Asianet News MalayalamAsianet News Malayalam

കോൺഗ്രസിനെ നയിക്കാൻ ആര്? ഗാന്ധി കുടുംബാംഗമോ, പുറത്ത് നിന്നോ ? ഒക്ടോബറിൽ അറിയാം, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

രാഹുൽ ഗാന്ധി അദ്ധ്യക്ഷനാകണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖർഗെ യോഗത്തിനു മുന്നോടിയായി ആവശ്യപ്പെട്ടിരുന്നു. എന്നാലിതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. 

Congress presidential election on october 17
Author
First Published Aug 28, 2022, 4:32 PM IST

ദില്ലി : ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ നയിക്കാൻ അധ്യക്ഷ സ്ഥാനത്തേക്ക് ആരെത്തുമെന്ന് ഒക്ടോബറിൽ അറിയാം. പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒക്ടോബർ 17 ന് നടത്താൻ തീരുമാനമായി. കൂടുതൽ സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ടെങ്കിൽ ഒക്ടോബർ 8 ന് സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. 16 ആം തിയ്യതി വരെ സ്ഥാനാർത്ഥികൾക്ക് പ്രചാരണം നടത്താം. വോട്ടെണ്ണൽ ആവശ്യമെങ്കിൽ 19 ന് നടത്താനാണ് തീരുമാനം. നേരത്തെ സപ്തംബർ 20 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനം. വിദേശത്തുള്ള സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയിൽ വിർച്വലായി ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിലാണ് തെരഞ്ഞെടുപ്പ് തിയ്യതി നീട്ടി വെക്കാൻ തീരുമാനമായത്.

നയിക്കാൻ പുതിയ അധ്യക്ഷൻ വരുമോ ? കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് തീരുമാനിക്കാൻ ഞായറാഴ്ച യോഗം

സോണിയാഗാന്ധിക്കൊപ്പം പ്രിയങ്കാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരും വിദേശത്ത് നിന്നും യോഗത്തിൽ ചേർന്നു. മറ്റ് ജനറൽ സെക്രട്ടറിമാർ, എഐസിസി ആസ്ഥാനത്ത് വെച്ചാണ് യോഗത്തിൽ പങ്കെടുത്തത്. രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ഗുലാംനബി ആസാദ് പാർട്ടി വിട്ട ശേഷം ചേർന്ന യോഗം വെറും പതിനഞ്ച് മിനിറ്റ് മാത്രമാണുണ്ടായത്. ഗുലാംനബി ആസാദിന്റെ രാജിയോ രാഹുലിനെതിരായി ആസാദ് അയച്ച കത്തോ യോഗത്തിൽ ചർച്ചക്ക് വന്നിട്ടില്ല. ഗാന്ധി കുടുംബം പ്രസിഡന്റ് സ്ഥാനത്തേക്ക് വരുമോ എന്നതും ഇന്നത്തെ യോഗം ചർച്ച ചെയ്തിട്ടില്ല. രാഹുൽ ഗാന്ധി അദ്ധ്യക്ഷനാകണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖർഗെ യോഗത്തിനു മുന്നോടിയായി ആവശ്യപ്പെട്ടിരുന്നു. എന്നാലിതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. 

എന്നാൽ അതേ സമയം, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് കോൺ​ഗ്രസ് അധ്യക്ഷനാകാൻ ഇടക്കാല പ്രസിഡന്റ് സോണിയാ ​ഗാന്ധി ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾ നേരത്തെ വന്നിട്ടുണ്ട്. ഒന്നുകിൽ രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ അധ്യക്ഷ സ്ഥാനത്തേക്ക് വരണം. എന്നാൽ രാഹുൽ താൽപര്യം വ്യക്തമാക്കിയിട്ടില്ല. അടുത്ത വഴി എന്ന നിലയിൽ പ്രിയങ്ക ഗാന്ധിയെ പരിഗണിച്ചെങ്കിലും രാഹുൽ ഇല്ലെങ്കിൽ താനുമില്ലെന്ന നിലപാടാണ് പ്രിയങ്ക സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മുതിർന്ന നേതാവെന്ന നിലയിൽ ഗെഹ്ലോട്ടിനെ പരിഗണിക്കാനുള്ള സാധ്യതകൾ സോണിയ ആരാഞ്ഞതെന്നാണ് വിവരം. എന്നാൽ ഹൈക്കമാൻഡ് നൽകിയ  രാജസ്ഥാന്റെ ചുമതലകൾ താൻ നിർവഹിക്കുന്നുണ്ടെന്നും  അധ്യക്ഷ സ്ഥാനത്തേക്കെന്ന രീതിയിലെ പ്രചാരണത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് ഗെഹ്ലോട്ട് പ്രതികരിച്ചത്. ഇതോടൊപ്പം നയിക്കാൻ രാഹുൽ തന്നെ വരണമെന്ന ആവശ്യവും ഗെഹ്ലോട്ട് മുന്നോട്ട് വെക്കുന്നു. 
 

Follow Us:
Download App:
  • android
  • ios