ഭാവി നീക്കം ലക്ഷ്യമിട്ട് പ്രതിഷേധങ്ങളെ പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു

ദില്ലി: രാഷ്ട്രപതി സ്ഥാനാർത്ഥി വിഷയത്തിൽ സി പി എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ ചർച്ച. പ്രതിപക്ഷ കക്ഷികൾ ചേർന്ന് ഒരു സംയുക്ത സ്ഥാനാർത്ഥിയെ നിർത്തുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് സി സി യിൽ ഉയർന്നത്. ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുകയാണെന്നും പ്രതിപക്ഷ പാർട്ടികളെല്ലാം കൂടി ചേർന്ന് തീരുമാനമെടുക്കുമെന്നും സി പി എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി വ്യക്തമാക്കി. ഈ മാസം 21 നാകും പ്രതിപക്ഷ പാർട്ടികൾ യോഗം ചേരുക. ഈ യോഗത്തിൽ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും യെച്ചൂരി പ്രതീക്ഷ പങ്കുവച്ചു. അഗ്നിപഥ് പ്രതിഷേധങ്ങൾക്കൊപ്പമാണെന്നും സി പി എം ജനറൽ സെക്രട്ടറി വ്യക്തമാക്കി. ഭാവി നീക്കം ലക്ഷ്യമിട്ട് പ്രതിഷേധങ്ങളെ പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ർ

അഗ്നിപഥ്: 'കോണ്‍ഗ്രസ് പ്രതിഷേധക്കാര്‍ക്കൊപ്പം', സമാധാനപരമായി പ്രതിഷേധം തുടരണമെന്ന് സോണിയ ഗാന്ധി

അതേസമയം നേരത്തെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും അഗ്നിപഥ് പ്രതിഷേധക്കാര്‍ക്കൊപ്പമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. സമാധനാപരമായി പ്രതിഷേധം തുടരണമെന്നും കോൺഗ്രസ് ഒപ്പമുണ്ടെന്നുമായിരുന്നു ആശുപത്രിയിൽ നിന്നുള്ള സോണിയയുടെ പ്രതികരണം. കർഷകരുടെ നിരന്തര പ്രതിഷേധത്തെ തുടർന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കേണ്ടി വന്നത് പോലെ അഗ്നിപഥ് പ്രതിരോധ റിക്രൂട്ട്‌മെന്റ് പദ്ധതിയും പ്രധാനമന്ത്രിക്ക് പിന്‍വലിക്കേണ്ടിവരുമെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. യുവാക്കളുടെ ആവശ്യം കേന്ദ്രത്തിന് അംഗീകരിക്കേണ്ടിവരും, അഗ്നിപഥ് പദ്ധതി പിന്‍വലിക്കേണ്ടിവരുമെന്ന് രാഹുല്‍ പ്രതികരിച്ചു. കഴിഞ്ഞ എട്ട് വർഷമായി ബി ജെ പി സർക്കാർ 'ജയ് ജവാൻ, ജയ് കിസാൻ' മൂല്യങ്ങളെ അപമാനിക്കുകയാണ്. പ്രധാനമന്ത്രിക്ക് ബ്ലാക്ക് ഫാം നിയമങ്ങൾ പിൻവലിക്കേണ്ടിവരുമെന്ന് താന്‍ നേരത്തെ പറഞ്ഞതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തൊഴിൽരഹിതരായ യുവാക്കളുടെ വേദനയും നിരാശയും സർക്കാർ മനസ്സിലാക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ആരോപിച്ചു. യുവാക്കളെ സഹായിക്കുന്നതിനുപകരം നിയമനം, റാങ്ക് എന്നിവയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ സര്‍ക്കാര്‍ ഇല്ലാതാക്കുകയാണെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

അഗ്നിപഥ് പദ്ധതി കര്‍ഷകനിയമം പോലെ ഉപേക്ഷിക്കേണ്ടി വരും; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി