ദില്ലി: രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 6741 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ തുടർച്ചയായി നാലായിരത്തിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഉത്തർപ്രദേശ്, ബിഹാർ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണ് റിപ്പോർട്ട് ചെയ്തത്. കൊവിഡ് വ്യാപനം രൂക്ഷമായ കർണാടകത്തിൽ ഇന്ന് ഏറ്റവും കൂടുതൽ മരണം റിപ്പോര്‍ട്ട് ചെയ്തു.

തമിഴ്നാട്ടിൽ 24 മണിക്കൂറിനിടയിൽ 4536 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിച്ചവരുടെ എണ്ണം 147324 ആയി. 67 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 2099 ആയി ഉയര്‍ന്നു. കേരളത്തിൽ നിന്ന് എത്തിയ ഏഴ് പേർക്ക് കൂടി തമിഴ്നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചു. ദില്ലിയിൽ 24 മണിക്കൂറിനിടയിൽ 1606 പേർക്കാണ് കോവിഡ്‌ സ്ഥിരീകരിച്ചത്. ഇതോടെ, ആകെ രോഗികളുടെ എണ്ണം 1,15,346 ആയി. 35 കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 3,446 ആയി. നിലവിൽ 18,664 പേരാണ് ദില്ലിയില്‍ കൊവിഡ് ചികിത്സയിലുള്ളത്. 93,236 പേര്‍ക്ക് രോഗം ഭേദമായി. അതേസമയം, പഞ്ചാബിൽ ഗ്രാമീണ വികസന വകുപ്പ് മന്ത്രി ത്രിപത് രജിന്ദർ സിംഗിനാണ് രോഗം സ്ഥിരീകരിച്ചു.

കൊവിഡ് വ്യാപനം രൂക്ഷമായ കർണാടകയിലെ രണ്ട് ജില്ലകളില്‍ വീണ്ടും ഒരാഴ്ചത്തേക്ക് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ബെംഗളൂരു അർബന്‍, റൂറല്‍ ജില്ലകളാണ് പൂർണമായും അടച്ചിടുന്നത്. ഇന്ന് 87 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചത്. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് കർണാടക. 2490 പേർക്കാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 87 പേര്‍ മരിക്കുകയും ചെയ്തു. ബെംഗളൂരുവിൽ മാത്രം 1267 പേർക്ക് രോഗം ബാധിക്കുകയും 56 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് കാരണം മരിച്ചവരുടെ എണ്ണം 842 ആയി. രാജ്യത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്കും തമിഴ്നാടിനും തൊട്ടുപിന്നിലാണ് കർണാടക. 25,839 പേരാണ് സംസ്ഥാനത്താകെ ചികിത്സയിലുള്ളത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെയെണ്ണം 44,077 ആണ്.

അതേസമയം, രാജ്യത്തെ കൊവിഡ് രോഗികളുടെ 86 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഇരുപത് സംസ്ഥാനങ്ങളിൽ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാൾ മുകളിലാണെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ പാർലമെന്റിൻറെ ആഭ്യന്തര മന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റി ഇന്ന് യോഗം ചേരും.