പ്രത്യുദ് ദേബ് ബർമെന്‍റെ തിപ്ര മോതയുമായി സിപിഎം ചർച്ച തുടങ്ങിയിട്ടുണ്ട്. ബിജെപിയും ഹിമന്ത ബിശ്വ ശർമ്മയും തിപ്ര മോതയുടെ പിന്തുണ തേടിയിട്ടുണ്ടെന്നാണ് വിവരം
ദില്ലി : ത്രിപുര ഇത്തവണ ആര് ഭരിക്കുമെന്നറിയാൻ രണ്ട് ദിവസം കൂടി കാത്തിരിക്കണം. അതിന് മുന്നോടിയായി എക്സിറ്റ് പോൾ പ്രവചനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ത്രിപുരയിൽ സിപിഎമ്മിന് നല്ല സൂചനയല്ല എക്സിറ്റ് പോളുകൾ നൽകുന്നത്. പക്ഷേ ബിജെപിക്ക് വന്‍ വിജയമുണ്ടാകുമെന്ന പ്രവചനങ്ങളെ തള്ളുകയാണ് സിപിഎം. ചില എക്സിറ്റ് പോളുകൾ ബിജെപിയെ സഹായിക്കാനാണെന്നാണ് സിപിഎം ആരോപണം. സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ നിന്ന് മാറേണ്ടി വരുമെന്നും സിപിഎം കേന്ദ്രങ്ങൾ പ്രതികരിക്കുന്നു. അതിനിടെ പ്രത്യുദ് ദേബ് ബർമെന്‍റെ തിപ്ര മോതയുമായി സിപിഎം ചർച്ച തുടങ്ങിയിട്ടുണ്ട്. ബിജെപിയും ഹിമന്ത ബിശ്വ ശർമ്മയും തിപ്ര മോതയുടെ പിന്തുണ തേടിയിട്ടുണ്ട്.
ത്രിപുരയിൽ ബിജെപി സഖ്യത്തിന് വന്‍ വിജയമാണ് എക്സിറ്റ് പോൾ പ്രവചനം. മുന്‍കാലങ്ങളില്‍ എക്സിറ്റ് പോള്‍ ഏറ്റവും കൂടുതല്‍ വിജയകരമായി പ്രവചിച്ചിട്ടുള്ള ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ ത്രിപുരയില്‍ എൻഡിഎക്ക് 36 മുതല്‍ 45 സീറ്റാണ് പ്രവചിക്കുന്നത്. സിപിഎം കോണ്‍ഗ്രസ് സഖ്യത്തിന് 6 മുതല്‍ 11 സീറ്റ് വരെ ലഭിക്കുകയുള്ളുവെന്നും ഇന്ത്യ ടുഡേ പറയുന്നു. സീ ന്യൂസ് മെട്രിസ് ബിജെപിക്ക് 36 സീറ്റ് വരെയും സിപിഎം 21 സീറ്റ് വരെയും നേടുമെന്നും പ്രവചിക്കുന്നുണ്ട്. എന്നാല്‍ ആർക്കും ഭൂരിപക്ഷമുണ്ടാകില്ലെന്നാണ് ടൈംസ് നൗ - ഇറ്റിജി പുറത്ത് വിട്ട എക്സി്റ്റ് പോള്‍ വ്യക്തമാക്കുന്നത്. 27 സീറ്റ് വരെ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. സിപിഎം സഖ്യത്തിന് 18 മുതല്‍ 24 സീറ്റ് വരെ ലഭിക്കുമെന്നാണ് ടൈംസ് നൗ പറയുന്നത്. അതേസമയം മൂന്ന് പ്രവചനങ്ങളിലും പതിനാറ് സീറ്റ് വരെ പ്രത്യുദ് ദേബ് ബർമെന്‍റെ തിപ്ര മോത നേടുമെന്നാണ് പ്രവചനം.
നാഗാലാന്‍റിലും ബിജെപി എൻഡിപിപി തരംഗമാണ് എക്സിറ്റ് പോളുകളുടെ കണക്കുകൂട്ടല്‍. സഖ്യം 35 മുകളില്‍ സീറ്റ് നേടുമെന്ന പറയുന്ന എക്സിറ്റ് പോള്‍ പരമാവധി 49 സീറ്റ് വരെ ലഭിക്കുമെന്നും പ്രവചിക്കുന്നു. കോണ്‍ഗ്രസിന് മൂന്ന് സീറ്റില്‍ കൂടുതല്‍ ആരും പ്രവചിക്കുന്നില്ല. എൻപിഎഫിന് എട്ട് സീറ്റ് വരെയാണ് പരാമാവധി നേട്ടമായി കണക്ക് കൂട്ടുന്നത്.
മേഘാലയില്‍ എൻപിപിക്ക് മൈൽക്കൈ പ്രവചിക്കുകയാണ് എക്സിറ്റ് പോളുകൾ. പതിവ് പോലെ സർക്കാർ രൂപീകരണത്തിന് വേണ്ട ഭൂരിപക്ഷം ഉറപ്പാക്കാൻ ഒരു പാർട്ടിക്കും സാധിക്കില്ലെന്നാണ് എക്സിറ്റ് പോളുകൾ നൽകുന്ന സൂചന. എൻപിപി 18 ന് മുകളിൽ സീറ്റ് നേടുമെന്ന് എല്ലാ എക്സിറ്റ് പോളുകളും വ്യക്തമാക്കുന്നു. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റകക്ഷിയായ സംസ്ഥാനത്ത് കോൺഗ്രസ് തകർന്നടിയുന്ന സൂചനയാണ് എക്സിറ്റ് പോളുകൾ നൽകുന്നത്. ആക്സിസ് മൈ ഇന്ത്യ 12 സീറ്റ് വരെയാണ് കോൺഗ്രസ് നേടുമെന്ന് പറയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുപ്പത് ശതമാനം വോട്ട് നേടിയ കോൺഗ്രസ് 21 സീറ്റ് നേടിയിരുന്നു. ടിഎംസി 9 സീറ്റ് വരെ നേടുമെന്ന് ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവ്വേ പറയുന്നു. എക്സിറ്റ്പോളുകള്‍ വന്ന സാഹചര്യത്തില്‍ സംഘർഷം കണക്കിലെടുത്ത് ത്രിപുരയില്‍ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

