ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 12,759 ആയെന്ന്  കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡ് ബാധിച്ച് ഇതുവരെ 420 പേരാണ് മരിച്ചത്. 1488 പേർക്ക് അസുഖം ഭേദമായെന്നും മന്ത്രാലയം അറിയിച്ചു. തലസ്ഥാനനഗരമായ ദില്ലിയിൽ 1640 പേരാണ് രോഗികൾ. തമിഴ്നാട്ടിൽ ഇന്നലെ 25 പേര്ക്ക്  കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതര്‍ 1267 ആയി. വില്ലുപുരത്ത് ചികിത്സയിലായിരുന്ന 57 കാരന്‍ മരിച്ചതോടെ മരണം 15 ആയി.

മഹാരാഷ്ട്രയിൽ തുടർച്ചയായി രണ്ടാം ദിവസും പുതിയ കൊവിഡ് കേസുകളിൽ നേരിയ കുറവുണ്ട്. 24 മണിക്കൂറിനിടെ 284 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3202 ആയി. ഏഴ് പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 194 ആയി. 24 മണിക്കൂറിനിടെ 56 ഇടങ്ങളെ മുംബൈയിൽ തീവ്രബാധിതമേഖലകളാക്കി പ്രഖ്യാപിച്ചു. 

മുംബൈയിൽ മാത്രം 438 തീവ്രബാധിതമേഖലകളാണ് ഉള്ളത്. രോഗികളിൽ പ്ലാസ്മാ ചികിത്സ തുടങ്ങാൻ സംസ്ഥാനം കേന്ദ്രത്തോട് അനുമതി തേടി. ഉത്തർപ്രദേശിൽ നിന്ന് ലോക്ക് ഡൗണ്‍ ലംഘിച്ച് മഹാരാഷ്ട്രയിൽ തിരിച്ചെത്തിയ 30 അംഗത്തെ പൊലീസ് പിടികൂടി ക്വാറന്‍റൈന്‍ ചെയ്തു. ഇവർ സാംഗ്ലി സ്വദേശികളാണ്. ബസ് കസ്റ്റഡിയിലെടുത്തു.