ദില്ലി: ദില്ലിയിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശികളായ തൊഴിലാളികൾക്ക് ആശ്വാസം പകർന്ന് നാട്ടിലേക്കുള്ള ബസ് സർവ്വീസ് പുനരാരംഭിച്ചു. നോയിഡയിൽ നിന്ന് ഉത്തർപ്രദേശിലെ പ്രധാന നഗരങ്ങളിലേക്ക് ബസുകൾ ഓടിത്തുടങ്ങി. ഓരോ ദിക്കുകൾ കണക്കാക്കിയാണ് ഈ ബസുകളിൽ തൊഴിലാളികളെ കയറ്റുന്നത്.

കൊവിഡിനെ നേരിടാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും വീട്ടിലിരിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചത്. എന്നാൽ, ദില്ലിയിലുള്ള അസംഖ്യം തൊഴിലാളികൾക്കും വീട് ഫുട്പാത്താണ്. ഇവരുടെ വീട് ഉത്തർപ്രദേശിലും ബിഹാറിലുമൊക്കെയാണ്. ദില്ലിയിൽ ദിവസക്കൂലിക്കാരും റിക്ഷാഡ്രൈവർമാരുമൊക്കെയാണ് ഇവരിൽ ഭൂരിഭാഗവും. ഗതാഗത സൗകര്യമില്ലാത്തതിനാൽ നാട്ടിലേക്ക് നടന്നുപോകേണ്ട ഗതികേടിലായ ഇവരുടെ ദുരിതം ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. 

Read Also: 'കൊവിഡ് അല്ല, പട്ടിണിയാണ് ഭീഷണി'; ദിവസകൂലിക്കാരെ ദുരിതത്തിലാക്കി ലോക്ക് ഡൗൺ...

ഉത്തർപ്രദേശിലേക്ക് പോകുന്ന അതിർത്തികളായ നോയിഡയിലും ഗാസിയാബാദിലുമൊക്കെയായി ഇങ്ങനെ നടന്നുപോകുന്ന തൊഴിലാളി സംഘങ്ങളെ കാണാമായിരുന്നു. ഗതാഗത സൗകര്യം ഇല്ലാത്തതുകൊണ്ട് യു.പിയിലെ ഫിറോസാബാദിലേക്കാണ് ഇവര്‍ നടക്കുന്നത്. ദില്ലിയിൽ നിന്ന് 260 കിലോമീറ്ററുണ്ട് ഫിറോസാബാദിലേക്ക്. കാൻപൂരിലേക്കും ലക്നൗവിലേക്കുമൊക്കെ വരെ നടക്കുന്നവരെ കണ്ടു.

രാജ്യത്താകെ 45 കോടിയിലധികം അസംഘടിത തൊഴിലാളികളുണ്ടെന്നാണ് കണക്ക്. പലരും 150 രൂപവരെ മാത്രം ദിവസക്കൂലിയുള്ളവർ. നിര്‍മ്മാണ തൊഴിലാളികൾ,വീട്ടുജോലിക്കാര്‍, ചെറുകിട രംഗങ്ങളിൽ പണിയെടുക്കുന്നവര്‍. ഒരു ദിവസം പണിയില്ലെങ്കിൽ പട്ടിണി കിടക്കേണ്ടിവരും.