മുംബൈ: കൊറോണ വെെറസ് ബാധിച്ച ​ഗർഭിണി ആൺ കുഞ്ഞിന് ജന്മം നൽകി. പൂണെയിലെ സാസൂൺ ജനറൽ ആശുപത്രിയിലാണ് ഇരുപത്തി അഞ്ചുകാരിയായ യുവതി കുഞ്ഞിന് ജന്മം നൽകിയത്. സിസേറിയനിലൂടെയാണ് കു‍ഞ്ഞിനെ പുറത്തെടുത്തത്. അമ്മയും കുഞ്ഞും സുരക്ഷിതരായി ഇരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ഖഡ്കിയിൽ താമസിക്കുന്ന യുവതിയാണ് പൂർണ ആരോ​ഗ്യത്തോടെയുള്ള കുഞ്ഞിന് ജന്മം നൽകിയത്. 3.5 കിലോഗ്രാം ഭാരമുള്ള കുഞ്ഞിനെ അമ്മയിൽ നിന്ന് മാറ്റി പ്രത്യേക പരിചരണത്തിലാക്കിയിട്ടുണ്ട്. ഏപ്രിൽ പതിനാറിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ശനിയാഴ്ചയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. 

പ്രസവിക്കുന്നതിന് മൂന്ന് ദിവസം മുമ്പാണ് യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം, സാസൂൺ ആശുപത്രിയിൽ നിലവിൽ കൊവി‍ഡ് ബാധിതരായ അഞ്ച് കുട്ടികളുണ്ടെന്ന് അധികൃതർ പറയുന്നു.

Read Also: കൊറോണ ബാധിതയായി കോമയിലായി; വെന്‍റിലേറ്ററില്‍ വച്ച് ജന്മം നല്‍കിയ കുഞ്ഞിനെ ആദ്യമായി കണ്ട് അമ്മ

ലോക്ക്ഡൌണ്‍: ദില്ലിയില്‍ പൊലീസ് വാനില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി