Asianet News MalayalamAsianet News Malayalam

രാജ്യത്ത് ആശങ്കയായി കൊവിഡ് രോഗികളുടെ വര്‍ധന, മഹാരാഷ്ട്രയിൽ മാത്രം ഇന്ന് 149 മരണം

ദില്ലിയിലെ കൊവിഡ് ചികിത്സയിൽ ഉയർന്ന ആരോപണങ്ങളിൽ ദില്ലി സർക്കാരിനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു

coronavirus india updates
Author
Delhi, First Published Jun 10, 2020, 9:55 PM IST

ദില്ലി: രാജ്യത്ത് കൂടുതൽ ലോക്ഡൗൺ ഇളവുകള്‍ നടപ്പിലാക്കിത്തുടങ്ങിയതിന് പിന്നാലെ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണത്തിൽ വൻ വര്‍ധനവുണ്ടാകുന്നത് ആശങ്കയാകുന്നു. രാജ്യതലസ്ഥാനത്ത് ഇന്ന് 1501 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍  32810 ആയി ഉയര്‍ന്നു. ഇന്ന് 48 പേരാണ് രോഗബാധിതരായി മരണമടഞ്ഞത്. ഇതോടെ ദില്ലിയില്‍ മരണസംഖ്യ 984 ആയി ഉയര്‍ന്നു. ദില്ലിയിലെ സാഹചര്യം കണക്കിലെടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ ദില്ലിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി നിര്‍ണ്ണായക കൂടിക്കാഴ്ച്ച നടത്തി. സംസ്ഥാനത്തെ കാര്യങ്ങൾ അമിത് ഷായെ ധരിപ്പിച്ചതായും രോഗപ്രതിരോധത്തിന് എല്ലാ കേന്ദ്ര സഹായവും അമിത് ഷാ ഉറപ്പ് നൽകിയെന്നും കെജ്രിവാള്‍ പിന്നാലെ ട്വിറ്ററിൽ കുറിച്ചു. 

ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറയുന്ന പശ്ചാത്തലത്തില്‍ സ്റ്റേഡിയങ്ങൾ ഏറ്റെടുത്ത് താൽകാലിക ആശുപത്രികളാക്കാനുള്ള തയ്യാറെടുപ്പിലാണ് ദില്ലി സര്‍ക്കാര്‍. സ്റ്റേഡിയങ്ങൾ ഏറ്റെടുക്കാൻ  വിദഗധ സമിതി സർക്കാരിന് ശുപാർശ  നൽകിയിട്ടുണ്ട്. അതേ സമയം ദില്ലിയിലെ കൊവിഡ് ചികിത്സയിൽ ഉയർന്ന ആരോപണങ്ങളിൽ ദില്ലി സർക്കാരിനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. കിടക്കകളുടെ ലഭ്യതക്കുറവ്, സാമ്പിൾ പരിശോധനയുടെ കുറവ്, ഉയരുന്ന മരണ നിരക്ക്, മരിച്ചവരുടെ സംസ്കാരത്തിൽ വരുന്ന കാല താമസം തുടങ്ങിയ ആരോപണങ്ങളിൽ ആണ് വിശദീകരണം തേടിയിരിക്കുന്നത്. 

ചെന്നൈയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർദ്ധന; മരിച്ച എംഎൽഎയ്ക്ക് വിട

മഹാരാഷ്ട്രയിൽ കൊവിഡ്  രോഗബാധിതരുടേയും രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലെയും വര്‍ധനവ് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. 3254 പുതിയ രോഗികളാണ് ഇന്ന് മാത്രം സംസ്ഥാനത്തുണ്ടായത്. ഒരു ദിവസത്തെ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ആകെ രോഗികൾ 94,041 ആയി. ഇന്നുമാത്രം സംസ്ഥാനത്ത് 149 പേരാണ് മരണത്തിന് കീഴടങ്ങിയത്. മരണസംഖ്യയില്‍ ഒരു ദിവസത്തെ ഏറ്റവും വലിയ വർധനവാണിത്. ഇതോടെ ആകെ മരണം 3438 ആയി. 

മഹാരാഷ്ട്രയിൽ രണ്ട് കോർപ്പറേഷൻ കൗൺസിലർമാർ കൊവിഡ് ബാധിച്ച് മരിച്ചു

കർണാടകത്തിൽ അഞ്ചാം ക്‌ളാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നൽകേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. റെക്കോഡ് ചെയ്ത ക്ലാസുകൾ ആകാം. ആറാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം സംബന്ധിച്ച് നിർദേശങ്ങൾ നൽകാൻ സമിതിയെ ചുമതലപ്പെടുത്തിയതായും സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു. അതേ സമയം കർണാടകത്തിലെ കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് ഇൻസ്റ്റിറ്റിയൂഷൻ ക്വാറന്റീൻ ഒഴിവാക്കിയത് ഗുരുതര വീഴ്ചയാണെന്നും മൃതദേഹങ്ങളിൽ കൊവിഡ് പരിശോധന ഒഴിവാക്കിയതും ബിജെപി സർക്കാരിന്റെ തെറ്റായ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു. ഗുജറാത്തിൽ ഇന്ന് 510 പുതിയ രോഗികളും 34 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ  രോഗികൾ 21554 ആയ് ഉയര്‍ന്നു. ആകെ മരണം 1347 ആയി. 

Follow Us:
Download App:
  • android
  • ios