Asianet News MalayalamAsianet News Malayalam

പണവുമായി പിടിയിലായ സംഭവം; മൂന്ന് ഝാര്‍ഖണ്ഡ് എംഎല്‍എമാരെയും കോൺഗ്രസ് സസ്പെന്‍ഡ് ചെയ്തു

കുറഞ്ഞ വിലയ്ക്ക് സാരിവാങ്ങാനാണ് പണവുമായി ബംഗാളിലെത്തിയതെന്നാണ് എംഎല്‍എമാർ പോലീസിന് നല്‍കിയ മൊഴി. ഝാർഖണ്ഡ് സർക്കാരിനെ വീഴ്ത്താനുള്ള ബിജെപിയുടെ ശ്രമമാണ് പൊളിഞ്ഞതെന്ന ആരോപണം കോൺഗ്രസ് കടുപ്പിക്കുമ്പോൾ, പണത്തിന്‍റെ ഉറവിടമെന്തെന്ന് കോൺഗ്രസ് വെളിപ്പെടുത്തണമെന്ന് ബിജെപി തിരിച്ചടിച്ചു. 
 

congress suspends three jharkhand mlas caught with money in west bengal
Author
Delhi, First Published Jul 31, 2022, 1:17 PM IST

ദില്ലി: പണവുമായി പശ്ചിമബംഗാളില്‍ പിടിയിലായ മൂന്ന് ഝാർഖണ്ഡ് എംഎല്‍എമാരെ കോൺഗ്രസ് സസ്പെന്‍ഡ് ചെയ്തു. കുറഞ്ഞ വിലയ്ക്ക് സാരിവാങ്ങാനാണ് പണവുമായി ബംഗാളിലെത്തിയതെന്നാണ് എംഎല്‍എമാർ പോലീസിന് നല്‍കിയ മൊഴി. ഝാർഖണ്ഡ് സർക്കാരിനെ വീഴ്ത്താനുള്ള ബിജെപിയുടെ ശ്രമമാണ് പൊളിഞ്ഞതെന്ന ആരോപണം കോൺഗ്രസ് കടുപ്പിക്കുമ്പോൾ, പണത്തിന്‍റെ ഉറവിടമെന്തെന്ന് കോൺഗ്രസ് വെളിപ്പെടുത്തണമെന്ന് ബിജെപി തിരിച്ചടിച്ചു. 

 എംഎല്‍എമാർ പിടിയിലായ സംഭവം കോൺഗ്രസ് ദേശീയ നേതൃത്വത്തെ തന്നെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് പുറത്താക്കല്‍. ഝാര്‍ഖണ്ഡ് സംസ്ഥാന അധ്യക്ഷനെ ദില്ലിയിലേക്ക് വിളിച്ചു വരുത്തിയാണ് മൂന്ന് പേർക്കെതിരെയും നടപടിയെടുക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടത്. ഝാർഖണ്ഡില്‍ നടക്കാനിരിക്കുന്ന ആദിവാസി ഫെസ്റ്റിവലിന് വിതരണം ചെയ്യാനായി കൊല്‍ക്കത്ത ബുറാബസാറിലെ മൊത്തവ്യാപാര മാർക്കറ്റില്‍നിന്നും സാരികൾ വാങ്ങാനാണെത്തിയതെന്നാണ് എംഎല്‍എമാരുടെ മൊഴി. 

Read Also; 'പണം സാരി വാങ്ങാൻ കൊണ്ടുവന്നത്'; ബംഗാളില്‍ അരക്കോടി രൂപയുമായി പിടിയിലായ ഝാർഖണ്ഡ് എംഎല്‍എമാര്‍

മൂന്ന് എംഎല്‍മാര്‍ സഞ്ചരിച്ചിരുന്ന കാറില്‍നിന്നും പിടിച്ചെടുത്ത നോട്ടുകെട്ടുകൾ അരക്കോടിയോളം രൂപയുണ്ടെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസിന്‍റെ ചിഹ്നവും, എംഎല്‍എ ബോർഡും പതിച്ച കാറിലായിരുന്നു സംഘം സഞ്ചരിച്ചിരുന്നത്. ഇന്നലെ രാത്രി ഹൗറയില്‍നിന്നും കസ്റ്റഡിയിലെടുത്ത 3 എംഎല്‍മാരെയും വിട്ടയച്ചില്ല. പന്‍ചാല പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. 

അതേസമയം പണത്തിന്‍റെ ഉറവിടം സംബന്ധിച്ച ബിജെപി-കോൺഗ്രസ് പോര് കടുക്കുകയാണ്. ഝാർഖണ്ഡ് സർക്കാരിനെ പണമുപയോഗിച്ച് വീഴ്ത്താനുള്ള ശ്രമമാണ് പൊളിഞ്ഞതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചിരുന്നു. എന്നാല്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കാതെ പണത്തിന്‍റെ ഉറവിടം കോൺഗ്രസ് വെളിപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി അർജുന്‍ മുണ്ട ആവശ്യപ്പെട്ടു. അതിനിടെ അധ്യാപക റിക്രൂട്ട്മെന്‍റ് കേസില്‍ അറസ്റ്റിലായ പശ്ചിമബംഗാൾ മുന്‍മന്ത്രി പാർത്ഥ ചാറ്റർജി ഈയിടെ നടത്തിയ വിദേശ യാത്രകൾ സംബന്ധിച്ചും ഇഡി അന്വേഷണം തുടങ്ങി. 50 കോടിയുമായി പിടിയിലായ അർപ്പിത മുഖർജി വിദേശയിനം വളർത്തുനായകളെ താമസിപ്പിക്കാന്‍ മാത്രം കൊല്‍ക്കത്തയില്‍ ആഡംബര ഫ്ലാറ്റുകൾ വാങ്ങിയിരുന്നെന്നും ഇഡി അന്വേഷണത്തില്‍ കണ്ടെത്തി. 

Follow Us:
Download App:
  • android
  • ios