Asianet News MalayalamAsianet News Malayalam

മഹാരാഷ്ട്രയിലെ ത്രികക്ഷി സഖ്യത്തിന് പിന്തുണയില്ലെന്ന് സിപിഎം, പക്ഷേ എതിർക്കില്ല

മഹാരാഷ്ട്രയിൽ അധികാരത്തിൽ നിന്ന് ബിജെപിയെ മാറ്റി നിർത്താൻ കഴിയുമെങ്കിൽ ശിവസേന - എൻസിപി - കോൺഗ്രസ് സഖ്യത്തെ എതിർക്കില്ലെന്ന് സിപിഎം വാർത്താക്കുറിപ്പിറക്കി. 

cpm have not declared support to maharashtra vikas aghadi clarifies party
Author
Mumbai, First Published Nov 27, 2019, 10:56 PM IST

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിക്കെതിരെ അധികാരത്തിലെത്തിയ ശിവസേന - എൻസിപി - കോൺഗ്രസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതായി ഗവർണറുടേതായി പുറത്തുവന്ന കത്ത് തെറ്റെന്ന് വിശദീകരിച്ച് സിപിഎം. ത്രികക്ഷി സഖ്യമായ മഹാരാഷ്ട്ര വികാസ് അഘാഡിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായി പുറത്തുവന്ന കത്ത് തെറ്റാണ്. 

എന്നാൽ അധികാരത്തിൽ നിന്ന് ബിജെപിയെ മാറ്റി നിർത്താൻ കഴിയുമെങ്കിൽ ശിവസേന - എൻസിപി - കോൺഗ്രസ് സഖ്യത്തെ എതിർക്കില്ലെന്നും സിപിഎം വാർത്താക്കുറിപ്പിൽ പറയുന്നു. സഖ്യത്തെ എതിർത്ത് നിയമസഭയിൽ വോട്ട് ചെയ്യില്ലെന്നും സിപിഎം വ്യക്തമാക്കി.

ഒപ്പം, ത്രികക്ഷി സഖ്യത്തോടൊപ്പം ഒരു യോഗത്തിലും പങ്കെടുത്തിട്ടില്ലെന്ന് സിപിഎം എംഎൽഎ വിനോദ് നിക്കോളെ വ്യക്തമാക്കി. സഖ്യത്തോടുള്ള നിലപാട് വിഷയാധിഷ്ഠിതമായിരിക്കുമെന്നും വിനോദ് നിക്കോളെ അറിയിച്ചു. 

മഹാരാഷ്ട്രയിൽ അർധരാത്രി സർക്കാർ രൂപീകരണവും പഞ്ചനക്ഷത്രഹോട്ടൽ നാടകവും അരങ്ങേറുമ്പോൾ സ്വന്തം മണ്ഡലമായ ദഹാനുവിൽ കർഷകരുടെ മാർച്ച് അഭിസംബോധന ചെയ്യുന്ന വിനോദ് നിക്കോളെയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ''ഇതാ ഒരു എംഎൽഎ, കയ്യിൽ നോട്ടുകെട്ടുകളില്ല, താമസം റിസോർട്ടിലല്ല, പാർട്ടി മാറുമെന്ന് പേടിയുമില്ല. ഇവിടെ ഈ ഒരേയൊരു എംഎൽഎ മാത്രം വിൽപനയ്ക്കില്ല'', എന്ന തരത്തിലുള്ള കമന്‍റുകളും താഴെ നിരന്നു.

ഒരു തുള്ളി പോലും മഴ കിട്ടാതെ മഹാരാഷ്ട്രയിലെ കർഷകർ ഇതുവരെയില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കടുത്ത കർഷകദുരിതമാണ് മഹാരാഷ്ട്രയിലെ ഗ്രാമീണ മേഖലകളുടെ നേർക്കാഴ്ച. കഴിഞ്ഞ മൂന്ന് വർഷം മാത്രം, മഹാരാഷ്ട്രയിൽ കടക്കെണി മൂലം ആത്മഹത്യ ചെയ്തത് 12,000 കർഷകരാണെന്ന കണക്ക് സർക്കാർ തന്നെയാണ് നിയമസഭയിൽ വച്ചത്. കടം എഴുതിത്തള്ളണമെന്നും, കർഷകസഹായ പദ്ധതികൾ പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ നടന്ന, ചരിത്രമായ കിസാൻ മാർച്ച് സംഘടിപ്പിച്ചത് സിപിഎമ്മിന്‍റെ ഓൾ ഇന്ത്യാ കിസാൻ സഭ അടക്കമുള്ള കർഷക സംഘടനകളാണ്.

ദഹാനുവിൽ വടാപാവ് വിറ്റുകൊണ്ടിരുന്ന വിനോദ് നിക്കോളെ 2015-ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുന്നത്. ഇന്ന് മുഴുവൻ സമയപാർട്ടി പ്രവർത്തകനാണ്. ഫൈവ് സ്റ്റാർ ഹോട്ടലുകളിലേക്ക്, സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തണമെന്ന് മഹാരാഷ്ട്ര വികാസ് അഖാഡി ഇദ്ദേഹത്തെ ക്ഷണിച്ചിരുന്നതാണ്. എന്നാൽ ക്ഷണം നിരസിച്ച് കിസാൻ സഭ, കർഷകപ്രതിസന്ധി രൂക്ഷമായ പാൽഘർ, താനെ ജില്ലകളിൽ നടത്തുന്ന റാലിയിൽ പങ്കെടുക്കാനാണ് വിനോദ് നിക്കോളെ തീരുമാനിച്ചത്. 

Follow Us:
Download App:
  • android
  • ios