കോൺഗ്രസ് നേതാക്കൾ, ഉദ്യോഗസ്ഥർ, പാർട്ടി പ്രവർത്തകർ, മാധ്യമങ്ങൾ എന്നിവരുൾപ്പെടെ ആയിരക്കണക്കിന് ആളുകൾ തന്റെ ദുരവസ്ഥക്ക് സാക്ഷ്യം വഹിച്ചുവെന്നും അപമാനിതനായെന്നും അദ്ദേഹം പറഞ്ഞു.

ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരസ്യമായി മുഖത്തടിക്കാൻ ശ്രമിച്ച എഎസ്പി രാജിക്കത്ത് നൽകി. താൻ അപമാനിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) എൻവി ബരാമണി കഴിഞ്ഞ മാസം അദ്ദേഹം രാജി നൽകിയത്. എന്നാൽ, സ്വമേധയാ വിരമിക്കൽ അപേക്ഷയിൽ കർണാടക സർക്കാർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഏപ്രിലിൽ ബെലഗാവിയിൽ നടന്ന രാഷ്ട്രീയ പരിപാടിയിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്യോ​ഗസ്ഥനെ മുഖത്തടിയ്ക്കാൻ ശ്രമിച്ചത്. ഒഴിഞ്ഞ് മാറിയതിനാൽ അടി കൊണ്ടില്ല.

ഏപ്രിൽ 28 ന് വിലക്കയറ്റത്തിനെതിരെ നടന്ന കോൺഗ്രസ് പ്രതിഷേധ റാലിക്കിടെയായിരുന്നു സംഭവം. സംഭവത്തെത്തുടർന്നുണ്ടായ വൈകാരിക ബുദ്ധിമുട്ടും മനോവീര്യത്തിലുണ്ടായ തകർച്ചയും ചൂണ്ടിക്കാട്ടി ജൂൺ 14 ന് ബരാമണി ആഭ്യന്തര സെക്രട്ടറിക്ക് രാജി കത്ത് സമർപ്പിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ, സുരക്ഷാ ഡ്യൂട്ടിക്കായി ഇദ്ദേഹത്തെയായിരുന്നു നിയോ​ഗിച്ചത്. ബിജെപി വനിതാ പ്രവർത്തകർ വേദിക്ക് സമീപം തടസ്സമുണ്ടാക്കിയതിൽ പ്രകോപിതനായ സിദ്ധരാമയ്യ, ഉദ്യോഗസ്ഥനെ ജനക്കൂട്ടത്തിന് മുന്നിൽ വിളിച്ചുവരുത്തി, അടിക്കാൻ കൈ ഉയർത്തി. അടി കിട്ടിയില്ലെങ്കിലും, ദൃശ്യങ്ങൾ രണ്ട് ദിവസത്തേക്ക് ടെലിവിഷനിൽ സംപ്രേഷണം ചെയ്തു. 

കോൺഗ്രസ് നേതാക്കൾ, ഉദ്യോഗസ്ഥർ, പാർട്ടി പ്രവർത്തകർ, മാധ്യമങ്ങൾ എന്നിവരുൾപ്പെടെ ആയിരക്കണക്കിന് ആളുകൾ തന്റെ ദുരവസ്ഥക്ക് സാക്ഷ്യം വഹിച്ചുവെന്നും അപമാനിതനായെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും പൊലീസ് വകുപ്പിന്റെയും അന്തസ്സ് കാത്തുസൂക്ഷിക്കാനാണ് താൻ നിശബ്ദമായി വേദി വിട്ടതെന്ന് ബരാമണി കൂട്ടിച്ചേർത്തു.

എന്റെ ഭാര്യയും കുട്ടികളും ദുഃഖത്തിൽ തകർന്നു. സംഭവത്തിന് ശേഷം മുതിർന്ന ഉദ്യോഗസ്ഥരാരും തന്നെ സമീപിച്ചില്ല. വകുപ്പ് തല യോഗങ്ങളിൽ ഈ സംഭവം അസ്വസ്ഥതയുണ്ടാക്കുകയും ചുമതലകൾ നിർവഹിക്കാനുള്ള കഴിവിനെ ദുർബലപ്പെടുത്തുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 31 വർഷമായി ഞാൻ കർണാടക സംസ്ഥാന പോലീസിൽ സത്യസന്ധതയോടെ സേവനമനുഷ്ഠിച്ചു. യൂണിഫോമുമായുള്ള എന്റെ ബന്ധം എന്റെ സ്വന്തം അമ്മയുമായുള്ള ബന്ധം പോലെ വൈകാരികവും പവിത്രവുമാണെന്നും അദ്ദേഹം പറഞ്ഞു. 

അടിസ്ഥാന അന്തസ്സ് നിഷേധിക്കപ്പെട്ട തനിക്ക് എങ്ങനെ നീതി ഉയർത്തിപ്പിടിക്കുമെന്ന് പ്രതീക്ഷിക്കാൻ കഴിയുമെന്നും ബരാമണി ചോദിച്ചു. രാജിക്കത്ത് സമർപ്പിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും മുതിർന്ന മന്ത്രിമാരും ഉദ്യോഗസ്ഥനെ സമീപിച്ച് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. വിശദാംശങ്ങൾ പരസ്യമാക്കിയിട്ടില്ലെങ്കിലും സിദ്ധരാമയ്യ ബാരാമണിയെ നേരിട്ട് കണ്ടുവെന്നും റിപ്പോർട്ടുകൾ പറയുന്നു.