സിപിഎം 'കൈ' കൊടുത്തില്ല, പക്ഷേ നിർണായക തീരുമാനമെടുത്ത് സിപിഐ, സീറ്റും കിട്ടി; തെലങ്കാനയിൽ കോൺഗ്രസിനൊപ്പം
കൊത്തഗുഡം മണ്ഡലത്തിൽ നിന്നാകും സി പി ഐ മത്സരിക്കുക. സിറ്റിംഗ് സീറ്റാണ് സി പി ഐയെ ഒപ്പം നിർത്താനായി കോൺഗ്രസ് വിട്ടുനൽകിയത്

ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസുമായി ചേർന്ന് മത്സരിക്കാൻ തീരുമാനിച്ച് സി പി ഐ. കോൺഗ്രസിനൊപ്പം തെലങ്കാനയിൽ സഖ്യമില്ലെന്ന് സി പി എം വ്യക്തമാക്കിയതിന് പിന്നാലെയാണ് സി പി ഐ നിർണായക തീരുമാനമെടുത്തത്. ഇതിന് പിന്നാലെ കോൺഗ്രസ് സഖ്യത്തിൽ സി പി ഐക്ക് മത്സരിക്കാൻ സീറ്റും ലഭിച്ചു. ഒരു സീറ്റാണ് കോൺഗ്രസ് സഖ്യത്തിൽ സി പി ഐ തെലങ്കാനയിൽ മത്സരിക്കുക.
കൊത്തഗുഡം മണ്ഡലത്തിൽ നിന്നാകും സി പി ഐ മത്സരിക്കുക. സിറ്റിംഗ് സീറ്റാണ് സി പി ഐയെ ഒപ്പം നിർത്താനായി കോൺഗ്രസ് വിട്ടുനൽകിയത്. പോനംനേനി സാംബശിവറാവു ആണ് കോൺഗ്രസ് പിന്തുണയോടെ കൊത്തഗുഡം മണ്ഡലത്തിൽ മത്സരിക്കുക. വൈകിട്ട് കോൺഗ്രസ് നേതാവ് രേവന്ത് റെഡ്ഢിയുമായി സി പി ഐ നേതാക്കൾ നടത്തിയ ചർച്ചക്ക് പിന്നാലെയാണ് സീറ്റ് ധാരണ പ്രഖ്യാപിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം തെലങ്കാന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ പുറത്തുവന്ന മറ്റൊരു വാർത്ത കർണാടകയിൽ നിന്ന് 'ടീം കോൺഗ്രസ്' തെലങ്കാനയിലേക്ക് എത്തുന്നു എന്നതാണ്. ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള കർണാടക ടീമിനെ തെലങ്കാനയിലേക്ക് നിയോഗിച്ചത് ഹൈക്കമാൻഡാണ്. തെലങ്കാനയിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുക ഈ ടീമായിരിക്കുമെന്നാണ് വിവരം. വിപുലമായ തയ്യാറെടുപ്പുകളാണ് തെലങ്കാന തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് ഒരുക്കിയിരിക്കുന്നത്. തെലങ്കാനയെ 10 ക്ലസ്റ്ററുകളായി തിരിച്ചിട്ടുണ്ട്. ഈ ക്ലസ്റ്ററുകളിൽ ടീം കോൺഗ്രസിലെ 10 മന്ത്രിമാർക്കാണ് ചുമതല നൽകിയിരിക്കുന്നത്. ഇവർ ക്ലസ്റ്റർ ഇൻ ചാർജ് ആയിരിക്കും. 48 മണ്ഡല നിരീക്ഷകരിൽ 34 കർണാടക എം എൽ എമാർ, 12 എം എൽ സിമാർ, ഒരു മുൻ എം എൽ സി, വർക്കിങ് പ്രസിഡന്റ് എന്നിവരടങ്ങിയ 'ടീം കോൺഗ്രസ്' ആണ് തെലങ്കാനയിലെ പ്രചരണം നയിക്കാനായി കർണാടകയിൽ നിന്നും എത്തിയിരിക്കുന്നത്.
'ടീം കോൺഗ്രസ്' തെലങ്കാനയിൽ; ഡി കെ നയിക്കും, രാഹുലും പ്രിയങ്കയും എത്തും