Asianet News MalayalamAsianet News Malayalam

'ഖാർഗെ ശത്രുവല്ല'; ആദരണീയനായ നേതാവുമായുള്ള മത്സരമാണിതെന്നും തരൂർ, പ്രചാരണം ചെന്നൈയിൽ

ബിജെപിയെ എങ്ങനെ എതിർക്കണം എന്നതിലെ വ്യത്യസ്ഥ നിലപാടുകൾ തമ്മിലുള്ള സൗഹൃദമത്സരമാണ് നടക്കുന്നതെന്ന് ശശി തരൂർ പറഞ്ഞു.

congress presidential election shashi tharoor says mallikarjun kharge is not enemy
Author
First Published Oct 6, 2022, 10:23 PM IST

ചെന്നൈ: എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശശി തരൂർ ചെന്നൈയിൽ. കോൺഗ്രസ് ആസ്ഥാനത്ത് ടിഎൻസിസി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. രാജീവ് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷം തരൂർ, കാമരാജ് സ്മാരകത്തിലും എത്തി. ഐഐടി ചെന്നൈയിലെ വിദ്യാർത്ഥികളുമായും സംവദിച്ചു. മല്ലികാർജ്ജുൻ ഖാർഗെ ശത്രുവല്ലെന്നും ആദരണീയനായ മുതിർന്ന നേതാവുമായുളള മത്സരമാണിതെന്നും ശശി തരൂർ പറഞ്ഞു. 

ബിജെപിയെ എങ്ങനെ എതിർക്കണം എന്നതിലെ വ്യത്യസ്ഥ നിലപാടുകൾ തമ്മിലുള്ള സൗഹൃദമത്സരമാണ് നടക്കുന്നതെന്ന് ശശി തരൂർ പറഞ്ഞു. മണ്ഡല തലത്തിൽ പോലും കാലങ്ങളായി നേതൃത്വത്തിൽ തുടരുന്നവർ സ്വന്തം സംസ്ഥാനമായ കേരളത്തിൽ പോലുമുണ്ട്. പാർട്ടിയെ അടിമുടി പുനരുജ്ജീവിപ്പിക്കണമെന്നും നിർവാഹക സമിതി അംഗങ്ങളെ പ്രവർത്തകർ തെരഞ്ഞെടുക്കുന്ന നില വരണമെന്നും തരൂർ പറഞ്ഞു. എല്ലാ സംസ്ഥാനത്തും കൂടുതൽ യുവാക്കളും സ്ത്രീകളും പ്രവർത്തകരായും നേതാക്കളായും വരണം. വിവിധ രംഗങ്ങളിലെ പ്രൊഫഷണലുകളെ പാർട്ടിയിലേക്ക് ആകർഷിക്കാനകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; എന്താണ് നടപടി ക്രമങ്ങള്‍? സ്ഥാനാര്‍ത്ഥിയായ ശശി തരൂര്‍ സംസാരിക്കുന്നു

എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മനസാക്ഷി വോട്ട് ചെയ്യണമെന്ന് കെ സുധാകരൻ നിലപാട് തിരുത്തിയതിൽ സന്തോഷമെന്നും ശശി തരൂർ പറഞ്ഞു. ഇതാണ് ശരിയായ നിലപാട്. ഭാരവാഹി സ്ഥാനത്തിരുന്നുകൊണ്ട് വ്യക്തിപരമായ നിലപാട് പ്രഖ്യാപിച്ചാൽ ആളുകൾ അതിൽ ദുരുദ്ദേശ്യം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള പര്യടനത്തിൽ നിരാശയില്ലെന്നും ശശി തരൂർ പ്രതികരിച്ചു. ഖാർഗെയ്ക്കായി പ്രചാരണം നടത്തുന്ന ചെന്നിത്തല പാർട്ടി ഭാരവാഹിയല്ല. ഏതെങ്കിലും പ്രസ്താവനകളിൽ എഐസിസി തെരഞ്ഞെടുപ്പ് സമിതി അതൃപ്തി അറിയിച്ചിട്ടില്ലെന്നും തരൂർ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂരിനെ പിന്തുണച്ച് മുതിർന്ന നേതാവ് സെയ്ഫുദ്ദീൻ സോസ് രംഗത്തെത്തി. അധ്യക്ഷ പദവിക്ക് തരൂർ യോഗ്യനാണെന്നാണ് സെയ്ഫുദ്ദീൻ സോസിൻറെ പക്ഷം. തരൂർ വിദ്യാസമ്പന്നനും ലോക പരിചയമുള്ളയാളാണെന്നും സോസ് കൂട്ടിച്ചേർത്തു.

Follow Us:
Download App:
  • android
  • ios