ദില്ലി: യുഎസ് ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം കമ്മീഷന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യ. ഗുജറാത്തില്‍ മതാടിസ്ഥാനത്തില്‍ കൊവിഡ് വാര്‍ഡുകള്‍ തയ്യാറാക്കിയെന്നത് തെറ്റായ വാര്‍ത്തയാണെന്നും ഇത്തരം ആരോപണങ്ങള്‍ക്ക് കൃത്യമായി അന്വേഷിക്കാതെ മറുപടി പറയരുതെന്നും ഇന്ത്യ അറിയിച്ചു.

ഇന്ത്യയില്‍ മതസ്വാതന്ത്ര്യമില്ലെന്ന രീതിയില്‍ യുഎസ് കമ്മീഷന്റെ പരാമര്‍ശം പ്രതിഷേധാര്‍ഹമാണ്. മെഡിക്കല്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് ഇന്ത്യയിലെ കൊവിഡ് ചികിത്സയെ യുഎസ് സിഐആര്‍എഫ് തെറ്റായി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയുമാണ്.- വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. മതാടിസ്ഥാനത്തില്‍ അല്ല രോഗികളെ തരം തിരിച്ചതെന്ന് ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തെയും ലക്ഷ്യത്തെയും മതാടിസ്ഥാനത്തില്‍ കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ജനങ്ങളെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നവരാണ് രാജ്യത്തിന്റെ ശത്രുവെന്ന് പ്രിയങ്ക ഗാന്ധി

ഗുജറാത്തില്‍ കൊവിഡ് രോഗികളെ മതാടിസ്ഥാനത്തില്‍ വേര്‍തിരിച്ചെന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് യുഎസ് ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം കമ്മീഷന്‍ ആശങ്കയറിയിച്ചിരുന്നു. ഇത്തരം നടപടികള്‍ മുസ്ലീങ്ങളെ ചാപ്പ കുത്താന്‍ മാത്രമേ സഹാക്കൂവെന്നും കമ്മീഷന്‍ ട്വീറ്റ് ചെയ്തിരുന്നു. നേരത്തെ പൗരത്വ നിയമ ഭേദഗതിയെ വിമര്‍ശിച്ചും യുഎസ് കമ്മീഷന്‍ രംഗത്തെത്തിയിരുന്നു.