ഗാംഗുലിക്ക് പകരം റോജർ ബിന്നിയെ ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കം ബിജെപിക്കെതിരായ രാഷ്ട്രീയ ആയുധമാക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്.
ദില്ലി: സൗരവ് ഗാംഗുലി ബിസിസിഐ അധ്യക്ഷ സ്ഥാനം ഒഴിയുന്നതില്‍ രാഷ്ട്രീയ വിവാദം. ബിജെപിയില്‍ ചേരാത്തതിനാലാണ് ഗാംഗുലിയെ ഒഴിവാക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ടിഎംസിയുടെ ആരോപണങ്ങള്‍ തള്ളിയ ബിജെപി കൂടുതല്‍ ഉയരങ്ങളില്‍ ഗാംഗുലിയെത്തുമെന്ന് പ്രതികരിച്ചു.
ഗാംഗുലിക്ക് പകരം റോജർ ബിന്നിയെ ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കം ബിജെപിക്കെതിരായ രാഷ്ട്രീയ ആയുധമാക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ഗാംഗുലി പാര്‍ട്ടിയില്‍ ചേരാതിരുന്നതാണ് ബിജെപിയുടെ പ്രകോപനത്തിന് കാരണമെന്നാണ് ടിഎംസി ആരോപണം.
തെരഞ്ഞെടുപ്പിന് മുൻപ് അമിത് ഷാ ഗാംഗുലിയുടെ വീട് സന്ദർശിച്ചത് സമ്മർദ്ദം ചെലുത്താനായിരുന്നു. എന്നാൽ ഗാംഗുലി ബിജെപിയില്‍ ചേരില്ലെന്ന് ബോധ്യപ്പെട്ടതോടെ പകപോക്കലിന്‍റെ ഭാഗമായാണ് ഒഴിവാക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. അമിത് ഷായുടെ മകന്‍ ജയ്ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനത്ത് തുടരുമ്പോൾ ഗാംഗുലിയെ മാത്രം ഒഴിവാക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ടിഎംസി എംപി ശന്തനു സെന്‍ അടക്കമുള്ളവർ ആരോപണം ഉന്നയിക്കുന്നത്.
എന്നാല്‍ ഗാംഗുലിയെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചിട്ടില്ലെന്ന് ആരോപണങ്ങളെ പ്രതിരോധിച്ച് ബിജെപി വ്യക്തമാക്കി. അമിത് ഷാ ഗാംഗുലിയെ കാണാനെത്തിയതില്‍ രാഷ്ട്രീയമില്ലെന്ന് ബിജെപി എംപി ലോക്കറ്റ് ചാറ്റർജി പ്രതികരിച്ചു. ബിസിസിഐ അധ്യക്ഷ സ്ഥാനത്തിന് പകരം ഐപിഎല്‍ ചെയർമാന്‍ സ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടുവെങ്കിലും ഗാംഗുലി നിരസിച്ചതായാണ് റിപ്പോർട്ട്. ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് ഗാംഗുലിയെ ബിസിസിഐ പിന്തുണക്കാനും നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്.
സ്ഥാനമൊഴിഞ്ഞ ബിസിസിഐ സൗരവ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനിലേക്കില്ല. ഗാംഗുലിയുടെ സഹോദരന്‍ സ്‌നേഹാശിഷ് ഗാംഗുലിയാകും അടുത്ത പ്രസിഡന്റ്. ബിസിസിഐയില്‍ നിന്ന് പുറത്തായ ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനിലേക്ക് മടങ്ങുമെന്നായിരുന്നു നേരത്തെ വ്യക്തമാക്കിയത്. ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്കും ഗാംഗുലിയെ പരിഗണിക്കാഞ്ഞതോടെയായിരുന്നു നീക്കം.
എന്നാല്‍ ബംഗാള്‍ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശപത്രിക നല്‍കാനുള്ള സമയം അവസാനിച്ചപ്പോള്‍ പട്ടികയില്‍ ഒരു പേര് മാത്രം. സൗരവ് ഗാംഗുലിയുടെ മൂത്ത സഹോദരന്‍ സ്‌നേഹാശിഷ് ഗാംഗുലി. ഈ മാസം 31ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി സ്‌നേഹാശിഷ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. ബംഗാള്‍ ക്രിക്കറ്റിനെ ഉന്നതിയിലെത്തിക്കാനാകും പ്രാധാന്യം നല്‍കുകയെന്ന് സ്‌നേഹാഷിഷ് ഗാംഗുലി പറഞ്ഞു.
