ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ വീണ്ടും വൻ വ‍‌‌‍ർധന. ഇന്ന് മാത്രം 669 പേ‍‌ർക്കാണ് പുതുതായി രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്നാട്ടിലെ വൈറസ് ബാധിതരുടെ എണ്ണം 7000 കടന്നു. 7204 പേർക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ 509 പേരും ചെന്നൈയിൽ നിന്നാണ്. തേനിയിലും തിരുനൽവേലിയിലും ഇന്ന് കൂടുതൽ പേ‌‍ർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ദില്ലിയെ മറികടന്ന് രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാമതായി മാറിയത് ആശങ്കാജനകമാവുകയാണ്. 

ചെന്നൈയിൽ ഇത് വരെയുള്ള എറ്റവും വലിയ പ്രതിദിന വർധനവാണ് ഇന്നത്തേത്ത്.ചെന്നൈയുടെ സമീപ ജില്ലയായ ചെങ്കൽപ്പേട്ടിലും രോഗബാധിതരുടെ എണ്ണം കൂടി. ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും കോയമ്പേട് ക്ലസ്റ്ററിൽ പെട്ടവരാണ്. ഇതോടെ കോയമ്പേട് ക്ലസ്റ്റർ വഴി രോ​ഗം ബാധിച്ചവരുടെ എണ്ണം 2000 കടന്നു.

ഇത് വരെ 2,43,037 സാമ്പിളുകളാണ് തമിഴ്നാട്ടിൽ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇന്ന് മാത്രം 13,367 സാമ്പിളുകൾ പരിശോധിച്ചതായാണ് അറിയിപ്പ്. ആകെ രോ​ഗം സ്ഥിരീകരിച്ച 7204 പേരിൽ 4907 പേർ പുരുഷൻമാരും,2295 പേർ സ്ത്രീകളുമാണ്. 2 ട്രാൻസ്ജെൻഡ‍‌‌‍ർ വ്യക്തികൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

പന്ത്രണ്ട് വയസിന് താഴെയുള്ള 364 കുട്ടികൾക്കാണ് ഇത് വരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. അടുത്ത അഞ്ച് - ആറ് ദിവസങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോ‍ർട്ട് ചെയ്യപ്പെടുമെന്ന് തമിഴ്നാട് കൊവിഡ് സ്പെഷ്യൽ ഓഫീസർ ഡോ ജെ രാധാകൃഷ്ണൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അക്കങ്ങളെ കുറിച്ച് ഓ‍ർത്ത് വേവലാതിപ്പെടേണ്ടെന്നും,കൂടുതൽ ടെസ്റ്റുകൾ നടത്തി രോ​ഗികളെ കണ്ടെത്തി ചികിത്സിക്കുന്നതിനാണ് പ്രഥമ പരി​ഗണനയെന്നും ഡോ രാധാകൃഷ്ണൻ വ്യക്തമാക്കി.