Asianet News MalayalamAsianet News Malayalam

'ഗുലാം നബി ആസാദിന്‍റെ രാജി ദു:ഖകരം,ഭാരത്ജോഡോ യാത്രക്കായി പാർട്ടി ഒരുങ്ങുമ്പോഴുള്ള രാജി ദൗർഭാഗ്യകരം' കോണ്‍ഗ്രസ്

സോണിയയും രാഹുലും കോൺഗ്രസും വിലക്കയറ്റം ഉൾപ്പെടെയുള വിഷയങ്ങളിൽ പ്രതിഷേധം ശക്തമാക്കുമ്പോഴാണ് രാജി.ചോദ്യങ്ങൾക്ക് മറുപടി പറയാതെ നേതാക്കൾ വാർത്ത സമ്മേളനം അവസാനിപ്പിച്ചു

congress says azads resignation unfortunate
Author
First Published Aug 26, 2022, 12:54 PM IST

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്‍റെ രാജി ദുഖകരമെന്ന് കോണ്‍ഗ്രസ്.സോണിയയും രാഹുലും കോൺഗ്രസും വിലക്കയറ്റം ഉൾപ്പെടെയുള വിഷയങ്ങളിൽ പ്രതിഷേധം ശക്തമാക്കുമ്പോഴാണ് രാജി.ഭാരത് ജോഡോ യാത്രക്കായി പാർട്ടി ഒരുങ്ങുന്നു.ഈ സമയത്തുള്ള രാജി ദൗർഭാഗ്യകരവും ദുഃഖകരവുമാണെന്ന് അജയ് മാക്കനും ജയറാം രമേശും പറഞ്ഞു.മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ നേതാക്കൾ വാർത്ത സമ്മേളനം അവസാനിപ്പിച്ചു.

കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് ഗുലാം നബി ആസാദ് രാജിവച്ചത്. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. കലാപക്കൊടി ഉയര്‍ത്തിയ ശേഷമാണ് കോണ്‍ഗ്രസിന്‍റെ തല മുതിര്‍ന്ന നേതാവ് പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങുന്നത്. അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന നേതാവാണ് ഗുലാം നബി ആസാദ്. 

ജമ്മു കശ്മീരിൽ കോണ്‍ഗ്രസിന്‍റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വച്ചതിന് തൊട്ടുപിന്നാലെയാണ് പാർട്ടിയിൽ നിന്ന് തന്നെ ഗുലാം നബി പടിയിറങ്ങുന്നത്.  കോണ്‍ഗ്രസില്‍ മുഴുവന്‍ സമയ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് 2020 ഓഗസ്റ്റില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് തുറന്ന കത്തെഴുതിയ 23 നേതാക്കളില്‍ ആസാദുമുണ്ടായിരുന്നു. ഇതിന് പിന്നാലെ നടന്ന എഐസിസി പുനഃസംഘടനയില്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ആസാദിനെ നീക്കിയിരിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നായിരുന്നു ഗുലാം നബി ആസാദ് കൂടി ഉൾപ്പെട്ട ഗ്രൂപ്പ് 23 ന്‍റെ വിമര്‍ശനം. ഏറെ നാളുകള്‍ നീണ്ട അസ്വാരസ്യങ്ങള്‍ക്ക് ഒടുവിലാണ് ഗുലാം നബി ആസാദിന്‍റെ രാജി. ജമ്മു കശ്മീർ രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും ഗുലാം നബി ആസാദ് രാജിവച്ചിരുന്നു.

രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം

രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഗുലാം നബി ആസാദിന്‍റെ രാജിക്കത്തിലുള്ളത്. പാര്‍ട്ടിയിലെ കൂടിയാലോചന സംവിധാനത്തെ രാഹുല്‍ ഗാന്ധി തകര്‍ത്തുവെന്നും പുതിയ ഉപജാപകവൃന്ദത്തെ സൃഷ്ടിച്ചു എന്നുമാണ് വിമര്‍ശനം. മുതിര്‍ന്നവരും പരിചയ സമ്പന്നരുമായ നേതാക്കളെ ഒതുക്കി എന്നും ഗുലാം നബി ആസാദ് രാജിക്കത്തില്‍ വിമര്‍ശിക്കുന്നു. രാഹുല്‍ ഗാന്ധി പക്വതയില്ലാത്ത വിധം പെരുമാറി. തിരുച്ചുവരാനാകാത്ത വിധം കോണ്‍ഗ്രസിനെ രാഹുല്‍ ഗാന്ധി തകര്‍ത്തു എന്നും രാജിക്കത്തില്‍ ഗുലാം നബി ആസാദ് വിമര്‍ശിക്കുന്നു. രാഷ്ട്രീയ ഇടം ബിജെപിക്ക് വിട്ടുനല്‍കിയെന്നും വിമര്‍ശനമുണ്ട്. 

Follow Us:
Download App:
  • android
  • ios