Asianet News MalayalamAsianet News Malayalam

കേരളത്തിന് പിന്നാലെ കോണ്‍ഗ്രസ് സംസ്ഥാനങ്ങളും; പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ തീരുമാനം

സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ എകെ ആന്‍റണി, പി ചിദംബരം, ആനന്ദ് ശര്‍മ, പ്രിയങ്കാന്ധി, ജോതിരാദിത്യ സിന്ധ്യ, കെ സി വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു. അതേസമയം, രാഹുല്‍ ഗാന്ധി യോഗത്തിനെത്തിയില്ല.  

Congress rules states will pass resolution against CAA
Author
New Delhi, First Published Jan 12, 2020, 9:21 AM IST

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍. കേരളത്തെ മാതൃകയാക്കിയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സിഎഎക്കെതിരെ നിയമസഭകള്‍ പ്രമേയം പാസാക്കുന്നത്. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പൗരത്വ നിയമ ഭേതഗതി പിന്‍വലിക്കുക, എന്‍പിആര്‍ പുതുക്കല്‍ നിര്‍ത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കേന്ദ്രത്തോട് ഉന്നയിച്ചാണ് പ്രമേയം പാസാക്കുക.

വിദ്യാര്‍ത്ഥി സമരങ്ങള്‍ക്കെതിരെ കേന്ദ്രം സ്വീകരിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് വര്‍ക്കിംഗ് കമ്മിറ്റി പ്രമേയം പാസാക്കി. സര്‍ക്കാറിനെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ സമരത്തിന് കോണ്‍ഗ്രസ് പിന്തുണ നല്‍കും. സാമ്പത്തിക രംഗത്തെ സര്‍ക്കാറിന്‍റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കാനും കശ്മീരിലെ മനുഷ്യാവകാശങ്ങള്‍ പുന:സ്ഥാപിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍, സാമ്പത്തിക അവസ്ഥ, കശ്മീര്‍, ഇറാന്‍-യുഎസ് സംഘര്‍ഷം എന്നിവയും വര്‍ക്കിംഗ് കമ്മിറ്റി ചര്‍ച്ച ചെയ്തു.

സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ എകെ ആന്‍റണി, പി ചിദംബരം, ആനന്ദ് ശര്‍മ, പ്രിയങ്കാന്ധി, ജോതിരാദിത്യ സിന്ധ്യ, കെ സി വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു. അതേസമയം, രാഹുല്‍ ഗാന്ധി യോഗത്തിനെത്തിയില്ല.  

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രമേയം പാസാക്കാനുള്ള തീരുമാനത്തെ ബിജെപി രൂക്ഷമായി വിമര്‍ശിച്ചു. പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാറിനെ തടയാന്‍ ഭൂമിയിലെ ഒരു ശക്തിക്കും സാധിക്കില്ലെന്ന് ബിജെപി തിരിച്ചടിച്ചു. സിഎഎ നിലവില്‍ വന്നു. ഇനി ആര്‍ക്കും പിന്തിരിപ്പിക്കാനാകില്ല. സിഎഎ സംബന്ധിച്ച് കോണ്‍ഗ്രസിന്‍റെ കാപട്യം തുറന്നുകാട്ടുമെന്നും ബിജെപി വക്താവ് ജിവിഎല്‍ നരസിംഹറാവു പറഞ്ഞു. രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഹിന്ദുക്കളായ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്നത് കോണ്‍ഗ്രസ് വാഗ്ദാനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലെത്തിയ ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് പൗരത്വം നല്‍കണമെന്ന് മന്‍മോഹന്‍ സിംഗ് ഉന്നയിച്ചിരുന്നു. എന്‍പിആര്‍ നടപ്പാക്കാന്‍ 2010ല്‍ തീരുമാനിച്ചത് കോണ്‍ഗ്രസാണ്. 2020ല്‍ എത്തിയപ്പോള്‍ എന്‍പിആര്‍ എങ്ങനെയാണ് അപകടകരമായത്. കോണ്‍ഗ്രസിന് ഇക്കാര്യങ്ങളിലെല്ലാം ഇരട്ടത്താപ്പാണെന്നും ബിജെപി വക്താവ് ആരോപിച്ചു.

Follow Us:
Download App:
  • android
  • ios