വടക്കുകിഴക്കൻ മേഖലയിലുള്ളവർ ചൈനക്കാരെ പോലെയാണെന്നും തെക്കേയിന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയുമാണ് സാം പിത്രോദയുടെ പ്രസ്താവന ലോക്സഭ തെരഞ്ഞെടുപ്പിനിടെ വിവാദമായിരുന്നു.

ദില്ലി: ഇന്ത്യൻ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനായി സാം പിത്രോദയെ കോണ്‍ഗ്രസ് വീണ്ടും നിയമിച്ചു. പിന്തുടര്‍ച്ച സ്വത്ത് വിവാദം, ഇന്ത്യക്കാരുടെ വൈവിധ്യം ഉന്നയിച്ചുള്ള പിത്രോദയുടെ പരാമര്‍ശം എന്നിവ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി ആയുധമാക്കിയിരുന്നു. പരാമര്‍ശങ്ങള്‍ വിവാദമായതോടെ കഴിഞ്ഞ മാസം മെയ് എട്ടിനാണ് പിത്രോദ ഇന്ത്യൻ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാൻ സ്ഥാനം രാജിവെച്ചത്. 

സാം പിത്രോദയുടെ രാജി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ അംഗീകരിക്കുകയും ചെയ്തിരുന്നു. ലോക്ഭ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ കഴിഞ്ഞ് ഇന്ത്യ സഖ്യം മികച്ച പ്രകടനം നടത്തിയതിന് പിന്നാലെയാണിപ്പോള്‍ സാം പിത്രോദയെ വീണ്ടും ഇന്ത്യൻ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനായി നിയമിച്ചിരിക്കുന്നത്. 

വടക്കുകിഴക്കൻ മേഖലയിലുള്ളവർ ചൈനക്കാരെ പോലെയാണെന്നും തെക്കേയിന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയുമാണ് സാം പിത്രോദയുടെ പ്രസ്താവനയാണ് ലോക്സഭ തെരഞ്ഞെടുപ്പിനിടെ വിവാദമായത്. പടിഞ്ഞാറുള്ളവർ അറബികളെ പോലെയും വടക്കുള്ളവർ യൂറോപ്പുകാരെപോലെ ആണെന്നും പിത്രോദ പറഞ്ഞിരുന്നു. പ്രസ്താവനയെ കോൺഗ്രസ് നേതാക്കൾ തള്ളിക്കള‌ഞ്ഞപ്പോഴും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ പരിഹാസത്തിനും വിമർശനത്തിനും കാരണമായിരുന്നു. 

ഇന്ത്യയുടെ വൈവിധ്യത്തിന് ഉദാഹരണമെന്ന് സൂചിപ്പിച്ചാണ് പ്രസ്താവന സാം പിത്രോദ നടത്തിയത്. വ്യത്യസ്തതകളുണ്ടെങ്കിലും അതൊന്നും പ്രശ്നമല്ലെന്നും എല്ലാ ഭാഷകളെയും ബഹുമാനിക്കുന്നവരാണെന്നും പിത്രോദ പറഞ്ഞിരുന്നു. എന്നാൽ, ഇതിനെതിരെ കേസ് എടുക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വാസ് ശർമ്മയും മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങും പ്രതികരിച്ചിരുന്നു. പിത്രോദയുടെ പ്രസ്താവന കോൺഗ്രസ് തള്ളിയിരുന്നു. പരാമർശം നിർഭാഗ്യകരമാണെന്നും കോൺഗ്രസിന്‍റെ നിലപാട് അല്ലെന്നുമായിരുന്നു ജയറാം രമേശിന്‍റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സാം പിത്രോദയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു.

പിത്രോദ തെക്കേ ഇന്ത്യക്കാരെ നിറത്തിന്‍റെ പേരിൽ അധിക്ഷേപിച്ചുവെന്നും കറുത്ത നിറമുള്ള കൃഷ്ണനെ ആദരിക്കുന്നവരാണ് തങ്ങളെന്നും പിത്രോദയുടെ പ്രസ്താവനയില്‍ രാഹുൽ മറുപടി പറയണമെന്നും മോദി പറഞ്ഞിരുന്നു.