തീരുമാനിച്ചുറപ്പിച്ച വിവാഹാലോചനയിൽ നിന്ന് പെൺകുട്ടിയുടെ വീട്ടുകാർ പിന്മാറിയതിലുള്ള പ്രതികാരമായി, പെൺകുട്ടിയുടെ അമ്മാവനെ യുവാവ് അടിച്ചുകൊന്നു

ദില്ലി: തീരുമാനിച്ചുറപ്പിച്ച വിവാഹാലോചനയിൽ നിന്ന് പെൺകുട്ടിയുടെ വീട്ടുകാർ പിന്മാറിയതിലുള്ള പ്രതികാരമായി, പെൺകുട്ടിയുടെ അമ്മാവനെ യുവാവ് അടിച്ചുകൊന്നു. ഒഡീഷയിലെ ബൊലാംഗീർ ജില്ലയിലുള്ള മല്ലിക്മുണ്ട ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയാണ് ദാരുണ സംഭവം നടന്നത്. ആക്രമണത്തിൽ അമ്മാവന്‍റെ ഭാര്യയും രണ്ട് മക്കളും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. വിനോദ് സാഹു എന്നയാളാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ ഭാര്യ ഹേമലത സാഹു, മകൻ, മകൾ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി സുരേന്ദ്ര സാഹുവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിവരങ്ങൾ പ്രകാരം, കഴിഞ്ഞ വർഷം മുടങ്ങിപ്പോയ ഒരു വിവാഹാലോചനയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ജാംബഹൽ ഗ്രാമത്തിലെ ഒരു യുവതിയുമായി സുരേന്ദ്രയുടെ വിവാഹം ഉറപ്പിച്ചിരുന്നതാണ്. എന്നാൽ സുരേന്ദ്രയുടെ അമിത മദ്യപാന ശീലം കാരണം പെൺകുട്ടിയുടെ കുടുംബം ഈ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. വിവാഹം മുടങ്ങിയിട്ടും, തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്ര പെൺകുട്ടിയുടെ വീട്ടുകാരെ നിരന്തരം ബന്ധപ്പെട്ടിരുന്നു. വെള്ളിയാഴ്ച, സുരേന്ദ്രയും അമ്മയും ചേർന്ന് പെൺകുട്ടിയുടെ അമ്മയുടെ സഹോദരനായ വിനോദ് സാഹുവിന്‍റെ വീട്ടിലെത്തി. യുവാവിന്‍റെ ലക്ഷ്യം അറിയാത്ത വിനോദിന്‍റെ കുടുംബം ഇരുവരെയും സ്നേഹത്തോടെ സ്വീകരിക്കുകയും രാത്രി ഒപ്പം താമസിപ്പിക്കുകയും ചെയ്തു.

എന്നാൽ, രാത്രി എല്ലാവരും ഉറങ്ങിക്കഴിഞ്ഞപ്പോൾ സുരേന്ദ്ര ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഒരു മരത്തടി ഉപയോഗിച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന വിനോദ് സാഹുവിനെയും കുടുംബാംഗങ്ങളെയും ഇയാൾ ക്രൂരമായി മർദ്ദിച്ചു. വിനോദ് സാഹു സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ ഹേമലതയും മക്കളും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്രാദേശിക പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രണയവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായും പ്രതിയെ അറസ്റ്റ് ചെയ്താലെ കൃത്യമായ കാരണം വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.

YouTube video player