തെലങ്കാനയിലെ ജൂബിലി ഹിൽസ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി നവീൻ യാദവ് മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു. മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്‌ഹറുദ്ദീനെ മന്ത്രിയാക്കിയ നീക്കം തെലങ്കാനയിലെ മുസ്ലിം വോട്ടർമാരെ സ്വാധീനിച്ചു.
ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഹാറിൽ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ കോൺഗ്രസിന് തെലങ്കാനയിൽ ആശ്വാസ ജയം. തെലങ്കാനയിലെ ജൂബിലി ഹിൽസ് ഉപതെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചു. ബിആർഎസ് എംഎൽഎ മഗന്തി ഗോപിനാഥിന്റെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിആർഎസ് സ്ഥാനാർത്ഥിയായി മത്സരിച്ച മഗന്തി സുനിത ഗോപിനാഥിനെ 24,729 വോട്ടിന് കോൺഗ്രസിന്റെ നവീൻ യാദവ് പരാജയപ്പെടുത്തി.
ആകെ 33 ശതമാനത്തിലേറെ മുസ്ലിം വോട്ടർമാരുള്ള മണ്ഡലമാണിത്. ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്‌ഹറുദ്ദീനെ മന്ത്രിയാക്കി കോൺഗ്രസ് നടത്തിയ രാഷ്ട്രീയ നീക്കം മുസ്ലിം വോട്ടുകളിൽ ചലനമുണ്ടാക്കി. കോൺഗ്രസും ബിആർഎസും തമ്മിലുള്ള വോട്ട് വ്യത്യാസത്തോളം പോലും ബിജെപിക്ക് മണ്ഡലത്തിൽ നേടാനായില്ലെന്നതും പ്രത്യേകതയാണ്.
അതേസമയം ബിഹാർ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് ഏറ്റത്. മഹാസഖ്യം 34 സീറ്റിലേക്ക് ചുരുങ്ങിയപ്പോൾ മത്സരിച്ച ബഹുഭൂരിപക്ഷം സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടു. ആറിടത്ത് മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. ഇടതുപാർട്ടികൾ മൂന്ന് സീറ്റിലും ആർജെഡി 25 സീറ്റിലേക്കും ചുരുങ്ങി. 202 സീറ്റ് നേടി എൻഡിഎ അധികാരം ഉറപ്പിച്ച തെരഞ്ഞെടുപ്പിൽ 89 സീറ്റ് നേടി ബിജെപിയും 85 സീറ്റ് നേടി ജെഡിയുവും തുല്യ ശക്തികളെന്ന് തെളിയിച്ചു.


