ബെംഗളൂരു: കൊവിഡ് 19 പ്രതിരോധത്തില്‍ കേരളത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയ്ക്കും ലോകത്തിനും മാതൃകയാണെന്ന് കര്‍ണാടക ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. സുധാകര്‍. കര്‍ണാടകത്തെ അപേക്ഷിച്ച് കേരളം പൊതുജനാരോഗ്യരംഗത്ത് ഏറെ മുന്നിലാണ്. കേരളത്തിന്റെ പ്രാഥമികാരോഗ്യ സംവിധാനങ്ങള്‍ വളരെ മികച്ചതാണ്. കൊവിഡ് പ്രതിരോധത്തില്‍ നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങളില്‍ കേരളത്തെ അഭിനന്ദിക്കുന്നതായും ഡോ. കെ. സുധാകര്‍ വ്യക്തമാക്കി. 

കൊവിഡ് 19 മഹാമാരിയെ കേരളം ഫലപ്രദമായി പ്രതിരോധിക്കുന്നതിന്‍റെ മാര്‍ഗങ്ങളറിയാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു കെ സുധാകര്‍. കൊവിഡ് രോഗികളെ കണ്ടെത്താന്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍, ടെസ്റ്റിംഗ്, ചികിത്സ തുടങ്ങിയവയാണ് ഇരു മന്ത്രിമാരുടെയും കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചയായത് എന്ന് ബാംഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് 19നെ നേരിടാന്‍ തുടര്‍ന്നും ചര്‍ച്ചകള്‍ നടത്താന്‍ ഇരു സംസ്ഥാനങ്ങളും താല്‍പര്യം അറിയിച്ചു.  

വുഹാനില്‍ നിന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തിരിച്ചെത്തിയതു മുതല്‍ സംസ്ഥാനം മുന്‍കരുതലുകള്‍ സ്വീകരിച്ചതായി കെ കെ ശൈലജ പറഞ്ഞു. കേരളത്തില്‍ താലൂക്ക് തലത്തിലെ ശക്തമായ ആരോഗ്യസംവിധാനങ്ങള്‍ കൊവിഡ് ബാധിച്ചവരെ ക്വാറന്‍റൈന്‍ ചെയ്യാനും ചികിത്സിക്കാനും എളുപ്പമാക്കുന്നു. ഇത് മരണനിരക്ക് കുറയ്‌ക്കാന്‍ കാരണമായതായും കെ കെ ശൈലജ കര്‍ണാടകയെ അറിയിച്ചു. കൊവിഡ് പ്രതിരോധത്തില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളെ സഹകരിപ്പിക്കുന്നതും ഗര്‍ഭിണികളെ ചികില്‍സിക്കുന്നതും പ്രവാസികളുടെ ക്വാറന്‍റൈനുമെല്ലാം കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചയായി. 

കൂടിക്കാഴ്‌ചയെ കുറിച്ച് കെ കെ ശൈലജയുടെ കുറിപ്പിന്‍റെ പൂര്‍ണ രൂപം വായിക്കാം...

"കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കൈവരിച്ച വിജയവും പ്രതിരോധ സംവിധാനങ്ങളും മനസിലാക്കാനായി കര്‍ണാടക ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. സുധാകര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി.

കൊവിഡ് പ്രതിരോധത്തില്‍ കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയ്ക്കും ലോകത്തിനും തന്നെ മാതൃകയാണെന്ന് കെ. സുധാകര്‍ പറഞ്ഞു. കര്‍ണാടകത്തെ അപേക്ഷിച്ച് കേരളം പൊതുജനാരോഗ്യ രംഗത്ത് ഏറെ മുന്നിലാണ്. കേരളത്തിന്റെ പ്രാഥമികാരോഗ്യ സംവിധാനങ്ങള്‍ വളരെ മികച്ചതാണ്. കൊവിഡ് പ്രതിരോധത്തില്‍ നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങളില്‍ കേരളത്തെ അഭിനന്ദിക്കുന്നതായും ഡോ. കെ. സുധാകര്‍ വ്യക്തമാക്കി.

കൊവിഡ് 19 പ്രതിരോധത്തിനായി കര്‍ണാടക നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി വന്‍കിട ആശുപത്രികള്‍ കര്‍ണാടകയില്‍ ഉണ്ടെന്നത് സഹായകരമാണ്. കര്‍ണാടകയില്‍ 80 ശതമാനവും സ്വകാര്യ ആശുപത്രികളാണ്. എന്നാല്‍ പല സ്വകാര്യ ആശുപത്രികളും തുറന്ന് പ്രവര്‍ത്തിക്കാന്‍ വിസമ്മതിക്കുന്നത് പ്രതിസന്ധിയുണ്ടാകുന്നു. കേരളത്തില്‍ മരണ നിരക്ക് കുറയ്ക്കാനായത് വലിയ നേട്ടമാണെന്നും ഡോ. കെ. സുധാകര്‍ പറഞ്ഞു. കേരളം അനുവര്‍ത്തിക്കുന്ന ചികിത്സാ രീതികളെ കുറിച്ച് മന്ത്രി അന്വേഷിച്ചു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പരിശോധനകള്‍, ജീവനക്കാരുടെ പരിശീലനം, സുരക്ഷാ മാര്‍ഗങ്ങള്‍, വീട്ടിലെ നിരീക്ഷണം, ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരണം, ഉപകരണങ്ങളുടെ ലഭ്യത, ഭാവി പ്രവര്‍ത്തനങ്ങള്‍ എന്നീ കാര്യങ്ങളും ചര്‍ച്ച ചെയ്തു. വീണ്ടും ഇത്തരം വീഡിയോ കോണ്‍ഫറന്‍സ് നടത്താന്‍ താത്പര്യമുണ്ടെന്നും കേരളത്തിന്റെ പ്രവര്‍ത്തനങ്ങളറിയാന്‍ ആഗ്രഹമുണ്ടെന്നും മന്ത്രി ഡോ. കെ. സുധാകര്‍ സൂചിപ്പിച്ചു.

കൊവിഡ് പ്രതിരോധത്തിന്റെ ഒന്നാം ഘട്ടത്തില്‍ തെലുങ്കാന, ഒഡീഷ, ഡല്‍ഹി, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ കേരളം സ്വീകരിച്ച നടപടികള്‍ സസൂക്ഷ്മം പഠിച്ചിരുന്നു. അതിന് പിന്നാലെയാണ് കര്‍ണാടക ബന്ധപ്പെടുന്നത്".

കേരളത്തില്‍ ഇതുവരെ 519 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 489 പേര്‍ രോഗമുക്തി നേടിയതോടെ 27 പേര്‍ മാത്രമാണ് ചികില്‍സയിലുള്ളത്. ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ മൂന്ന് പേരാണ് മരണമടഞ്ഞത്. അതേസമയം, കര്‍ണാടകയില്‍ ഇതുവരെ 848 പേര്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ 31 പേര്‍‍ മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.