക്ഷിച്ച് ശശി തരൂർ; വോട്ടർ പട്ടിക പരിശോധിക്കാനായി എഐസിസി ആസ്ഥാനത്ത്

രാഹുൽ ഗാന്ധി അധ്യക്ഷനാകാനില്ലെങ്കിൽ സോണിയ ഗാന്ധി തുടരണം എന്ന നിർദ്ദേശമാണ് ശശി തരൂർ മുന്നോട്ട് വെക്കുന്നത്. ഗാന്ധി കുടുംബത്തിൽ നിന്ന് ആരുമില്ലെങ്കിൽ മത്സരിക്കും എന്ന നിലപാടിൽ ഉറച്ച് നില്‍ക്കുകയാണ് തരൂർ.

congress president election Shashi Tharoor at AICC headquarters
Author
First Published Sep 21, 2022, 12:51 PM IST

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മറ്റന്നാള്‍ ഇറങ്ങാനിരിക്കെ ശശി തരൂർ എഐസിസി ആസ്ഥാനത്ത്. വോട്ടർ പട്ടിക പരിശോധിക്കാനാണെത്തിയത് എന്നാണ് വിവരം. അതേസമയം, രാഹുൽ ഗാന്ധി അധ്യക്ഷനാകാനില്ലെങ്കിൽ സോണിയ ഗാന്ധി തുടരണം എന്ന നിർദ്ദേശമാണ് ശശി തരൂർ മുന്നോട്ട് വെക്കുന്നത്. ഗാന്ധി കുടുംബത്തിൽ നിന്ന് ആരുമില്ലെങ്കിൽ മത്സരിക്കും എന്ന നിലപാടിൽ ഉറച്ച് നില്‍ക്കുകയാണ് തരൂർ. തരൂരിൻ്റെ നീക്കങ്ങൾ നിരീക്ഷിക്കുകയാണെന്നും ഔദ്യോഗിക പിന്തുണയുണ്ടാവില്ലെന്നും എഎൈസിസി വൃത്തങ്ങൾ വ്യക്തമാക്കി.
 
തിങ്കളാഴ്ച സോണിയ ഗാന്ധിയെ കണ്ട് നിലപാടറയിച്ച ശശി തരൂർ തല്‍ക്കാലം മൗനത്തിലാണ്. ഇപ്പോൾ പരസ്യപ്രതികരണത്തിനില്ലെന്നാണ് തരൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. സോണിയ ഗാന്ധിയെ കണ്ടപ്പോൾ തരൂർ മൂന്ന് നിർദ്ദേശങ്ങൾ വച്ചു എന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്. ഒന്ന്, രാഹുൽ ഗാന്ധി അധ്യക്ഷനാകുക. രണ്ട്, രാഹുൽ തയ്യാറല്ലെങ്കിൽ പ്രിയങ്ക ഗാന്ധി ഇതേറ്റെടുക്കണം. മൂന്ന്, രണ്ട് പേരും തയ്യാറല്ലെങ്കിൽ സോണിയ ഗാന്ധി ഈ സ്ഥാനത്ത് തുടരണം എന്നെല്ലാമായിരുന്നു തരൂർ മുന്നോട്ട് വെച്ച മൂന്ന് നിർദ്ദേശങ്ങൾ. എന്നാൽ തനിക്ക് തുടരാൻ കഴിയില്ലെന്ന നിലപാടാണ് സോണിയ ഗാന്ധി അറിയിച്ചത്.

Also Read: ചടുലനീക്കങ്ങളുമായി ഗെലോട്ട്; അധ്യക്ഷ പദം ഏറ്റെടുക്കുമോ? രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇനിയാര് ?

രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ അവസാന തീരുമാനം അറിയിച്ചില്ല. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ചേർന്ന് വൈകാതെ ഇക്കാര്യത്തിൽ തീരുമാനം എടുക്കും എന്നാണ് മുതിർന്ന നേതാക്കള്‍ പറയുന്നത്. ഈ തീരുമാനത്തിനായി ശശി തരൂരും കാത്തിരിക്കുകയാണ്. പത്രിക നല്‍കാനുള്ള തീയതി തീരും വരെ തരൂർ ദില്ലിയിൽ തുടരും. തരൂരിൻ്റെ നീക്കം നിരീക്ഷിക്കുകയാണന്ന് എഐസിസി സൂചന നല്‍കി. പാർട്ടി പ്രവർത്തകസമിതി അംഗത്വം ലക്ഷ്യം വച്ചാണ് തരൂരിൻ്റെ നീക്കമെന്ന് ചിലർ കരുതുന്നു. കേരളത്തിൽ പാർട്ടിയുടെ മുഖമായി മാറാൻ തരൂരിന് താല്പര്യമുണ്ടെന്നും സൂചനയുണ്ട്. 

ഗാന്ധി കുടുംബത്തെ അനുകൂലിക്കാം എന്ന തരൂരിൻ്റെ നിലപാടിനോട് എന്നാൽ മറ്റ് ജി 23 നേതാക്കൾക്ക് എതിർപ്പുണ്ട്. രാഹുൽ ഗാന്ധി മത്സരിച്ചാലും മനീഷ് തിവാരിയെ ഇറക്കി നേരിടാനുള്ള ആലോചന ചില നേതാക്കൾക്കിടയിൽ സജീവമാണ്. എന്തായാലും ശശി തരൂർ മത്സരിക്കും എന്ന നിലപാടിൽ ഉറച്ചു നില്‍ക്കുമ്പോൾ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് ദേശീയ ശ്രദ്ധയാകെ തിരിയുകയാണ്.

Follow Us:
Download App:
  • android
  • ios