വീട്ടുജോലിക്കാരെന്ന വ്യാജേന എത്തി വീട്ടുകാരുടെ വിശ്വാസം ആർജിച്ച ശേഷമായിരുന്നു കവർച്ച. ദിനേഷ്, കമല എന്നിവർക്കായി തെരച്ചിൽ ഊര്‍ജിതമാക്കി.
ബെംഗളൂരു: ബെംഗളൂരുവിൽ വൻ കവർച്ച. മാറത്തഹള്ളിയിലെ വീട്ടിൽ നിന്ന് 18 കോടിയുടെ സ്വർണവും ഡയമണ്ടും കവർന്ന നേപ്പാളി ദമ്പതിമാർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്ടുജോലിക്കാരെന്ന വ്യാജേന എത്തി വീട്ടുകാരുടെ വിശ്വാസം ആർജിച്ച ശേഷമായിരുന്നു കവർച്ച. ദിനേഷ്, കമല എന്നിവർക്കായി തെരച്ചിൽ ഊര്‍ജിതമാക്കി.
20 ദിവസം മുമ്പ് മാത്രം ജോലിക്കെത്തിയ ദിനേഷും കമലയും. ഒരാൾക്ക് വീട്ടുപണിയും മറ്റേയാൾക്ക് സുരക്ഷാ ജോലിയും. ചുരുങ്ങിയ ദിവസം കൊണ്ട് വീട്ടുകാരുടെ വിശ്വാസം ആർജിച്ച ഇരുവരും ചേർന്ന് നടത്തിയത് കർണാടകയെ തന്നെ ഞെട്ടിച്ച വൻ കവർച്ച. മാറത്തഹള്ളിയിലെ ഒരു കോൺട്രാക്ടറുടെ വീട്ടിൽ നിന്നാണ് ദമ്പതിമാർ സ്വർണവും ഡയമണ്ടും വെള്ളിയും പണവും അടക്കം 18 കോടി രൂപയുടെ കവർച്ച നടത്തിയത്. ഇവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരുടെയും ദൃശ്യങ്ങളും മാറത്തഹള്ളി പൊലീസ് പുറത്തുവിട്ടു. വീട്ടുടമയായ കോൺട്രാക്ടർ സുഹൃത്തുക്കൾക്കൊപ്പം ഫിലിപ്പൈൻസിലേക്കും ഭാര്യയും മക്കളും ബന്ധുവീട്ടിലും പോയ സമയത്തായിരുന്നു കവർച്ച. പുറമേ നിന്ന് സഹായികളായി മറ്റ് ചിലരെ എത്തിച്ച ശേഷം മുകളിലും കിടപ്പുമുറികളിലും താഴത്തെ മുറികളിലും ഉണ്ടായിരുന്ന ലോക്കറുകൾ കുത്തിപ്പൊളിച്ചാണ് ആസൂത്രിതമായി കവർച്ച നടത്തിയത്. ഇതിനുമുന്നോടിയായി യുപിഎസ് ഓഫ് ചെയ്ത് സുരക്ഷാ സജ്ജീകരണങ്ങൾ ഇവർ പ്രവർത്തന രഹിതമാക്കിയിരുന്നതായി പൊലീസ് കണ്ടെത്തി.
വീട്ടുകാർ മടങ്ങി എത്തിയപ്പോഴാണ് കവർച്ച തിരിച്ചറിഞ്ഞതും പൊലീസിൽ പരാതി നൽകിയതും. നേരത്തെ ഇവിടെ ജോലി ചെയ്തിരുന്ന നേപ്പാളി ദമ്പതിമാരായ മായ, വികാസ് എന്നിവരെയും പൊലീസ് അന്വേഷണ പരിധിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. എട്ടുമാസത്തോളം ജോലി ചെയ്ത ഇരുവരും ഈ മാസം ആദ്യം നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇവരാണ് ഇപ്പോൾ കവർച്ച നടത്തി മുങ്ങിയ ദിനേഷിനെയും കമലയേയും വീട്ടുടമയ്ക്ക് പരിചയപ്പെടുത്തി നൽകിയത്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് മാറത്തഹള്ളി പൊലീസ്.

