ദില്ലി: രാജ്യത്ത് നടക്കുന്ന സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, ചലച്ചിത്ര മേഖലയിൽനിന്നുള്ള പ്രധാനവിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള അമുലിന്റെ പരസ്യങ്ങൾ‌ ഏറെ ജനശ്രദ്ധയാകർഷിക്കാറുണ്ട്. ഇപ്പോഴിതാ, ചൈനയിൽ നിന്ന് ലോകമെമ്പാടും പടർന്നുപിടിക്കുന്ന കൊറോണ വൈറസുമായി ബന്ധപ്പെട്ട പുതിയ പരസ്യം പുറത്തിറക്കിയിരിക്കുകയാണ് അമുൽ. ചൈനയില്‍ നിന്ന് ഇന്ത്യക്കാരെ എയര്‍ ഇന്ത്യാ വിമാനത്തില്‍ നാട്ടിലേക്കെത്തിക്കുന്നതാണ് പരസ്യത്തിന്റെ പ്രേമയം.

'വുഹാന്‍ സേ യഹാന്‍ ലേ ആയേ' (വുഹാനില്‍ നിന്ന് ഇവിടേക്ക് എത്തിച്ചു) എന്ന ടാ​ഗ്‍ലൈനോടുകൂടിയുള്ളതാണ് പരസ്യം. അമുൽ ബേബിയ്ക്കൊപ്പം മാസ്ക് ധരിച്ചവർ വിമാനത്തിൽ നിന്ന് ഇറങ്ങുന്ന ദൃശ്യമാണ് പരസ്യത്തിന് നൽകിയിരിക്കുന്നത്. അമുൽ തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യം പുറത്തുവിട്ടത്.

എന്നാൽ പരസ്യത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ഹുവാനിൽനിന്ന് രാജ്യത്തേക്ക് കൊറോണ വൈറസ് എത്തിച്ചു എന്ന തരത്തിലാണ് പരസ്യത്തിന്റെ ടാ​ഗ്‍ലൈൻ എന്നാണ് പ്രധാനവിമർശനം. അതേസമയം, പരസ്യത്തിന്റെ ക്രിയാത്മകതയെ പ്രശംസിച്ചും നിരവധി പേർ രം​ഗത്തെത്തി.

Read More: കൊറോണ: പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും ചൈനയില്‍ മരണസംഖ്യ 563 ആയി

500ഓളം പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചത്. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും ചൈനയിൽ കൊറോണാ വൈറസ് ബാധയേറ്റവരുടെ എണ്ണം 28,000 ആയി ഉയർന്നു. 3,694 പേരിലാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച വുഹാനില്‍ നിന്ന് 323 ഇന്ത്യക്കാരും ഏഴ് മാലദ്വീപുകാരുമായി എയര്‍ ഇന്ത്യയുടെ രണ്ടാമത്തെ വിമാനം ദില്ലിയിലെത്തിയിരുന്നു.