മുംബൈ: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുന്ന നിലപാടിനെതിരെ ശിവസേനയ്ക്കുള്ളിൽ തർക്കങ്ങൾ രൂക്ഷമായി. എക്കാലവും ഹിന്ദുത്വ വാദം ഉയർത്തിയ പാർട്ടി മതേതര മുഖം സ്വീകരിക്കുന്നത് തിരിച്ചടിയാവുമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്‍റെ വാദം. 

മതനിരപേക്ഷ മുഖം നേടാനുള്ള ശിവസേനയുടെ നിലപാട് മാറ്റമാണ് മഹാരാഷ്ട്രയിലെ പൗരത്വ നിയമഭേദഗതിക്കെതിരായ സമര കാലത്തിന്‍റെ പ്രത്യേകത. ഹിന്ദുത്വവാദം ഉയർത്തി പൗരത്വ രജിസ്റ്ററിനെ പിന്തുണച്ച് കൊണ്ടിരുന്ന പാർട്ടി ഇന്ന് അതിനെതിരെ പരസ്യമായി നിലപാടെടുത്തു. പൗരത്വ നിയമഭേദഗതി ഉടൻ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മുസ്ലീം മതനേതാക്കളെ കണ്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അവരുടെ ആശങ്കകൾ കേൾക്കുകയും കേന്ദ്രത്തെ അത് അറിയിക്കുകയും ചെയ്തു.

അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാനുള്ള തടവറകൾക്കായി ഫഡ്നാവിസ് സർക്കാരിന്‍റെ കാലത്ത് തുടങ്ങിയ നടപടിക്രമങ്ങൾ ഉദ്ദവ് സര്‍ക്കാര്‍ നിർത്തിവച്ചിരിക്കുകയാണ്. ത്രികക്ഷി സഖ്യത്തിന്‍റെ പൊതുമിനിമം പരിപാടിയുടെ ആമുഖം തന്നെ മതനിരപേക്ഷതയായതിനാൽ മൃദുനിലപാടല്ലാതെ മറ്റ് പോംവഴിയില്ലെന്നാണ് ഉദ്ദവ് താക്കറെ പാർട്ടിക്കുള്ളിൽ വിശദീകരിക്കുന്നത്.

എന്നാൽ ബിജെപി ബന്ധം അവസാനിപ്പിച്ചതടക്കമുള്ള  കാര്യങ്ങളിൽ ഉദ്ദവിനോട് അതൃപ്തിയുള്ള നേതാക്കൾ ഇടഞ്ഞ് നിൽക്കുകയാണ്. താക്കറെയെന്ന പേരുമാത്രമേ ഉദ്ദവിനൊപ്പമുള്ളൂ എന്നും ബാൽതാക്കറെയുടെ വീര്യം ഉദ്ദവിനില്ലെന്നും ദേവേന്ദ്ര ഫഡ്നാവിസിന്‍റെ ഭാര്യ അമൃത പരസ്യ വിമർശനം നടത്തിയിരുന്നു. ഇത് ബിജെപി നേതാക്കൾ ഏറ്റുപിടിച്ചിരിക്കുകയാണ്. ഇത്തരം സാഹചര്യങ്ങള്‍ ശിവ്സേനക്കു ഗുണകരമാകില്ലെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്‍റെ വിലയിരുത്തല്‍.