കന്യാകുമാരിയിൽ നിന്ന് ഭാരത് ജോഡോ യാത്ര തുടങ്ങിയപ്പോൾ രാഹുൽ  സ്വാമി വിവേകാനന്ദനെ അവ​ഗണിച്ചു എന്നായിരുന്നു സ്മൃതിയു‌ടെ വിമർശനം. ഇതിനു മറുപടിയായി രാഹുൽ അന്നേദിവസം വിവേകാനന്ദ പ്രതിമക്ക് മുമ്പിൽ ആദരവ് അർപ്പിക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് കോൺ​ഗ്രസ്. 

ദില്ലി: രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ വിമർശിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് ഫാക്‌ട് ചെക്ക് വീഡിയോയിലൂ‌ടെ മറുപടി നൽകി കോൺ​ഗ്രസ്. കന്യാകുമാരിയിൽ നിന്ന് ഭാരത് ജോഡോ യാത്ര തുടങ്ങിയപ്പോൾ രാഹുൽ സ്വാമി വിവേകാനന്ദനെ അവ​ഗണിച്ചു എന്നായിരുന്നു സ്മൃതിയു‌ടെ വിമർശനം. ഇതിനു മറുപടിയായി രാഹുൽ അന്നേദിവസം വിവേകാനന്ദ പ്രതിമക്ക് മുമ്പിൽ ആദരവ് അർപ്പിക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് കോൺ​ഗ്രസ്. 

സ്മൃതി ഇറാനിയുടെ വിമർശനങ്ങളും അതിനുള്ള മറുപടിയായി രാഹുലിന്റെ വീഡിയോയും- രണ്ടും ചേർത്ത് ഫാക്ട് ചെക്ക് വീഡിയോയാണ് കോൺ​ഗ്രസ് പ്രതിരോധം തീർത്തിരിക്കുന്നത്. കോൺ​ഗ്രസ് വക്താവ് പവൻ ഖേരയാണ് വീഡിയോ ട്വീറ്റ് ചെയ്തത്. "എന്ത് നിസ്സാര കാര്യമാണിത്. നിസ്സാര ഹൃദയരെ ദൈവം അനു​ഗ്രഹിക്കട്ടെ". ട്വീറ്റിന് ക്യാപ്ഷനായി പവൻ ഖേര കുറിച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ തരം​ഗമായിക്കഴിഞ്ഞു. നിരവധി കോൺ​ഗ്രസ് നേതാക്കളും പ്രവർത്തകരുമാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 

"നുണകൾ ചമച്ചുണ്ടാക്കുന്നതിലാണ് ബിജെപി വിശ്വസിക്കുന്നത്. കാര്യങ്ങൾ കൂടുതൽ വ്യക്തതയോടെ കാണാൻ സ്മൃതി ഇറാനിക്ക് ആവശ്യമെങ്കിൽ ഒരു പുതിയ കണ്ണട ഞങ്ങൾ വാങ്ങിത്തരാം". സ്മൃതി ഇറാനിയുടെ വിമർശനങ്ങളോട് കോൺ​ഗ്രസ് നേതാവും രാജ്യസഭാ എംപിയുമാ‌യ ജയറാം രമേശ് പ്രതികരിച്ചു. 

'ഞാൻ കോൺ​ഗ്രസ് പാർട്ടിയോട് ചോദിക്കാനാ​ഗ്രഹിക്കുകയാണ്, ഇന്ത്യയെ ഏകീകരിക്കാൻ കന്യാകുമാരിയിൽ നിന്ന് ‌‌യാത്ര തുടങ്ങുമ്പോൾ സ്വാമി വിവേകാനന്ദനെ അവ​ഗണിക്കാതിരിക്കാനുള്ള മര്യാദ‌യെങ്കിലും കുറഞ്ഞ പക്ഷം നിങ്ങൾ കാണിക്കേണ്ടതല്ലേ. രാഹുൽ ​ഗാന്ധിക്ക് അത്തരം മര്യാദയൊന്നും ഇല്ലെന്നാണ് തോന്നുന്നത്' എന്നായിരുന്നു സ്മൃതിയുടെ വിമർശനം. 

Scroll to load tweet…

അതേസമയം, ഭാരത് ജോഡോ യാത്രയെ ചൊല്ലി ട്വിറ്ററില്‍ കോണ്‍ഗ്രസും സിപിഎമ്മും പരസ്പരം പരിഹസിച്ചു. 18 ദിവസം കേരളത്തില്‍ യാത്ര നടത്തുന്ന രാഹുല്‍ഗാന്ധി യുപിയില്‍ വെറും രണ്ട് ദിവസമാണ് യാത്ര ചെയ്യുന്നതെന്ന് സിപിഎം പറഞ്ഞു.ബിജെപിയേയും ആർഎസ്എസിനെയും നേരിടാനുള്ള വിചിത്രമായ വഴിയെന്നും സിപിഎം പരിഹസിച്ചു. എന്നാല്‍ മുണ്ട് മോദിയുടെ സിപിഎം കേരളത്തിലെ ബിജെപിയുടെ എ ടീമാണെന്നായിരുന്നു ജയറാം രമേശിന്‍റ മറുപടി . ഭാരത് ജോഡോ യാത്രയെ കുറിച്ച് സിപിഎം ശരിക്ക് മനസ്സിലാക്കണമെന്നും ജയറാം രമേശ് പറഞ്ഞു.

Read More: ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് സിപിഎം; 18 ദിവസം കേരളത്തിൽ, യുപിയിൽ വെറും രണ്ട് ദിവസം !